spirit

തിരുവനന്തപുരം: സംസ്ഥാന എക്സൈസ് വകുപ്പിന്റെ കസ്റ്റഡിയിൽ തൊണ്ടിമുതലായ സ്പിരിറ്റിന് ക്ഷാമം നേരിട്ടതോടെ സർക്കാർ ആശുപത്രികളും ഗവേഷണ സ്ഥാപനങ്ങളും നെട്ടോട്ടത്തിലാണ്. കാശ് മുടക്കിയാലും ആവശ്യത്തിന് റെക്ടിഫൈഡ് സ്പിരിറ്റ് കിട്ടാനില്ലാത്തതാണ് മെഡിക്കൽ കോളേജുകളുൾപ്പെടെ ആശുപത്രികളേയും റിസർച്ച് സ്ഥാപനങ്ങളെയും വെള്ളം കുടിപ്പിക്കുന്നത്. കൊവിഡിനെ തുടർന്ന് സാനിട്ടൈസർ നിർമ്മാണം വർദ്ധിച്ചതോടെ സംസ്കരിച്ചതും അല്ലാത്തതുമായ സ്പിരിറ്റിന്റെ ഉപഭോഗത്തിനൊപ്പം വിലയും വർദ്ധിച്ചു. പെർമിറ്റ് ഫീസ് മാത്രം ഈടാക്കി ശുദ്ധമായ സ്പിരിറ്റ് ലഭ്യമാക്കിയിരുന്ന സംസ്ഥാന എക്സൈസിന് കഴിഞ്ഞ രണ്ട് വർഷമായി കാര്യമായ സ്പിരിറ്ര് വേട്ട നടത്താൻ കഴിയാത്തതിനാൽ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികൾക്കും സ‌ർക്കാർ ഗവേഷണ സ്ഥാപനങ്ങൾക്കും ആവശ്യത്തിന് നൽകാനും കഴിയുന്നില്ല. രണ്ട് വർഷം മുമ്പ് വരെ പ്രതിവർഷം ലക്ഷം ലിറ്ററിനടുത്ത് സ്പിരിറ്റ് പിടികൂടിയിരുന്നതിനാൽ മെഡിക്കൽ കോളേജുകൾ, ആർ.സി.സി, ശ്രീചിത്ര തുടങ്ങിയ പ്രമുഖ സർക്കാർ ആശുപത്രികൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും ലാബുകൾക്കും തുച്ഛമായ നിരക്കിൽ സ്പിരിറ്ര് ലഭ്യമായിരുന്നു.

മരുന്നുകളുടെ നിർമ്മാണത്തിനും സ്പിരിറ്റ് വേണം

ചില മരുന്നുകളുടെ നിർമ്മാണത്തിന് ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങൾക്കും സ്പിരിറ്റ് ആവശ്യമാണ്. കഴിഞ്ഞ വർഷം സംസ്ഥാനത്താകമാനം 2,793 ലിറ്റർ സ്പിരിറ്റാണ് പിടികൂടാനായത്. തൃശൂർ, കൊല്ലം, കോഴിക്കോട് , കാസർ കോഡ് ജില്ലകളിൽ പിടികൂടിയ ഇവയിൽ ചിലതിൽ ലാബ് പരിശോധനകളും കോടതി നടപടികളും പൂർത്തിയാക്കിയിട്ടുമില്ല. മുൻവർഷങ്ങളിലേതുപോലെ എക്സൈസിൽ നിന്ന് സൗജന്യനിരക്കിൽ സ്പിരിറ്റ് വാങ്ങാനെത്തുമ്പോഴാണ് സ്പിരിറ്റില്ലെന്ന വിവരം പലരും അറി‍ഞ്ഞത്. ഇതോടെ തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആന്റ് കെമിക്കൽസിനെയാണ് സ്പിരിറ്റിനായി ആശ്രയിക്കുന്നത്. ജി.എസ്.ടിയുമായി ബന്ധപ്പെട്ട് അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള ലോഡുകൾ ചെക്ക് പോസ്റ്റിൽ തടഞ്ഞതിനെ തുടർന്ന് സ്പിരിറ്റിനുണ്ടായ ക്ഷാമം ഇവിടെയും പ്രതിസന്ധിക്ക് ഇടയാക്കിയെങ്കിലും ജി.എസ്.ടി ഉൾപ്പെടെ ലിറ്ററിന് 113.19രൂപ ട്രഷറിയിൽ ഒടുക്കി വരുന്നവർക്ക് മുൻഗണനാക്രമത്തിൽ സ്പിരിറ്റ് നൽകിവരുന്നുണ്ട്. സ്പിരിറ്റ് പ്രതിദിനം വേണ്ടിവരുന്ന വൻകിട ആശുപത്രികളും സർക്കാർ സ്ഥാപനങ്ങളും ഇതിനായി ലക്ഷങ്ങളാണ് വിലയായി നൽകേണ്ടിവരുന്നത്. വേണ്ടത് എക്സൈസിന്റെ ശുപാർശ സ്പിരിറ്റ് ആവശ്യമായ സ്ഥാപനം സ്ഥിതിചെയ്യുന്ന സ്ഥലത്തെ എക്സൈസ് ഓഫീസിൽ സമർപ്പിക്കുന്ന അപേക്ഷ പരിശോധിച്ച് ആവശ്യം ശരിയാണെന്ന് ഉറപ്പാക്കി റേഞ്ച് ഇൻസ്പെക്ടർ സമർപ്പിക്കുന്ന ശുപാർശപ്രകാരം എക്സൈസ് കമ്മിഷണറുടെ അനുമതി പ്രകാരമാണ് തൊണ്ടിമുതലായ റെക്ടിഫൈഡ് സ്പിരിറ്ര് വിതരണം ചെയ്തിരുന്നത്. പെർമ്മിറ്റ് ഫീസ് മാത്രമായിരുന്നു എക്സൈസിനും സർക്കാരിനും ഇതിലൂടെ വരുമാനമായി ലഭിച്ചിരുന്നത്. അബ്കാരി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പിടികൂടുന്ന സ്പിരിറ്റ് കോടതി നടപടികളും കെമിക്കൽ പരിശോധനയും പൂർത്തിയാക്കിയശേഷമാകും ഇത്തരത്തിൽ വിതരണം ചെയ്യുക.