a
കൊട്ടാരക്കര അഗ്നി രക്ഷാ സേനാ നിലയത്തിന്റെ പത്താം വാർഷിക കേക്ക് മുറിച്ച് ആഘോഷിക്കുന്ന സേനാ അംഗങ്ങൾ

എഴുകോൺ: പത്താം വാർഷിക ദിനത്തിലും ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് കൊട്ടാരക്കര ഫയർ ആൻഡ് റെസ്ക്യൂ സേനാംഗങ്ങൾ. കൊട്ടാരക്കര അഗ്നിരക്ഷാ നിലയം സ്ഥാപിതമായിട്ട് 10 വർഷം പൂർത്തിയായ ഇന്നലെ 82 വയസുള്ള ഒരു വയോധികയുടെ ജീവനാണ് സേന രക്ഷിച്ചത്. ഇന്നലെ വൈകിട്ട് 3.30 ന് അമ്പലപ്പുറം കെ.എസ്.ഇ.ബി സബ്‌സ്റ്റേഷന് സമീപം പുല്ലിന് തീ പിടിച്ചത് കെടുത്തിയ ശേഷം സ്റ്റേഷനിൽ വന്നപ്പോൾ തന്നെ വെട്ടിക്കവല വില്ലൂരിൽ വയോധിക കിണറ്റിൽ വീണ സന്ദേശം ലഭിച്ചു .ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രാമൻകുട്ടി കിണറ്റിൽ ഇറങ്ങി റോപ്പിന്റെയും നെറ്റിന്റെയും സഹായത്തോടെയാണ് വയോധികയെ രക്ഷപ്പെടുത്തിയത്.

ജാഗ്രതയോടെ

2010 ഡിസംബർ 9 ന് കൊട്ടാരക്കര ഗ്രാമപഞ്ചായത്ത് താത്ക്കാലികമായി വിട്ടുനൽകിയ സ്ഥലത്ത് അന്ന് മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് ഫയർ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. അന്ന് മുതൽ നിരവധി പേരുടെയും മൃഗങ്ങളുടെയും ജീവനുകൾ രക്ഷിച്ചും പൊതു ജനങ്ങളുടെ സ്വത്ത് സംരക്ഷിച്ചും സജീവമായി. സ്റ്റേഷൻ ഓഫീസർ ശിവകുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാർ,ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജീവ്,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രാമൻകുട്ടി,മനോജ്,ഷൈൻ,ജയകൃഷ്ണൻ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ )സജി ലൂക്കോസ്,ഹോം ഗാർഡുമാരായ കൃഷ്ണൻകുട്ടി പിള്ള,രഞ്ജിത്ത് എന്നിവർ അടങ്ങുന്ന സേന നാടിന് വേണ്ടി ഏത് നേരത്തും ജാഗരൂകരാണ്.