amrithukulam
കൊല്ലം മുണ്ടയ്ക്കൽ അമൃതകുളം സ്കൂളിൽ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിര

 നഗരത്തിൽ മുൻ വർഷത്തെക്കാൾ 3.05 % പോളിംഗ് താഴ്ന്നു

കൊല്ലം: നഗരത്തിൽ തിരഞ്ഞെടുപ്പ് ആവേശം കുന്നോളമുണ്ടായിരുന്നെങ്കിലും വോട്ടിംഗ് ശതമാനം കുറഞ്ഞു. കൊവിഡ് പേടിയിൽ പ്രായമേറിയവർ വോട്ടിംഗിൽ നിന്ന് വിട്ടുനിന്നതാകാം കാരണമെന്ന് കരുതുന്നു.

കഴിഞ്ഞ തവണ 69.12 ശതമാനമായിരുന്നു നഗരത്തിലെ പോളിംഗ്. എന്നാൽ ഇന്നലെ രാത്രി 9 മണി വരെയുള്ള കണക്ക് പ്രകാരം 66.07 ശതമാനമായിരുന്നു ആകെ പോളിംഗ്. കഴിഞ്ഞ വർഷത്തെക്കാൾ 3.05 ശതമാനം കുറവാണ് ഇത്. ശതമാനക്കുറവ് തങ്ങളുടെ വിജയത്തെ ബാധിക്കില്ലെന്ന് മാത്രമല്ല അനുകൂലമാകുമെന്നാണ് മൂന്ന് മുന്നണികളുടെയും നേതാക്കൾ പറയുന്നത്. വോട്ടിംഗ് യന്ത്രം തകരാറിലായ ചില ബൂത്തുകളിൽ രാത്രി എട്ട് വരെ പോളിംഗ് നീണ്ടു.

ജില്ലയിൽ പൊതുവേ സംഭവിച്ചത് പോലെ നഗരത്തിലും രാവിലെ ആറര മുതൽ തന്നെ വോട്ടർമാർ ബൂത്തുകളിലെത്തി. പത്ത് മണി വരെ തീരദേശ മേഖലയിലടക്കം നീണ്ട നിരയുണ്ടായിരുന്നു. ഉച്ച കഴിഞ്ഞതോടെ വോട്ടർമാരുടെ വരവ് കുറഞ്ഞു. വൈകിട്ടോടെ വീണ്ടും കൂട്ടത്തോടെയെത്തിയെങ്കിലും കാര്യമായ ക്യൂ പൊതുവായി ഉണ്ടായില്ല.

കള്ളവോട്ടെന്ന് സംശയം

ഉളിയക്കോവിൽ ഡിവിഷനിൽ ഒരു കള്ളവോട്ട് നടന്നതായി സംശയം. കുമാരവിലാസം സ്കൂളിലെ മൂന്നാം നമ്പർ ബൂത്തിൽ ആശ്രാമം സ്വദേശിയായ ജീന എന്ന വീട്ടമ്മ എത്തിയപ്പോൾ ഇവരുടെ പേരിൽ മറ്റാരോ അതിന് മുൻപേ വോട്ട് ചെയ്തിരുന്നു. രേഖകൾ പരിശോധിച്ച ഉദ്യോഗസ്ഥർ ജീനയ്ക്ക് ബാലറ്റ് പേപ്പർ നൽകി വോട്ട് രേഖപ്പെടുത്തി വാങ്ങി. പോളിംഗ് രേഖകൾ പൂർണമായും പരിശോധിച്ചാലെ കള്ളവോട്ട് ചെയ്തത് ആരാണെന്ന് വ്യക്തമാവുകയുള്ളു.

സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ബൂത്ത് ആക്രമിച്ചു

പട്ടത്താനം ഡിവിഷനിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ബൂത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെ പോളയത്തോട് ജംഗ്ഷന് സമീപമായിരുന്നു സമീപം. രണ്ട് പേർ ബൈക്കിൽ വന്ന് സ്വതന്ത്ര സ്ഥാനാർത്ഥി അഫ്താബിന്റെ ബൂത്ത് ഓഫീസിന് മുന്നിൽ കിടന്ന കസേരകൾ തല്ലിത്തകർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ മൂന്ന് നാല് പേരെത്തി കസേരകൾ തകർത്ത ശേഷം തന്നെയും മർദ്ദിച്ചതായി അഫ്താബ് പറഞ്ഞു.

സംവരണ ഡിവിഷനുകളിൽ പോളിംഗ് കുറവോ ?

നഗരസഭയിലെ സംവരണ വാർഡുകളിൽ പോളിംഗ് ശതമാനം കുറഞ്ഞതായി വിലയിരുത്തലുണ്ട്. മറ്റ് ഡിവിഷനുകളിൽ രാവിലെ മുതൽ ഉച്ചവരെയും പിന്നീട് വൈകിട്ടും വൻ തിരക്കായിരുന്നു. എന്നാൽ പട്ടികജാതി സംവരണ ഡിവിഷനായ കൈക്കുളങ്ങരയിലെ ബൂത്തുകളിലൊന്നായ വാടി സ്കൂളിൽ ഒരു സമയവും തിരക്കുണ്ടായിരുന്നില്ല. അന്തിമ കണക്കുകൾ പുറത്തുവന്നാലെ പോളിംഗ് ശതമാനം കുറഞ്ഞിട്ടുണ്ടോയെന്ന് കൃത്യമായി വ്യക്തമാകു.