
കൊല്ലം: തിരഞ്ഞെടുപ്പ് ആരവം ഒഴിഞ്ഞപ്പോൾ കളം പിടിച്ച് വാതുവയ്പുകാർ. സ്ഥാനാർത്ഥികളും പാർട്ടി പ്രവർത്തകരും കൂട്ടലും കിഴിക്കലുമായി സജീവമാണ്. പലരും വിജയികളെ കണക്കുകൂട്ടി പ്രഖ്യാപിക്കുകയും ഭൂരിപക്ഷം വരെ വ്യക്തമാക്കുകയും ചെയ്തു. പതിനാറിന് പെട്ടിപൊട്ടിക്കും വരെ കണക്കുകൾക്ക് പ്രാധാന്യവുമുണ്ട്. അതിനിടയിലാണ് വാതുവയ്പുകാർ.
വാർഡ് സ്ഥാനാർത്ഥികൾക്കും ബ്ളോക്ക് - ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികൾക്കും വിജയ പരാജയങ്ങൾ പ്രവചിച്ചാണ് വാതുവയ്പ്പ്. പഞ്ചായത്തിന്റെയും നഗരസഭയുടെയും ഭരണം പിടിക്കുന്നതാരെന്നതും ഉൾപ്പെടും. നൂറ് രൂപ മുതൽ ലക്ഷങ്ങൾ വരെ വാതുവച്ചവരുണ്ട്. ചിലർ ഒരു ഫുൾ ബോട്ടിലിൽ ഒതുക്കി. വോട്ടെടുപ്പ് കഴിഞ്ഞിട്ടും നാട്ടിലെ ചർച്ച തിരഞ്ഞെടുപ്പ് തന്നെയാണ്. തർക്കം മൂത്ത് കൈയാങ്കളിയിലെത്തിയ സംഭവങ്ങളുമുണ്ട്.