
പുനലൂർ:കൊവിഡിനിടയിലും കനത്ത പോളിംഗ് നടന്ന പുനലൂർ നഗരസഭയിൽ ഇടത്, വലത് മുന്നണികൾക്ക് ഭരണം ലഭിക്കുമെന്ന കണക്കു കൂട്ടലുകളിലാണ് ഇരു മുന്നണികളിലെയും നേതാക്കൾ. രണ്ട് മുന്നണികളിലെയും നേതാക്കൾ ഇന്നലെ രാവിലെ മുതൽ താങ്കൾക്ക് ലഭിക്കുന്ന വാർഡുകളെ സംബന്ധിച്ചും സ്ഥാനാർത്ഥികൾക്ക് ലഭിക്കുന്ന വോട്ടുകളെ സംബന്ധിച്ചുളള കണക്കു കൂട്ടലുകൾ തുടങ്ങി.
തുടർച്ചയായി ഇടത് മുന്നണി ഭരിച്ച് വരുന്ന പുനലൂർ നഗരസഭയിലെ 35വാർഡുകളിൽ കഴിഞ്ഞ തവണ 20 സീറ്റുകൾ നേടിയാണ് ഇടത് നേതൃത്വം അധികാരത്തിലെത്തിയത്. ഇത്തവണ 24 സീറ്റുകൾ നേടി വീണ്ടും ഇടത് മുന്നണി അധികാരത്തിലെത്തുമെന്ന് സി.പി.എം പുനലൂർ ഏരിയ സെക്രട്ടറി എസ്.ബിജു പറഞ്ഞു. നിലവിലെ സിറ്റിംഗ് സീറ്റുകൾക്ക് പുറമെ യു.ഡി.എഫിൽ നിന്നും 4സീറ്റുകൾ കൂടി പിടിച്ചെടുക്കുമെന്നുമാണ് ഇടതുമുന്നണിയുടെ അവകാശവാദം. നഗരസഭയിൽ 15 സീറ്റുണ്ടായിരുന്ന യു.ഡി.എഫ് ഇത്തവണ 22നും 27നും ഇടയിലുളള വാർഡുകളിൽ വൻ വിജയം നേടുമെന്ന് കോൺഗ്രസ് പുനലൂർ ബ്ലോക്ക് പ്രസിഡന്റ് സി.വിജയകുമാർ പറഞ്ഞു.എന്നാൽ നഗരസഭയിൽ ഇത്തവണ അക്കൗണ്ട് തുറക്കുമെന്നാണ് എൻ.ഡി.എ നേതാക്കൾ അവകാശപ്പെടുന്നത്.ഇടത് കോട്ടയായ ഐക്കരക്കോണം, മൈലയ്ക്കൽ വാർഡുകളിലെ എൻ.ഡി.എ സ്ഥാനാർത്ഥികൾ വിജയിക്കുന്നതിനൊപ്പം മറ്റ് എല്ലാ വാർഡുകളിലെയും സ്ഥാനാർത്ഥികൾ കഴിഞ്ഞ തിരഞ്ഞെടുപ്പിന് നേടിയതിനെക്കാൾ കൂടുതൽ വോട്ടുകൾ ലഭിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എൽ.രാജേഷ് അറിയിച്ചു..