c
വെളുമ്പി മുത്തശ്ശി വോട്ട് ചെയ്യാനെത്തിയപ്പോൾ

 ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വനിതാ വോട്ടർ

പത്തനാപുരം: ഇത്തവണയും മുടങ്ങാതെ വോട്ട് ചെയ്യാൻ കഴിഞ്ഞ സന്തോഷത്തിൽ മോണ കാട്ടി ചിരിച്ചാണ് വെളുമ്പി മുത്തശി പിറവന്തൂർ വാഴത്തോപ്പ് ഗവ. മോഡൽ യു.പി.എ.സിലെ ബൂത്തിൽ നിന്ന് മടങ്ങിയത്. പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും എല്ലാ തിരഞ്ഞെടുപ്പിലും മുടങ്ങാതെ വോട്ട് ചെയ്യാനെത്തുന്ന മുത്തശി തച്ചംകുളത്തുകാർക്ക് പരിചിതയാണ്.

ജില്ലയിലെ ഏറ്റവും പ്രായമുള്ള വനിതാ വോട്ടറാണ് മലയോര ഗ്രാമമായ പിറവന്തൂർ പഞ്ചായത്തിലെ തച്ചക്കുളം ഈട്ടിവിള വീട്ടിൽ വെളുമ്പി മുത്തശി. സർക്കാർ രേഖകൾ പ്രകാരം നിലവിൽ പ്രായം നൂറ്റിപ്പതിനൊന്നാണ്. കൊച്ചുമക്കളും ചെറുമക്കളുമായി പതിനഞ്ചലധികം കുടുംബക്കാർ വെളുമ്പി മുത്തശിക്ക് താഴെയുണ്ട്.

ഇരവി -ചിറ്റ ദമ്പതികളുടെ രണ്ടു മക്കളിൽ ഇളയവളായിരുന്നു വെളുമ്പി. വനപ്രദേശമായ പിറവന്തൂർ മേഖലയിൽ താമസത്തിന് എത്തിയ അച്ഛനും അമ്മയ്ക്കും ഒപ്പം വനത്തിൽ പോയി വിറക് ശേഖരിച്ച് വിറ്റാമ് ചെറുപ്പകാലത്ത് ജീവിതം തള്ളിനീക്കിയിരുന്നത്. ഇപ്പോഴും ചുറുചുറുക്കോടെ ജോലികൾ ചെയ്യുന്നുണ്ട്.

വയസ് ഇത്രയായെങ്കിലും മുത്തശിയുടെ കേൾവിക്കോ കാഴ്ചയ്ക്കോ യാതൊരു പ്രശ്നവുമില്ല. പുതുതലമുറക്കാരെ പിടികൂടുന്ന ജീവിതശൈലീ രോഗങ്ങളും ഇതുവരെ ബാധിച്ചിട്ടില്ല. പ്രകൃതി വിഭവങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന മരുന്നുകഞ്ഞി കഴിച്ചുവളർന്നതാണ് തന്റെ ആരോഗ്യരഹസ്യമെന്നാണ് വെളുമ്പി പറയുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഏറ്റവും പ്രായം കൂടിയ വനിതാ വോട്ടർ എന്ന ആദരവ് മുത്തശിക്ക് ലഭിച്ചിരുന്നു.

 അന്നും ഇന്നും ഇടതുപക്ഷം

വ്യക്തമായ രാഷ്ട്രീയ നിലപാടും രാഷ്ട്രീയബോധവും തിരഞ്ഞെടുപ്പിനെ പറ്റിയുള്ള ധാരണയും വെളുമ്പി മുത്തശിക്കുണ്ട്. വോട്ടവകാശം ലഭിച്ചത് മുതൽ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്തിട്ടുള്ളത്. അതിനിയും അങ്ങനെ തന്നെയായിരിക്കും എന്ന് പറയുമ്പോൾ ഈ പ്രായത്തിലും വെളുമ്പിയുടെ മുഖത്ത് നിശ്ചയദാർഢ്യം നിറയും.