കൊട്ടാരക്കര: പുലമൺ ജംഗ്ഷന് സമീപം എം.സി റോഡിൽ വൻമരം കപുഴകി വീണ് ഹോട്ടലിന്റെ മുൻവശം തകർന്നു. പുലമൺ കെ.ഐ.പി രവിനഗറിന് സമീപം ചിക്ക് ഇൻ എന്ന ഹോട്ടലിനു മുകളിലേക്കാണ് റോഡ് സൈഡിൽ നിന്ന മാവ് കടപുഴകി വീണത്. ഏകദേശം അമ്പതിനായിരത്തോളം രൂപയുടെ നാശം ഉണ്ടായതായി കണക്കാക്കുന്നു.
ഇന്നലെ രാവിലെ 9ന് പുലമൺ ജംഗ്ഷനിലെ ഇന്ത്യൻ കോഫി ഹൗസിന് മുന്നിലെ മാവ് കാറ്റും മഴയും ഇല്ലാതിരുന്നിട്ടും കടപുഴകി വീണത് സമീപത്തുണ്ടായിരുന്നവരിൽ ആശങ്ക പരത്തി.സാധാരണ ദിവസങ്ങളിൽ ഈ മാവിന്റെ തണലിൽ അനേകം വാഹനങ്ങൾ പാർക്ക് ചെയ്യാറുണ്ട്.എന്നാൽ മാവ് കടപുഴകി വീണപ്പോൾ ഏതാനും ഇരുചക്രവാഹനങ്ങൾ മാത്രമാണ് പാർക്ക് ചെയ്തിരുന്നത്.അവയ്ക്ക് പറയത്തക്ക കേടുപാടുകളും സംഭവിച്ചില്ല. കഴിഞ്ഞ ഒരാഴ്ച മുൻപ് എം.സി റോഡിൽ നിയന്ത്രണം വിട്ട് വന്ന കാർ ഈ മാവിൽ ഇടിച്ച് നിന്നിരുന്നു.ഇടിയുടെ ആഘാതത്തിൽ മാവിന്റെ ചുവടിന് സാരമായ കേടുപാടുസംഭവിച്ചു. അതാകാം മാവ് കടപുഴകി വീഴാൻ കാരണമെന്ന് കരുതുന്നു.കൊട്ടാരക്കരയിൽ നിന്നും ഫയർഫോഴ്സ് എത്തി മാവ് മുറിച്ചുമാറ്റി.