election

 കൂട്ടിക്കിഴിച്ച് മുന്നണി നേതൃത്വങ്ങൾ

കൊല്ലം: തദ്ദേശ വോട്ടെടുപ്പ് പൂർത്തിയായപ്പോൾ കൊല്ലം കോർപറേഷൻ പതിവ് തെറ്റിക്കുമോയെന്ന ആകാംക്ഷയിലാണ് മുന്നണി നേതൃത്വങ്ങൾ. കോർപറേഷൻ രൂപീകരിച്ച 2000 മുതൽ നിലനിൽക്കുന്ന ഇടത് ആധിപത്യം തുടരുമോ, ഇല്ലയോ എന്ന ചർച്ചയാണ് സജീവമായത്.

ഇത്തവണ ഡിവിഷനുകളിലെ സാഹചര്യം മാറിയെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എൽ.ഡി.എഫ് - യു.ഡി.എഫ് മത്സരമെന്ന പതിവ് ശൈലിക്ക് പകുതിയിലേറെ ഡിവിഷനുകളിൽ മാറ്റമുണ്ടായി. ബി.ജെ.പി ഗൃഹപാഠം നടത്തി കളത്തിലിറങ്ങിയതോടെ അവരുടെ ശക്തികേന്ദ്രങ്ങളിൽ നടന്നത് ത്രികോണ മത്സരമാണ്.

അഞ്ച് രൂപയ്‌ക്ക് ഉച്ചഭക്ഷണം നൽകാൻ കേന്ദ്രം തുറക്കുമെന്ന് എൽ.ഡി.എഫ് പ്രകടന പത്രികയിൽ ഉറപ്പ് നൽകിയപ്പോൾ നഗരത്തിലെത്തുന്ന എല്ലാവർക്കും സൗജന്യമായി ഉച്ചഭക്ഷണം നൽകുമെന്നായിരുന്നു യു.ഡി.എഫിന്റെ പ്രകടന പത്രിക. ഇങ്ങനെ കൊണ്ടും കൊടുത്തും നിറഞ്ഞുനിൽക്കാൻ യു.ഡി.എഫും എൽ.ഡി.എഫും മത്സരിച്ചു.

 അട്ടിമറി നടത്തുമെന്ന് ബി.ജെ.പി

2015ലെ രണ്ട് സീറ്റുകളിൽ നിന്ന് ഇരുപതിനടുത്ത് സീറ്റുകളിലേക്ക് കുതിച്ച് ചാടുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. നഗരസഭാ ഭരണത്തിനെതിരെ അഴിമതി ആരോപിച്ച് സമര മുഖങ്ങളിൽ ബി.ജെ.പിയും യുവമോർച്ചയും സജീവമായിരുന്നു. നഗരസഭയ്ക്കെതിരായ സമരങ്ങളിൽ കോൺഗ്രസിനെ മറികടന്ന് പ്രതിപക്ഷത്തിന്റെ ചുമതലയേറ്റെടുക്കാൻ പലപ്പോഴും ബി.ജെ.പിക്ക് കഴിഞ്ഞു. ഇത് വോട്ടായാൽ ഭരണം പിടിക്കാനാകുമെന്നാണ് ഇവരുടെ ആത്മവിശ്വാസം.

 കോർപറേഷനിൽ കോൺഗ്രസ് മേയർ ?

ഇത്തവണ കോൺഗ്രസിൽ നിന്ന് മേയറുണ്ടാകുമെന്നാണ് യു.ഡി.എഫ് പങ്കുവയ്ക്കുന്നത്. തുടക്കം മുതൽ ജില്ലാ നേതൃത്വം കെട്ടുറപ്പോടെയാണ് പ്രവർത്തിച്ചത്. കോർപറേഷൻ പിടിച്ചില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് സംസ്ഥാന നേതൃത്വവും മുന്നറിയിപ്പ് നൽകിയിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വിമത സ്വരങ്ങൾ ഉയർന്നു. പരിഹരിച്ചെന്ന് പറയുമ്പോഴും ഫലമറിയാൻ 16 വരെ കാത്തിരിക്കണം. കേവല ഭൂരിപക്ഷം കടക്കുമെന്നാണ് പ്രതീക്ഷ.

 ഭരണ തുടർച്ചയെന്ന് എൽ.ഡി.എഫ്

ഭരണ തുടർച്ചയെന്ന കാര്യത്തിൽ ആശങ്കയില്ലെന്ന് എൽ.ഡി.എഫ് ക്യാമ്പ് ആവർത്തിക്കുന്നു. സാഹചര്യങ്ങൾ അനുകൂലമെങ്കിൽ നാൽപ്പതിനടുത്ത് സീറ്റുകൾ ഉറപ്പിക്കുന്നു. മേയറെ മുൻകൂട്ടി നിശ്ചയിച്ചിട്ടില്ലെങ്കിലും മേയറായേക്കുമെന്ന് പ്രവർത്തകർ വിശ്വസിക്കുന്ന നേതാവിനെ മത്സരത്തിനിറക്കിയതും ഭരണ തുടർച്ചയെന്ന പ്രതീക്ഷയിലാണ്. യു.ഡി.എഫ് കോർപറേഷൻ പിടിക്കാൻ ആത്മാർത്ഥമായ പരിശ്രമം നടത്താറില്ലെന്നാണ് എൽ.ഡി.എഫിന്റെ വിലയിരുത്തൽ.

 കൊല്ലം കോർപറേഷൻ

രൂപീകരിച്ചത്: 2000ൽ

ഡിവിഷനുകൾ: 55

 2015ലെ സീറ്റ് നില

എൽ.ഡി.എഫ്: 37

യു.ഡി.എഫ്: 15

ബി.ജെ.പി: 2

എസ്.ഡി.പി.ഐ: 1