 
കൊല്ലം: എത്ര ചോരതിളച്ച രാഷ്ട്രീയക്കാരാണെങ്കിലും പ്രായമേറുമ്പോൾ മുദ്രാവാക്യം വിളിയും വോട്ട് പിടിത്തവുമെല്ലാം മാറ്റിവച്ച് വീട്ടിലൊതുങ്ങും. എന്നാൽ പോളിംഗ് ദിനത്തിൽ ആവേശത്തോടെ ബൂത്തിലെത്തും. വിപ്ലവ നാടായ ശൂരനാട് തെക്ക് പഞ്ചായത്തിൽ ഇന്നലെ അത്തരമൊരു കാഴ്ച കണ്ടു.
അയൽക്കാരായ മൂന്ന് അമ്മൂമ്മമാർ ഓട്ടോപിടിച്ച് ഒരുമിച്ച് വോട്ട് ചെയ്യാനെത്തി. 87വയസ് വീതമുള്ള കാവുള്ള തെക്കതിൽ വീട്ടിൽ ഭാരതിഅമ്മയും പെരുമ്പിലഴികത്ത് വീട്ടിൽ ദേവകിഅമ്മയും 77 കാരിയായ ചരുവിൽ വീട്ടിൽ രാജമ്മയുമാണ് യുവ വോട്ടർമാരേക്കാൾ ആവേശത്തോടെ വോട്ട് ചെയ്യാനെത്തിയത്.
ആയിക്കുന്നം എസ്.പി.എം യു.പി സ്കൂളിലെ ഒന്നാം നമ്പർ ബൂത്തിലായിരുന്നു മൂവർക്കും വോട്ട്.
ഇത് എത്രാമത്തെ തവണയാണ് വോട്ട് ചെയ്യുന്നതെന്ന് മൂവർക്കും ഓർമ്മയിൽ നിന്ന് ചികഞ്ഞെടുക്കാനാകുന്നില്ല. എങ്കിലും തിളയ്ക്കുന്ന ചില തിരഞ്ഞെടുപ്പ് ഓർമ്മകൾ മൂവരുടെയും മനസിലുണ്ട്. മൂന്ന് വോട്ടിംഗ് യന്ത്രങ്ങൾ മുന്നിൽ കണ്ടപ്പോൾ ചെറിയ അങ്കലാപ്പ് തോന്നി. സഹായികളായി ഒപ്പമുണ്ടായിരുന്നവരോട് കാര്യങ്ങൾ തിരക്കി മനസിലാക്കിയ ശേഷമാണ് ഇവർ വോട്ട് ചെയ്തത്. അയൽക്കാരാണെങ്കിലും കൊവിഡായതിനാൽ കുറെ കാലമായി നേരിൽ കണ്ടിട്ട്. അതിനാൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ മൂവരും സ്കൂൾ വരാന്തയിലെ ബഞ്ചിലിരുന്ന് നാട്ടുകാര്യങ്ങൾ പങ്കുവച്ചു. പിന്നീട് ഓട്ടോറിക്ഷയിൽ തന്നെ മൂവരും ഒരുമിച്ച് വീടുകളിലേയ്ക്ക് മടങ്ങി.