 
പുനലൂർ: നഗരസഭയിലും സമീപത്തെ പഞ്ചായത്തുകളിലും വോട്ടിംഗ് പൊതുവേ സമാധാനപരമായിരുന്നു. ഒറ്റപ്പെട്ട ചില തർക്കങ്ങൾ ഒഴിച്ചാൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നഗരസഭയിലെ 35 പോളിംഗ് ബൂത്തുകളിൽ 73.21ശതമാനം പേർ ഇന്നലെ പോളിംഗ് രേഖപ്പെടുത്തി. ഉച്ചക്ക്2ന് 55ശതമാനവും വൈകിട്ട് 3ന് 61.65ശതമാനം പേരും വോട്ടിംഗ് രേഖപ്പെടുത്തിയിരുന്നു എന്ന് വരണാധികാരിയായ പുനലൂർ വനം ടിമ്പർ സെയിൽസ് ഡി.എഫ്.ഒ അനിൽ ആന്റണി അറിയിച്ചു.
സ്ത്രീകളുടെ നീണ്ട നിര
ശക്തമായ കൊവിഡ് സുരക്ഷ സംവിധാനങ്ങളോടെയായിരുന്നു പോളിംഗ് നടപടികൾ പൂർത്തിയാക്കിയത്. പോളിംഗ് സ്റ്റേഷനിൽ എത്തുന്ന വോട്ടർമാർക്ക് പ്രധാന കവാടത്തിൽ തന്നെ സാനിറ്റൈസർ നൽകി കൈകൾ അണുവിമുക്തമാക്കി. പിന്നീട് ജീവനക്കാർ സ്ലിപ്പ് വായിച്ച്, ഇടത് ചൂണ്ട് വിരലിൽ മഷി പുരട്ടിയ ശേഷമായിരുന്നു വോട്ടിംഗ് രേഖപ്പെടുത്താനുളള അനുമതി നൽകിയിരുന്നത്. വോട്ട് ചെയ്ത ശേഷം പുറത്ത് ഇറങ്ങുന്നവർക്ക് കൈകൾ കഴുകാൻ സോപ്പും വെള്ളവും പോളിംഗ് ബൂത്തിൽ ജീവനക്കാർ കരുതിയിരുന്നു.എല്ലാ പോളിംഗ് സ്റ്റേഷനുകളിലും മണിക്കൂറുകൾ നീണ്ട ക്യൂ കാണാമായിരുന്നു. സ്ത്രീ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു കൂടുതൽ ബൂത്തുകളിലും അനുഭവപ്പെട്ടത്. പുരുഷ വോട്ടർമാരുടെ എണ്ണം പൊതുവേ കുറവായത് ശ്രദ്ധിക്കപ്പെട്ടു. നഗരസഭയിൽ വോട്ടർമാരുടെ ഏറ്റവും വലിയ ക്യൂ അനുഭവപ്പെട്ടത് പുനലൂർ എച്ച്.എസ്.വാർഡിലെ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തും പത്തേക്കർ വാർഡിലെ ചെമ്മന്തൂർ പോളിംഗ് സ്റ്റേഷനിലുമായിരുന്നു. വലിയ ക്യൂവിൽ എത്തിയ വോട്ടർമാർ മണിക്കൂറുകളോളം വോട്ടു ചെയ്യാൻ കാത്തു നിൽക്കേണ്ടി വന്നു.
നഗരസഭയിലെ പ്ലാച്ചേരി, ഗ്രേസിംഗ് ബ്ലോക്ക്, കാരയ്ക്കാട്, വാളക്കോട്, നെല്ലിപ്പള്ളി, ചെമ്മന്തൂർ, പത്തേക്കർ, നെടുംങ്കയം, ഭരണിക്കാവ് തുടങ്ങിയ വാർഡുകളിലാണ് വോട്ടർമാരുടെ നീണ്ട ക്യൂ അനുഭവപ്പെട്ടത്.
സുരക്ഷാ സംവിധാനങ്ങളും
കൊവിഡിനെ തുടർന്ന് മാസ്ക്, സാനിറ്റൈസർ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുമായാണ് ഭൂരിപക്ഷം വോട്ടർമാരും പോളിംഗ് സ്റ്റേഷനിൽ വോട്ടു ചെയ്യാൻ എത്തിയത്. വോട്ട് ചെയ്തു മടങ്ങിയവർ കൈയിൽ കരുതിയിരുന്ന സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കിയ ശേഷമാണ് മടങ്ങിയത്. വയോധികർ , വികലാംഗർ, അസുഖം ബാധിച്ച് കിടപ്പിലായവർ ഉൾപ്പടെ സ്വന്തമായി പോളിംഗ് സ്റ്റേഷനിൽ എത്താൻ കഴിയാത്തവർ ബന്ധുക്കളുടെയും പ്രവർത്തകരുടെയും സഹായത്തോടെയാണ് ബൂത്തുകളിൽ എത്തി വോട്ട് രേഖപ്പെടുത്തിയത്. രാവിലെ 7ന് ആരംഭിച്ച പോളിംഗ് വൈകിട്ട് 6ന് അവസാനിച്ചു.