
 മൂന്ന് പവൻ സ്വർണ്ണാഭരണങ്ങളാണ് നഷ്ടമായത്.
കൊല്ലം: ജില്ലാ ആശുപത്രിക്ക് സമീപം കോട്ടത്താഴം മഹാഗണപതി ക്ഷേത്രത്തിൽ മോഷണം നടത്തി മൂന്ന് പവൻ സ്വർണാഭരണങ്ങൾ ഉൾപ്പെടെ ഒരു ലക്ഷത്തിലേറെ രൂപയുടെ സാധനങ്ങൾ കവർന്ന കേസിലെ പ്രധാനി അറസ്റ്റിൽ. തങ്കശേരി ഇസാക്കി പറമ്പിൽ ജോയിയാണ് (46) അറസ്റ്റിലായത്.
ചൊവ്വാഴ്ച പുലർച്ചെ 1.15നാണ് ജോയിയും സഹായിയും ക്ഷേത്രവളപ്പിൽ മോഷണത്തിനെത്തിയത്. ശ്രീകോവിൽ ഉൾപ്പെടെ കുത്തിത്തുറന്നായിരുന്നു കവർച്ച. ചൊവ്വാഴ്ച രാവിലെയാണ് മോഷണ വിവരം ക്ഷേത്ര ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരമറിഞ്ഞെത്തിയ കൊല്ലം ഈസ്റ്റ് പൊലീസ് കൊല്ലം സിറ്റി ടെമ്പിൾ തെഫ്ട് സ്ക്വാഡിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ജോയി കുടുങ്ങിയത്. ക്ഷേത്ര പരിസരത്തെ നിരവധി സി.സി.ടി.വി കാമറകൾ പരിശോധിച്ചാണ് തെളിവുകളിലേക്ക് എത്തിയത്.
ജില്ലയ്‌ക്കകത്തും പുറത്തുമുള്ള നിരവധി ക്ഷേത്ര മോഷണക്കേസുകളിൽ ഉൾപ്പെടെ പ്രതിയാണ് ജോയി എന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ജോയിയെ റിമാൻഡ് ചെയ്തു. ഇയാളുടെ സഹായിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. സ്വർണാഭരണങ്ങൾക്ക് പുറമെ ആംപ്ലിഫയർ ഉൾപ്പെടെയുള്ള സാധനങ്ങൾ ഇരുവരും ചേർന്ന് കവർന്നു. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ എ. നിസാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും.