
ശാസ്താംകോട്ട: കൊവിഡ് മാനദണ്ഡങ്ങൾക്ക് നടുവിൽ കർശന നിയന്ത്രണങ്ങളോടെ നടന്ന തിരഞ്ഞെടുപ്പിലും കുന്നത്തൂർ താലൂക്കിൽ രേഖപ്പെടുത്തിയത് കനത്ത പോളിംഗ്. താലൂക്കിലെ ഏഴു പഞ്ചായത്തുകളിലും 75 ശതമാനത്തിന് മുകളിലായിരുന്നു പോളിംഗ് എന്നത് മുന്നണികളുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു. ചില മേഖലകളിലൊഴിച്ചാൽ മുഴുവൻ വാർഡുകളിലും ഇക്കുറി ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. കഴിഞ്ഞ തവണ അധികാരത്തിലെത്തിയ ആറു പഞ്ചായത്തുകളിലും നടത്തിയ വികസന പ്രവർത്തനങ്ങളും സംസ്ഥാന സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളും ഇക്കുറിയും തുണയ്ക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതു മുന്നണി. കഴിഞ്ഞ തവണ നഷ്ടപ്പെട്ട ആറു പഞ്ചായത്തിലെയും ഭരണം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്പ്. ശബരിമലയും കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളും സ്ഥാനാർത്ഥിത്വത്തിൽ യുവജനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയതും തുണയാകുമെന്ന കണക്കുകൂട്ടലിലാണ് എൻ.ഡി.എ.
പഞ്ചായത്തുകളിലെ പോളിംഗ് ശതമാനം
മൈനാഗപ്പള്ളി - 75.76 %
ശാസ്താംകോട്ട - 77.29 %
ശൂരനാട് തെക്ക് - 80. 21 %
പോരുവഴി - 77.40 %
കുന്നത്തൂർ - 78. 71 %
ശൂരനാട് വടക്ക് - 78.32%
പടിഞ്ഞാറേ കല്ലട - 78.90 %
ഇത്തവണ എൻ.ഡി.എ കുന്നത്തൂർ, പോരുവഴി പഞ്ചായത്തുകളിൽ അധികാരത്തിലെത്തും. മറ്റു പഞ്ചായത്തുകളിൽ മുഖ്യ പ്രതിപക്ഷമാവും.
ബൈജു ചെറു പൊയ്ക
ബി.ജെ.പി കുന്നത്തൂർ നിയോജക മണ്ഡലം പ്രസിഡന്റ്
മൂന്നു ജില്ലാ പഞ്ചായത്ത് ഡിവിഷനിലും യു.ഡി.എഫ് വിജയിക്കും. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിലെയും താലൂക്കിലെ ഏഴു പഞ്ചായത്തുകളിലെയും ഭരണം ഇക്കുറി യു.ഡി.എഫ് നേടും.
ഗോകുലം അനിൽ
യു.ഡി.എഫ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ
കുന്നത്തൂർ താലൂക്കിലെ ഏഴു പഞ്ചായത്തുകളിലും ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിലും വലിയ ഭൂരിപക്ഷത്തോടെ എൽ.ഡി.എഫ് അധികാരത്തിലെത്തും. മൂന്നു ജില്ലാ പഞ്ചായത്തു ഡിവിഷനുകളിലും ഇടതുമുന്നണിക്ക് മികച്ച വിജയം ലഭിക്കും"
കോവൂർ കുഞ്ഞുമോൻ എം.എൽ.എ