utra
പാമ്പുകടിയേറ്റ് മരിച്ച ഉത്രയും ഭർത്താവും പ്രതിയുമായ സൂരജും

 അച്ഛന്റെയും സഹോദരന്റെയും സാക്ഷി വിസ്താരം പൂർത്തിയായി

കൊല്ലം: അഞ്ചൽ ഉത്ര വധക്കേസിൽ ഉത്രയുടെ പിതാവിന്റെയും സഹോദരന്റെയും പ്രഥമ വിസ്‌താരം പൂർത്തിയായി. പിതാവ് വിജയസേനൻ, സഹോദരൻ വിഷു എന്നിവരെ പ്രോസിക്യൂഷൻ സാക്ഷികളായി കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതിയിലാണ് വിസ്‌തരിച്ചത്. രണ്ടുപേരുടെയും ക്രോസ് വിസ്‌താരം ഇന്ന് നടക്കും.

തിരഞ്ഞെടുപ്പ് ജോലികളുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരുടെ അഭാവത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് പ്രതി സൂരജ് കോടതിയിൽ ഹാജരായത്. ഇന്ന് പ്രതിയെ നേരിട്ട് ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. ഉത്രയുടെ മരണശേഷം സ്വത്തുക്കൾ കൈക്കലാക്കാൻ ആവശ്യം ഉന്നയിച്ചതും പൊലീസ് കേസിലേക്ക് നീങ്ങിയതുമാണ് സംശയം ബലപ്പെടാൻ കാരണമെന്ന് വിജയസേനൻ കോടതിയിൽ പറഞ്ഞു.

മകളുടേത് കൊലപാതകമാണെന്ന് 99 ശതമാനവും ബോദ്ധ്യമുണ്ടായിട്ടും സത്യം മറിച്ചാണെങ്കിൽ മരുമകനും ബന്ധുക്കളും ബുദ്ധിമുട്ടിലാകുമെന്ന തോന്നലുകൊണ്ടാണ് പരാതി നൽകാൻ വൈകിയത്. സ്വത്ത് കിട്ടാൻ വേണ്ടി മേയ് 14ന് സൂരജ് കള്ളപരാതി കൊടുത്തപ്പോൾ തന്റെ സംശയം 100 ശതമാനം സത്യമാണെന്ന് ബോദ്ധ്യമായെന്നും വിജയസേനൻ പറഞ്ഞു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി. മോഹൻരാജ് ഹാജരായി.

 വിജയസേനൻ കോടതിയിൽ പറഞ്ഞത്

 ചെറിയ ന്യൂനതകൾ ഉള്ള മകളെ വിവാഹാലോചനയുമായി വന്ന സൂരജ് ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞത് അനുസരിച്ചാണ് വിവാഹ നിശ്ചയം നടത്തിയത്. നിശ്ചയം കഴിഞ്ഞ് കൂടുതൽ സ്വർണവും വില കൂടിയ കാറും ആവശ്യപ്പെട്ടു.

 മകളുടെ സന്തോഷത്തെ കരുതി അതെല്ലാം നൽകിയാണ് വിവാഹം നടത്തിയത്. മൂന്നാം മാസം മുതൽ ഉത്രയെ സൂരജിന്റെ വീട്ടുകാർ പീഡിപ്പിക്കാൻ തുടങ്ങി. ഉത്രയുടെ ശാരീരിക സ്ഥിതി മുതലെടുത്ത് പല സാധനങ്ങളും വാങ്ങിയെടുത്തു.

