vote

പരവൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ പരവൂർ നഗരസഭാ പരിധിയിൽ 73.7 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 31,358 വോട്ടർമാരിൽ 22,912 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. 14,140 പുരുഷ വോട്ടർമാരിൽ 10,002 പേരും 17,218 സ്ത്രീ വോട്ടർമാരിൽ 12,910 പേരും വോട്ട് രേഖപ്പെടുത്തി. പൊതുവെ എല്ലാ വാർഡിലും ശക്തമായ പോളിംഗാണ് നടന്നത്.

നഗരസഭയിൽ യക്ഷിക്കാവ് വാർഡിലാണ് കൂടുതൽ പോളിംഗ്. 80.5 % പേർ വോട്ട് രേഖപ്പെടുത്തി. പുതിയിടം (78.51 %), കോട്ടമൂല (77.2 %), റെയിൽവേ സ്റ്റേഷൻ (77.3 %), മാർക്കറ്റ് (78 %), നെടുങ്ങോലം (79.3 %), പൊഴിക്കര (77.19 %), മണിയംകുളം (77.05 %) എന്നിവിടങ്ങളാണ് മികച്ച പോളിംഗ് രേഖപ്പെടുത്തിയ മറ്റ് വാർഡുകൾ.

കൊച്ചാലൂംമൂട് വാർഡിൽ സി.പി.എം - ബി.ജെ.പി പ്രവർത്തകർ തമ്മിൽ ചെറിയ തോതിൽ വാക്കേറ്റവും സംഘട്ടനവും ഉണ്ടായതൊഴിച്ചാൽ പരവൂർ നഗരസഭാ പരിധിയിൽ തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു.

പൂതക്കുളത്ത്

പൂതക്കുളം ഗ്രാമ പഞ്ചായത്തിൽ 73.63 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 18 വാർഡുകളിലായി 24,359 വോട്ടർമാരിൽ 18,179 പേർ വോട്ട് ചെയ്തു. വോട്ട് രേഖപ്പെടുത്തിയവരിൽ സ്ത്രീകളാണ് മുന്നിൽ. 10,909 പുരുഷ വോട്ടർമാരിൽ 7,803 പേർ വോട്ട് ചെയ്തു (73.53 %). 13,430 സ്ത്രീ വോട്ടർമാരിൽ 10,376 പേർ വോട്ട് ചെയ്തു (77.14%).