c

കൊല്ലം: സമാധാനപരമായി വോട്ടെടുപ്പ് നടന്നുകൊണ്ടിരുന്ന ശൂരനാട് ഗവ.എച്ച്.എസ്.എസിന് മുന്നിൽ പാർട്ടി പ്രവർത്തകർ തമ്മിൽ ചെറിയൊരു കശപിശ. സമയം ഉച്ചയ്ക്ക് 12 മണി. വാക്കുതർക്കം പെട്ടെന്ന് മൂർച്ഛിച്ചു. ബൂത്തിന് മുന്നിൽ നിന്ന് സ്ഥാനാർത്ഥികൾ വോട്ട് പിടിച്ചതാണ് തർക്കത്തിന്റെ പ്രധാന കാരണം. ദൂരെ മാറിനിന്ന പാർട്ടി പ്രവർത്തകർ ഓടിയെത്തി സംഘം ചേർന്നതോടെ തർക്കം കൊഴുത്തു. കണ്ടുനിന്ന പൊലീസുകാർ സംഗതി വശക്കേടാകുമെന്ന് തോന്നിയതോടെ ജീപ്പിൽ നിന്ന് ചാടിയിറങ്ങി തലങ്ങും വിലങ്ങും ലാത്തി വീശി. പൊലീസിന്റെ വരവ് കണ്ടപ്പോഴേ തർക്കത്തിന് തിരി കൊളുത്തിയവർ ഒാടിമാറി. അടികൊണ്ടതോ ബഹളം കണ്ട് സംഭവം എന്താണെന്നറിയാൻ അടുത്തുകൂടിയ വോട്ടർമാർക്കും. പലരും വോട്ട് ചെയ്യാൻ വരുന്ന വഴിയായിരുന്നു. ലാത്തി കൊണ്ടുള്ള ചൂടൻ അടി കിട്ടിയതോടെ അവർ ജീവനും കൊണ്ട് പാഞ്ഞു. പൊലീസ് പിൻവാങ്ങിയതോടെ രാഷ്ട്രീയക്കാർ വട്ടംകൂടി വീണ്ടും തർക്കം തുടങ്ങി. ബൂത്തിന് മുന്നിൽ നിന്ന് വോട്ട് ചോദിച്ചതിനെ ചൊല്ലിയുള്ള തർക്കമൊക്കെ അവർ മറന്നു. പൊലീസിന്റെ ലാത്തിത്താർജായി പ്രശ്നം. സംഭവമറിഞ്ഞ് ഡെപ്യൂട്ടി കളക്ടറും തഹസിൽദാരുമൊക്കെ സ്ഥലത്തെത്തി. പുറത്തെ അടിയും വഴക്കുമൊന്നും പോളിംഗിനെ ബാധിച്ചില്ല എന്നതാണ് ആശ്വാസം.