 ഈ വർഷം ജനുവരിയിൽ സൂരജിന്റെ വീട്ടിലെ ബുദ്ധിമുട്ടുകൾ അറിയിച്ചത് അനുസരിച്ച് ഉത്രയെ തിരികെ വിളിച്ചുകൊണ്ടുവരാനായി സൂരജിന്റെ വീട്ടിലെത്തി

 വാങ്ങിയ സ്വത്തുക്കൾ തിരികെ നൽകണമെന്ന് പറഞ്ഞപ്പോൾ അതുവരെ മിണ്ടാതിരുന്ന സൂരജ് ഓടിവന്ന് ഇനി പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്ന് പറഞ്ഞ് കുഞ്ഞിനെ തിരികെ വാങ്ങി

 2020 മാർച്ച് മൂന്നിന് വെളുപ്പിന് ഉത്രയെ എന്തോ കടിച്ചെന്ന് അറിയിച്ചതിനെ തുടർന്ന് തിരുവല്ലയിലെ ആശുപത്രിയിലെത്തി

 രാത്രി ഒൻപതിന് കുഞ്ഞിന്റെ തുണി കഴുകാൻ പുറത്തിറങ്ങിയപ്പോഴാണ് ഉത്രയെ എന്തോ കടിച്ചതെന്ന് സൂരജ് പറഞ്ഞു. പിന്നീട് മകളോട് ചോദിച്ചപ്പോൾ അന്ന് രാത്രിയിൽ പുറത്ത് ഇറങ്ങിയതേയില്ലെന്നാണ് പറഞ്ഞത്

 സൂരജ് പറഞ്ഞത് പ്രകാരം മൊബൈൽ ഫോണെടുക്കാൻ മുകളിലെ മുറിയിലേക്ക് പോയപ്പോൾ ചവിട്ടുപടികളിൽ പാമ്പിനെ കണ്ടെന്നും ഒരിക്കൽ ഉത്ര പറഞ്ഞു. അന്വേഷിച്ചപ്പോൾ അതൊരു ചേരക്കുഞ്ഞായിരുന്നുവെന്ന് നിസാരമായാണ് സൂരജ് സംസാരിച്ചത്

 മേയ് ആറിന് വൈകിട്ട് സൂരജ് ഏറത്തെ വീട്ടിൽ വന്നു. ചായ കുടിച്ച ശേഷം ഒരു ഗ്ലാസ് ജ്യൂസുമായി ഉത്ര കിടന്ന മുറിയിലേക്ക് പോയി. പിറ്റേന്ന് രാവിലെ ആറിന് അടുക്കളയിൽ ചായ ഇടാൻ വന്നപ്പോൾ സൂരജ് പതിവില്ലാതെ അടുക്കളയിലേക്ക് വന്നു

 പിന്നീട് ഭാര്യയുടെ നിലവിളി കേട്ട് എത്തുമ്പോഴാണ് ഉത്ര അനക്കമില്ലാതെ കിടക്കുന്നത് കാണുന്നത്. അഞ്ചൽ മിഷൻ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഉത്ര മരിച്ചിരുന്നു

 ഉത്രയുടെ മരണത്തിന് ശേഷം സർപ്പദോഷമാണ് മരണകാരണമെന്ന് വിശ്വസിപ്പിക്കാൻ സൂരജ് ശ്രമിച്ചു. പിന്നീട് ഉത്രയുടെ വസ്തുക്കൾ കൈക്കലാക്കാൻ ആവശ്യം ഉന്നയിച്ചതും പൊലീസ് കേസിലേക്ക് നീങ്ങിയതുമാണ് സംശയം ബലപ്പെടാൻ കാരണം

 വിഷു കോടതിയിൽ പറഞ്ഞത്

 മേയ് ആറിന് ഉത്രയെ അഞ്ചൽ മിഷൻ ആശുപത്രിയിൽ കൊണ്ടുചെന്നപ്പോൾ പാമ്പ് കടിച്ചതാണെന്ന് ഡോക്ടർ പറഞ്ഞു

 തുടർന്ന് താനും സൂരജും കൂടിയാണ് തിരികെയെത്തി ഉത്രയുടെ മുറിയിൽ പരിശോധിച്ചത്

 അലമാരിക്കടിയിൽ പാമ്പിരിക്കുന്നുവെന്ന് സൂരജ് പറഞ്ഞത് അനുസരിച്ച് നോക്കിയപ്പോൾ അവിടെ പാമ്പിനെ കണ്ടു

 സൂരജ് പുറത്തേക്ക് പോയപ്പോൾ താനാണ് പാമ്പിനെ അടിച്ചുകൊന്നത്