
 ജില്ലയിൽ പോളിംഗ് സമാധാനപരം
കൊല്ലം: കൊവിഡ് ആശങ്കകൾ അസ്ഥാനത്താക്കി ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടിംഗ് നടന്നു. സമാധാനപരമായി നടന്ന വോട്ടിംഗിൽ 64 ശതമാനം ഗ്രാമ പഞ്ചായത്തുകളിലും ഉച്ചയ്ക്ക് മുൻപ് 50 ശതമാനം വോട്ട് രേഖപ്പെടുത്തി. കൊവിഡ് രോഗികൾക്ക് വൈകുന്നേരം വോട്ടിംഗ് സമയം അനുവദിച്ചത് കൂടി കരുതിയിട്ടാകാം, രാവിലെ 6.30 മുതൽ ജനങ്ങൾ ബൂത്തുകളിലേക്ക് എത്തിത്തുടങ്ങിയിരുന്നു.
ജില്ലയുടെ തെക്ക്, വടക്ക് മേഖലകളിൽ രാവിലെ തന്നെ 50 ശതമാനം പേരും വോട്ട് ചെയ്ത് മടങ്ങിയെങ്കിലും മിക്കയിടങ്ങളിലും വലിയ തരത്തിലുള്ള തിരക്ക് അനുഭവപ്പെട്ടില്ല. ചിലയിടങ്ങളിൽ മാത്രമാണ് ഒരു മണിക്കൂറോളം ക്യൂ നീണ്ടത്. കിഴക്കൻ മേഖലയിൽ പോളിംഗ് ദിനത്തിലും കടുത്ത വാശിയും ആവേശവും പ്രകടമായിരുന്നു. പോളിംഗ് സ്റ്റേഷനുകളോട് ചേർന്നുള്ള മുന്നണികളുടെ ബൂത്ത് ഓഫീസുകളിൽ വോട്ടർ പട്ടിക തലങ്ങും വിലങ്ങും പരിശോധിക്കുന്ന തിരക്കിലായിരുന്നു പ്രവർത്തകർ. വോട്ടിംഗിന്റെ അവസാന നിമിഷം വരെയും ആവേശമൊട്ടും ചോരാതെ സ്ഥാനാർത്ഥികളും സ്ഥലത്തുണ്ടായിരുന്നു.
 രാവിലെ 10.45
ശാസ്താംകോട്ട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഒന്നാം നമ്പർ ബൂത്തിൽ വോട്ടിംഗിനെത്തിയവരുടെ ചെറിയ ക്യൂ. രണ്ടാം ബൂത്തിൽ ഈ സമയം 23.68% വോട്ട് രേഖപ്പെടുത്തി.
 രാവിലെ 11
ശൂരനാട് തെക്ക് ഇഞ്ചക്കാട് ഗവ. യു.പി.എസിൽ 232 പേർ വോട്ട് ചെയ്തുകഴിഞ്ഞിരുന്നു. ഇവിടുത്തെ മറ്റൊരു ബൂത്തിൽ ക്യൂവില്ലെങ്കിലും 42 ശതമാനം പോളിംഗ് നടന്നിരുന്നു.
 രാവിലെ 11.40: പൊലീസ് ബന്തവസോടെ പോരുവഴി
പ്രശ്നസാദ്ധ്യത പരിഗണിച്ച് പോരുവഴി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പോളിംഗ് കേന്ദ്രത്തിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. സർക്കാർ വാഹനങ്ങളെയും വോട്ടർമാരെയും മാത്രമാണ് കടത്തിവിടുന്നത്. ചെറിയ തിരക്ക് മാത്രമേ ഉണ്ടായിരുന്നുവെങ്കിലും 47.1% വോട്ടുകൾ രേഖപ്പെടുത്തി കഴിഞ്ഞിരുന്നു.
