 
പുനലൂർ: നഗരസഭയിൽ കനത്ത പോളിംഗ് നടക്കുന്നതിനിടെ ബൂത്തിൽ കയറി വോട്ടു പിടിച്ചതിനെ ചൊല്ലി ഇടത്, വലത് മുന്നണി പ്രവർത്തകർ തമ്മിൽ വാക്കേറ്റം ഉണ്ടായി.സംഭവം അറിഞ്ഞെത്തിയ പൊലീസ് പ്രവർത്തകരെ വിരട്ടി ഓടിച്ചു. ഇന്നലെ ഉച്ചക്ക് 1.30യോടെ നഗരസഭയിലെ ഹൈസ്കൂൾ വാർഡിലെ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലായിരുന്നു സംഭവം. പോളിംഗ് ബൂത്തിൽ ക്യൂവിൽ നിന്ന വോട്ടർമാരോടാണ് പ്രവർത്തകർ വോട്ട് അഭ്യർത്ഥിച്ചത്. ഇത് കണ്ട എതിർ കക്ഷികളിലെ പ്രവർത്തകർ ചോദ്യം ചെയ്തു. ഇതിനെ തുടർന്ന് രണ്ട് വിഭാഗം പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഒച്ചപ്പാടും ഉണ്ടായി. സംഭവം കണ്ട ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ സ്റ്റേഷനിൽ വിവരം അറിയിച്ചു. പുനലൂർ ഡിവൈ.എസ്.പി അനിൽദാസിന്റെ നേതൃത്വത്തിൽ 25 ഓളം പൊലീസുകാർ സംഭവ സ്ഥലത്തെത്തി രണ്ട് മുന്നണികളുടെയും പ്രവർത്തകരെ വിരട്ടി ഓടിക്കുകയായിരുന്നു.