munnani

 കണക്കുകൂട്ടലുകൾ മാറിമറിഞ്ഞേക്കും

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് പോരിൽ ജില്ലയിൽ ശക്തമായ ത്രികോണ മത്സരം നടന്നതിനാൽ മൂന്ന് മുന്നണികളുടെയും കണക്കുകൂട്ടലുകൾ മാറിമറിഞ്ഞേക്കുമെന്നാണ് ആദ്യസൂചന. തിരഞ്ഞെടുപ്പ് ദിനത്തിലെ ട്രെൻഡുകൾ വിലയിരുത്തിയുള്ള വിശകലനത്തിലാണ് ഫലം പ്രവചനാതീതമാകുന്നത്.

35 ഗ്രാമ പഞ്ചായത്തുകളിൽ ഇടതുമുന്നണി ഭരണം നിലനിറുത്തുമെന്നാണ് കണക്കുകൂട്ടുന്നത്. ഇടതിന് ലഭിക്കാനിടയുള്ള പഞ്ചായത്തുകളിലേറെയും കിഴക്കൻ മേഖലയിലാണ്. നിലവിൽ 62 ഗ്രാമ പഞ്ചായത്തുകളിൽ ഇടത് ഭരണമായിരുന്നു. കൊല്ലം, കൊട്ടാരക്കര, പത്തനാപുരം, പുനലൂർ താലൂക്കുകളിലായിരിക്കും ഇടത് മുന്നേറ്റം.
കരുനാഗപ്പള്ളി, കുന്നത്തൂർ, കൊട്ടാരക്കര, പൂനലൂർ താലൂക്കുകളിലായി യു.ഡി.എഫിന് 30 മുതൽ 37 സീറ്റുകൾ വരെ ലഭിച്ചേക്കുമെന്നാണ് വിലയിരുത്തൽ. എൻ.ഡി.എ ഏഴ് പഞ്ചായത്തുകളിലെ ഭരണം തീരുമാനിക്കുന്നതിൽ നിർണായക ശക്തിയായേക്കും. 250ലേറെ വാർഡുകളിൽ ബി.ജെ.പിക്ക് മെമ്പർമാരുണ്ടാകുമെന്നാണ് വിലയിരുത്തൽ. പതിനൊന്ന് ബ്ലോക്ക് പഞ്ചായത്തുകളിൽ ആറിടത്ത് യു.ഡി.എഫും അഞ്ചിടത്ത് ഇടതുമുന്നണിയും അധികാരത്തിലെത്തുമെന്നാണ് ആദ്യസൂചനകൾ. 152 ബ്ലോക്ക് മെമ്പർമാരിൽ 80 എണ്ണം യു.ഡി.എഫ് പിടിച്ചെടുത്തേക്കും. ചില ബ്ലോക്ക് പഞ്ചായത്തുകളിൽ നറുക്കെടുപ്പിലൂടെ പ്രസിഡന്റിനെ തീരുമാനിക്കേണ്ട സ്ഥിതിയും വന്നേയ്ക്കാം. കുന്നത്തൂർ, കൊട്ടാരക്കര, കരുനാഗപ്പള്ളി താലൂക്കുകളിലാകും ബ്ലോക്കുകൾ കൂടുതലും യു.ഡി.എഫിന് ലഭിക്കുക. മറ്റ് താലൂക്കുകളിൽ ഇടതുമുന്നണി നേട്ടം കൊയ്യും.
കരുനാഗപ്പള്ളി, പുനലൂർ നഗരസഭകൾ യു.ഡി.എഫിനും പരവൂർ നഗരസഭ ഇടതിനും ലഭിച്ചേക്കാനിടയുണ്ട്. കൊട്ടാരക്കരയിൽ ഇടതും - വലതും നിർണായക സീറ്റുകൾ നേടും. കൊട്ടാരക്കരയിലും കൊല്ലം കോർപ്പറേഷനിലും ബി.ജെ.പി നിർണായക ശക്തിയാകുമെന്നാണ് വിലയിരുത്തൽ. ജില്ലാപഞ്ചായത്ത് ഭരണം ഇടതുമുന്നണി നിലനിറുത്തിയേക്കും. എന്നാൽ സീറ്റുകൾ മുൻവർഷങ്ങളേക്കാൾ കുറയാനിടയുണ്ട്. പത്തിലേറെ സീറ്റുകൾ യു.ഡി.എഫും ഒരു സീറ്റ് ബി.ജെ.പിയും നേടിയേക്കും. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ ഇടതുമുന്നേറ്റം കുന്നത്തൂർ, കരുനാഗപ്പള്ളി, പത്തനാപുരം, കൊല്ലം താലൂക്കുകൾ കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് സൂചന.