 ഉച്ചയ്ക്ക് 12.45: ആരുമില്ലാതെ ബൂത്തുകൾ
കുന്നത്തൂർ കരിമ്പിൻ പുഴ ഗവ.എൽ.പി.എസിന്റെ തെക്കേ ബൂത്ത്. ബൂത്തിന് പുറത്ത് കുന്നത്തൂർ എം.എൽ.എ കോവൂർ കുഞ്ഞുമോനും ഇടത് മുന്നണിയുടെ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി പി.കെ. ഗോപനുമുണ്ട്. പക്ഷേ ബൂത്തിൽ വോട്ടു ചെയ്യാൻ ആരുമുണ്ടായിരുന്നില്ല. 56% പോളിംഗ് നടന്നിരുന്നു.
 1
കൊട്ടാരക്കര കോട്ടാത്തല ഗവ. ജി.എൽ.യു.പി എസിൽ 60 ശതമാനം പോളിംഗ് കഴിഞ്ഞു. അപ്പോഴും നല്ല തിരക്കുമുണ്ട്. പ്രശ്‌നസാദ്ധ്യത കണക്കിലെടുത്ത് പൊലീസ് പട തന്നെ സ്ഥലത്തുണ്ടായിരുന്നു.
 1.40
വിളക്കുടി പഞ്ചായത്തിലെ ഡി.ബി യു.പി.എസ്. ബൂത്ത് ഒന്നിൽ പത്തോളം പേർ ക്യൂവിൽ. ഉച്ചയോടെയാണ് അല്പം തിരക്കൊഴിഞ്ഞത്. 58 ശതമാനം പോളിംഗ് ഈ സമയം നടന്നിരുന്നു.
 1.45
വിളക്കുടി ഗവ.എൽ.പി.എസ്. ബൂത്ത് ഒന്നിൽ 60.39 ശതമാനം പോളിംഗ് നടന്നു. ബൂത്തിൽ ആരും ക്യൂവിലില്ല.
 2
പുനലൂർ നഗരസഭയിലെ 15-ാം വാർഡായ കലയനാട് ചൈത്യ നഴ്‌സറി ആൻഡ് പ്രൈമറി സ്‌കൂളിൽ 717 പേർ വോട്ട് ചെയ്തുപോയിരുന്നു. 55.28 ശതമാനം പോളിംഗ്. സ്ത്രീ വോട്ടർമാരുടെ വലിയ ക്യൂ അപ്പോഴുമുണ്ടായിരുന്നു.
 2.50
അഞ്ചൽ പഞ്ചായത്തിലെ ഗവ. ഓൾഡ് എൽ.പി.എസ് ബൂത്ത്. ഉച്ചയ്ക്ക് ശൂന്യമായ ബൂത്തുകളിലേക്ക് വീണ്ടും വോട്ടർമാർ എത്തിത്തുടങ്ങി. 62.41 ശതമാനം പോളിംഗ്.
 3.30
ഇളമാട് ഗവ. യു.പി.എസ്. വെയിൽ താഴ്ന്നുതുടങ്ങിയപ്പോൾ വീണ്ടും വോട്ടർമാർ എത്തുകയാണ്. കാര്യമായ ക്യൂവില്ല. 62.41% പോളിംഗ്
 4.30
കൊറ്റങ്കര പഞ്ചായത്തിലെ കണ്ണനല്ലൂർ എം.ജി.യു.പി.എസ്. ബൂത്തുകൾക്ക് മുന്നിൽ ഒന്നോ രണ്ടോ പേർ മാത്രം. രാവിലെ പത്തുവരെ വൻ തിരക്കായിരുന്നു. 70.69% പോളിംഗ് പൂർത്തിയായി.
 ജില്ലയിലെ ആകെ പോളിംഗ്: 73.44 %
 പുരുഷന്മാർ: 73.12%
 സ്ത്രീകൾ: 73.71%
 ട്രാൻസ്ജെൻഡേഴ്സ്: 15.79%