c

കരുനാഗപ്പള്ളി: തദ്ദേശതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൂട്ടലും കിഴിക്കലുമായി മൂന്നുമന്നണികളും പ്രതീക്ഷയിലാണ്. വിവിധ പാർട്ടികളുടെ ബൂത്ത് ഓഫീസുകളും പാർട്ടി ഓഫീസുകളും ഇന്നലെയും സജീവമായിരുന്നു. ബൂത്തോഫീസുകളിൽ പാർട്ടിയുടെ ബൂത്തുതല നേതാക്കൾ വോട്ടേഴ്സ് ലിസ്റ്റ് പരിശോധിച്ച് തങ്ങൾക്ക് കിട്ടാൻ സാദ്ധ്യതയുള്ള വോട്ടുകൾ കണക്കുകൂട്ടുന്ന തിരക്കിലാണ്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വോട്ടിംഗ് യന്ത്രങ്ങൾ പോളിംഗ് സ്റ്റേഷനുകളിൽ നിന്ന് കൊണ്ടുപോയത്.

പാർട്ടി നേതാക്കൾ എത്രയൊക്കെ കണക്കുകൂട്ടിയാലും വോട്ടർമാരുടെ മനോനില എങ്ങനെയെന്ന് പ്രവചിക്കുക അസാദ്ധ്യമാണ്. കൃത്യമായ ചിത്രം തെളിയണമെങ്കിൽ ഫലം പുറത്തുവരുന്നതുവരെ കാത്തിരുന്നേ മതിയാകൂ.

ബൂത്ത് ഒാഫീസുകൾ സജീവം

ഓരോ ബൂത്തിലും നടന്ന കൃത്യമായ പോളിംഗ്, ഓരോ സ്ഥാനാർത്ഥികൾക്കും ലഭിക്കാനിടയുള്ള വോട്ടുകൾ, അസാധു തുടങ്ങിയ കണക്കുകളാണ് പാർട്ടിയുടെ ബൂത്തുതല നേതൃത്വം ഉപരി കമ്മിറ്റികൾക്ക് നൽകേണ്ടത്. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഉപരി കമ്മിറ്റികൾ തിരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി സൂചന നൽകുന്നത്. ഇന്നലെ രാവിലെ നേതാക്കൾ ബൂത്തുകളിലെത്തി പോളിംഗ് ബൂത്തുകളിൽ ഉപയോഗിച്ച വോട്ടേഴ്സ് ലിസ്റ്റ് പരിശോധിച്ചാണ് ഓരോ സ്ഥാനാർത്ഥികൾക്കും ലഭിക്കാനിടയുള്ള വോട്ടുകളുടെ കണക്ക് തയ്യാറാക്കിയത്. സ്ഥാനാർത്ഥികളുംകൂടി ബൂത്ത് ഓഫീസുകളിൽ എത്തിയതോടെ കൂടുതൽ പ്രവർത്തകർ ബൂത്തുകളിൽ സജീവമായി.

പോളിംഗ് കൂടി: അവകാശവാദവുമായി മുന്നണികൾ
പോളിംഗ് ശതമാനം വർദ്ധിച്ചതാണ് ഇരുമുന്നണികൾക്കും കൂടുതൽ അത്മവിശ്വാസം പകരുന്നത്. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാവും തിരഞ്ഞെടുപ്പ് ഫലമെന്ന് എൽ.ഡി.എഫ് നേതൃത്വം പറയുന്നു. സർക്കാരിന്റെ അഴിമതിക്കെതിരെയുള്ള വിധിയെഴുത്തായിട്ടാണ് യു.ഡി.എഫ് നേതൃത്വം തിരഞ്ഞെടുപ്പിനെ കാണുന്നത്. ഇക്കുറി കൂടുതൽ സീറ്റുകളിൽ വിജയിക്കാനാകുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.