
 തിരുമുല്ലവാരത്ത് പ്രവർത്തകരെ പൊലീസ് വിരട്ടി ഓടിച്ചു
 തട്ടാമല, പത്തനാപുരം, പരവൂർ, അഞ്ചാലുംമൂട് മേഖലകളിലും തർക്കം
കൊല്ലം: നഗരത്തിൽ തിരുമുല്ലവാരത്ത് തർക്കത്തിലേർപ്പെട്ട ഇടത്, ബി.ജെ.പി പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പൊലീസ് ഇടപെടൽ. സംഘർഷം ഒഴിവാക്കാൻ പ്രവർത്തകരെ പൊലീസ് വിരട്ടി ഓടിച്ചു. തിരുമുല്ലവാരം എസ്.എൻ.ഡി.പി ഹാളിലെ ബൂത്തിന് മുന്നിലും ദേവസ്വം എൽ.പി.എസിലെ ബൂത്തിന് മുന്നിലും സംഘടിച്ച ഇടതുമുന്നണി, ബി.ജെ.പി പ്രവർത്തകരെയാണ് പൊലീസ് വിരട്ടി ഓടിച്ചത്.
ബൂത്തിന് മുന്നിൽ വോട്ട് അഭ്യർത്ഥിക്കുന്നതും വോട്ടർമാരെ ബൂത്തിലേക്ക് വാഹനങ്ങളിൽ കൊണ്ടുവരുന്നതും സംബന്ധിച്ചുള്ള തർക്കമാണ് പൊലീസ് നടപടിയിൽ കലാശിച്ചത്. വോട്ടെടുപ്പ് അവസാനിക്കും വരെ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്താണ് വോട്ടിംഗ് പൂർത്തിയാക്കിയത്. സംഘർഷസാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് പട്രോളിംഗും ശക്തമാക്കി.
പത്തനാപുരം മൗണ്ട് തബൂർ സ്കൂളിൽ രാവിലെ ഇടത് - വലത് മുന്നണികളുടെ പ്രവർത്തകർ തമ്മിൽ വാക്കുതർക്കമുണ്ടായെങ്കിലും തക്കസമയത്ത് പൊലീസ് ഇടപെട്ടതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. പരവൂർ നഗരസഭയിലെ കല്ലുംകുന്ന് വാർഡിൽ കോൺഗ്രസ് - സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായ തർക്കവും പൊലീസ് ഇടപെടലോടെ പരിഹരിച്ചു. ഇവിടങ്ങളിൽ രണ്ടിടത്തും ശക്തമായ പൊലീസ് വിന്യാസമുണ്ടായത് പിന്നീട് പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായകമായി.
അഞ്ചാലുംമൂട് പ്രദേശത്തെ ചില ബൂത്തുകളിൽ പ്രായമായവരും രോഗികളുമായ വോട്ടർമാർക്കൊപ്പം സഹായികളെത്തിയത് ബൂത്തിലെ പോളിംഗ് ഏജന്റുമാർ തമ്മിൽ തർക്കത്തിനും പ്രശ്നങ്ങൾക്കും കാരണമായി. പൊലീസും പ്രിസൈഡിംഗ് ഓഫീസറും ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.