 
കൊല്ലം: വിരലിലെണ്ണാവുന്ന ബൂത്തുകളിൽ പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റവും തർക്കങ്ങളുമൊഴിച്ചാൽ സംഘർഷമോ പൊലീസ് നടപടികളോ ഇല്ലാതെ സമാധാനപരമായിരുന്നു ജില്ലയിലെ വോട്ടെടുപ്പ്. തിരഞ്ഞെടുപ്പിന് തലേന്ന് പാർട്ടി പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ പഴുതടച്ച സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. റൂറൽ എസ്.പി ഇളങ്കോയുടെയും സിറ്റി പൊലീസ് കമ്മിഷണർ നാരായണന്റെയും നേതൃത്വത്തിൽ സുശക്തമായ പൊലീസ് ബന്തവസായിരുന്നു ജില്ലയിലുടനീളം.
ഓരോ പൊലീസ് സബ് ഡിവിഷനുകളെയും ചെറിയ സബ് ഡിവിഷനുകളാക്കി തിരിച്ച് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ സുശക്തമായ പൊലീസ് സന്നാഹം ക്രമീകരിച്ചിരുന്നു. ബൂത്തുകളിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ എസ്.ഐമാരുടെ നേതൃത്വത്തിലുള്ള പട്രോളിംഗ് യൂണിറ്റുകളും പത്ത് ബൂത്തുകൾക്ക് ഒരു പട്രോളിംഗ് വാഹനമെന്ന രീതിയിലുള്ള പൊലീസ് റോന്തുചുറ്റലും സി.ഐമാരുടെ നേതൃത്വത്തിലുള്ള പട്രോളിംഗ് സംഘങ്ങളും ക്രമസമാധാന പാലനത്തിൽ പ്രധാന പങ്കുവഹിച്ചു.
രഹസ്യാന്വേഷണ വിഭാഗം ജില്ലയിലുടനീളം നിരീക്ഷണം നടത്തി മുന്നറിയിപ്പുകൾ അപ്പപ്പോൾ മേലുദ്യോഗസ്ഥർക്ക് കൈമാറിയത് ക്രമസമാധാന പാലനം കുറ്റമറ്റതാക്കാൻ സഹായകമായി.
 മൺറോത്തുരുത്തിൽ ശക്തമായ കാവൽ
കഴിഞ്ഞ ദിവസം സി.പി.എം പ്രവർത്തകൻ കുത്തേറ്റ് മരിച്ച മൺറോത്തുരുത്തിലും പരിസരപ്രദേശങ്ങളിലും ശക്തമായ പൊലീസ് കാവലിലാണ് തിരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പിന് ശേഷവും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ഇവിടെ പൊലീസ് പിക്കറ്റും പട്രോളിംഗും തുടരുകയാണ്.
 ഇടപെടലുമായി സ്ട്രൈക്കിംഗ് ഫോഴ്സ്
തർക്കങ്ങളും വഴക്കുകളും ഉണ്ടായ സ്ഥലങ്ങളിലെല്ലാം പൊലീസിന്റെ സ്ട്രൈക്കിംഗ് ഫോഴ്സ് പാഞ്ഞെത്തി പ്രവർത്തകരെ പിരിച്ചുവിട്ടു. ഓരോ പത്ത് ബൂത്തിനും ഒരു സ്ട്രൈക്കർ യൂണിറ്റെന്ന ക്രമത്തിലായിരുന്നു വിന്യാസം. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സ്ട്രൈക്കർ വിഭാഗങ്ങളും താലൂക്ക് കേന്ദ്രങ്ങളിൽ സജ്ജമായിരുന്നു. ഇതിനുപുറമേ എസ്.പി, ഡി.ജി.പി സ്ട്രൈക്കിംഗ് യൂണിറ്റുകളും ഏതുസാഹചര്യവും നേരിടാൻ ജില്ലകളിൽ സജ്ജരായിരുന്നു.