
കൊല്ലം: നഗരഹൃദയമായ ചിന്നക്കടയിൽ നിന്ന് എസ്.എം.പി പാലസ് വഴി കടന്നുപോകുന്ന പൊതുമരാമത്ത് റോഡ് തകർന്ന് വർഷങ്ങൾ പിന്നിട്ടെങ്കിലും പുനർനിർമ്മിക്കാൻ നടപടിയില്ല. കഴിഞ്ഞ അഞ്ചുവർഷമായി ടാറിംഗ് നടത്താത്തതിനാൽ ചിന്നക്കട മുതൽ സപ്ളൈകോ സൂപ്പർ മാർക്കറ്റിന് സമീപത്തെ പെട്രോൾ പമ്പിന് മുന്നിൽ അവസാനിക്കുന്ന ഭാഗം വരെ ഗട്ടറുകളായി മാറിക്കഴിഞ്ഞു. നഗരത്തിലെ മറ്റ് റോഡുകളെല്ലാം മാസങ്ങൾക്ക് മുമ്പേ ടാർ ചെയ്ത് വൃത്തിയാക്കിയെങ്കിലും അര കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള എസ്.എം.പി പാലസ് റോഡിനോടുള്ള അവഗണന ഇന്നും തുടരുകയാണ്.
കൊല്ലം നഗരത്തിൽ നിന്ന് ചിന്നക്കട റൗണ്ട് ചുറ്റാതെ എ.ആർ ക്യാമ്പ് ഭാഗത്തേക്ക് പോകാനുള്ള എളുപ്പമാർഗമാണ് എസ്.എം.പി പാലസ് റോഡ്. റെയിൽവേ ഗേറ്റുണ്ടെങ്കിലും ചിന്നക്കട റൗണ്ട് ചുറ്റാതെ ഏറ്റവുമധികം പേർ നഗരത്തിലെത്താനും ചിന്നക്കടയിൽ നിന്ന് കൊട്ടിയം, അയത്തിൽ ഭാഗങ്ങളിലേക്ക് പോകാനും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. ജില്ലയുടെ കിഴക്കൻ മേഖലകളിൽ നിന്നുള്ള സ്വകാര്യബസുകൾ നഗരത്തിൽ പ്രവേശിക്കുന്നതും ഇതുവഴിയാണ്.
നഗരത്തിലെ പുരാതനവും തിരക്കേറിയതുമായ പച്ചക്കറി മാർക്കറ്റ്, പബ്ളിക് ലൈബ്രറി, കെ.എസ്.ഇ.ബി ഓഫീസ്, എഫ്.സി.ഐ ഗോഡൗൺ, പൊലീസ് ക്ളബ്, പുതിയകാവ് ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡ് കൂടിയാണിത്. റോഡ് തകർന്നതോടെ പച്ചക്കറി മാർക്കറ്റിലേക്ക് സാധനങ്ങളുമായെത്തുന്ന ചരക്ക് വാഹനങ്ങളും സാധനങ്ങൾ വാങ്ങാനെത്തുന്നവരും കഷ്ടപ്പാടിലായി. ഇതിനൊക്കെ പുറമെ എസ്.എം.പി പാലസ് തിയേറ്ററിന് പിന്നിലുള്ള നിരവധി കുടുംബങ്ങളുടെ യാത്രയും ദുരിതത്തിലായി.
കുഴികൾ നിറഞ്ഞു, അപകടങ്ങൾ കൂടി
റോഡ് മുഴുവൻ കുഴികൾ നിറഞ്ഞതോടെ ഇരുചക്ര വാഹനയാത്രികർക്ക് ഉൾപ്പെടെ സുഗമമായി യാത്ര ചെയ്യാനാകാത്ത സ്ഥിതിയാണ്. ചെറിയ കുഴികൾ പലതും കാലവർഷവും ന്യൂനമർദ്ദത്തിന്റെ ഭാഗമായുണ്ടായ മഴകളും പിന്നിട്ടതോടെ വൻ ഗർത്തങ്ങളായി മാറിക്കഴിഞ്ഞു. ഗട്ടറുകളിൽ വീണും ഗട്ടറുകൾ ഒഴിവാക്കാനുള്ള ശ്രമത്തിനിടെയും നിരവധി യാത്രക്കാർ ഇതിനോടകം അപകടത്തിൽപ്പെട്ടു.
റോഡിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി പലതവണ പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകിയെങ്കിലും ഗതാഗതയോഗ്യമാക്കാൻ യാതൊരു നടപടിയും സ്വീകരിച്ചില്ല.
റീനാ സെബാസ്റ്റ്യൻ, മുൻ നഗരസഭാ കൗൺസിലർ