 
വോട്ടിംഗ് സമാധാനപരം, അനിഷ്ട സംഭവങ്ങളില്ല
കരുനാഗപ്പള്ളി: നഗരസഭയിലെ 35 ഡിവിഷനുകളിലേക്ക് ഇന്നലെ നടന്ന വോട്ടെടുപ്പിൽ 79.63 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പൂർണമായും സമാധാനപരമായാണ് വോട്ടിംഗ് നടന്നത്. അനിഷ്ട സംഭവങ്ങൾ റിപ്പോട്ട് ചെയ്തില്ല. ആലുംകടവ് രണ്ടാം നമ്പർ ബൂത്തിലെ വോട്ടിംഗ് യന്ത്രം തകരാറിലായതോടെ ഒരു മണിക്കൂർ പോളിംഗ് നിറുത്തി വെക്കേണ്ടിവന്നു. രാവിലെ 7.10 നാണ് യന്ത്രം പണിമുടക്കിയത്. ഇന്നലെ പുലർച്ചെ 5.30ന് ബൂത്ത് ഏജന്റുമാർ പോളിംഗ് സ്റ്റേഷനിലെത്തി വോട്ടിംഗ് യന്ത്രം പരിശോധിച്ചു. കൃത്യം 7 മണിക്കുതന്നെ വോട്ടിംഗ് ആരംഭിച്ചു. വോട്ടിംഗ് ആരംഭിക്കുന്നതിന് മുൻപുതന്നെ ബൂത്തുകളുടെ മുന്നിൽ വോട്ടർമാരുടെ നീണ്ട ക്യൂ ദൃശ്യമായിരുന്നു. പോളിംഗ് സ്റ്റേഷന് അകത്തും പുറത്തും ജനങ്ങൾ കൃത്യമായ സാമൂഹ്യ അകലം പാലിച്ചിരുന്നു. എ.സി.പി ഗോപകുമാർ, സർക്കിൾ ഇൻസ്പെക്ടർ മഞ്ജുലാൽ എന്നിവരുടെ നേതൃത്വത്തിൽ പഴുതടച്ചുള്ള പൊലീസ് ക്രമീകരങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.
സ്ത്രീകളുടെ നീണ്ടനിര
രാവിലെ മുതൽ സ്ത്രീകളുടെ നീണ്ടനിരയാണ് ബൂത്തുകളിൽ അനുഭവപ്പെട്ടത്. തീരദേശ ഡിവിഷനുകളിലായിരുന്നു വോട്ടർമാർ കൂട്ടത്തോടെയെത്തിയത്. വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കുന്നതിൽ പാർട്ടി പ്രവർത്തകർ സജീവമായി രംഗത്തുണ്ടായിരുന്നു. രോഗികൾ, പ്രായം ചെന്നവർ തുടങ്ങിയവരെ വാഹനങ്ങളിലാണ് പോളിംഗ് സ്റ്റേഷനുകളിൽ എത്തിച്ചത്.
കൊവിഡ് രോഗികളുടെ വോട്ട്
വൈകിട്ട് 5 മുതൽ 6 വരെയാണ് കൊവിഡ് രോഗികൾക്ക് വോട്ട് രേഖപ്പെടുത്താനായി സമയം നിശ്ചയിച്ചിരുന്നത്. ഇതിന് മുമ്പായി മറ്റുള്ള വോട്ടർമാർ വോട്ട് ചെയ്തു പുറത്ത് പോയി. കൊവിഡ് രോഗികൾ പി.പി.ഇ കിറ്റുകൾ ധരിച്ചാണ് പോളിംഗ് സ്റ്റേഷനിലെത്തിയത്. ഉദ്യോഗസ്ഥരും പി.പി. ഇ കിറ്റ് ധരിച്ചിരുന്നു.
പൊലീസ് പട്രോളിംഗ്
പൊലീസിന്റെ ജാഗ്രയോടെയുള്ള പ്രവർത്തനമാണ് വോട്ടെടുപ്പ് സമാധാനപരമായി അവസാനിക്കാൻ ഇടയാക്കിയത്. ഓരോ അരമണിക്കൂറും ഇടവിട്ട് പൊലീസ് പട്രോളിംഗ് സംഘം ബൂത്തുകളിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടായിരുന്നു. പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുള്ള ബൂത്തുകളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു. ഇതു കൂടാതെ 10 ബൂത്തുകളെ തമ്മിൽ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പട്രോളിംഗ് സംഘത്തിന്റെ നീക്കവും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സഹായിച്ചു.