 
കൊല്ലം: അപകടങ്ങളുണ്ടാക്കി ജീവനെടുക്കുന്നവരെന്ന തെരുവ് നായ്ക്കളുടെ അപഖ്യാതിക്ക് അറുതിയാകും. കൊട്ടിയത്തെ ജനന നിയന്ത്രണ പദ്ധതിയുടെ ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് കുറ്റാക്കുറ്റിരുട്ടിലും വെട്ടിത്തിളങ്ങുന്ന ഗ്രീൻ കോളറണിഞ്ഞാണ് നായ്ക്കൾ ഇനി പുറത്തിറങ്ങുക. വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയരായ നായ്ക്കളെ തിരിച്ചറിയാനും രാത്രികാലത്ത് കുറുകെ ചാടി ഇരുചക്ര വാഹനയാത്രികർക്ക് ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് ഫ്ളൂറസെന്റ് പച്ച നിറമുള്ള കോളറണിയിച്ച് നായ്ക്കളെ ഇനി പുറത്തേക്ക് വിടുന്നത്.
രാത്രിയിൽ ഒറ്റയ്ക്കും കൂട്ടായും സഞ്ചരിക്കുന്ന നായ്ക്കൾ നിരവധി അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട്. ബൈക്ക് യാത്രികരാണ് ഏറെയും അപകടത്തിനിരയാകുന്നത്. നായ്ക്കൾ റോഡിൽ ഉറങ്ങിക്കിടക്കുന്നതറിയാതെ ബൈക്ക് ഓടിച്ചുകയറ്റുന്നതും ബൈക്കിന് നേരേ ചാടി വീഴുന്നതും കാരണം നിരവധി ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്. ഇതിനൊരു പരിഹാരമായാണ് ജില്ലയിൽ 'റേഡിയോ കോളർ' പദ്ധതി നടപ്പാക്കുന്നത്.
രാത്രിയിലും തിളങ്ങുന്ന ഗ്രീൻ കോളറിന്റെ സഹായത്തോടെ 500 മീറ്റർ അകലെ നിന്നും നായ്ക്കളുടെ സാന്നിദ്ധ്യം തിരിച്ചറിയാം. കൊല്ലം ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന എ.ബി.സി പദ്ധതിയുടെ ഭാഗമായി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കോളർ അപ്പ് എന്ന സംഘടനയാണ് ഗ്രീൻ കോളറുകൾ സൗജന്യമായി സംഭാവന ചെയ്യുന്നത്.
 വന്ധ്യംകരണത്തിനൊപ്പം പേവിഷ പ്രതിരോധ വാക്സിനേഷനും നൽകിയിട്ടുള്ളതിനാൽ ഇത്തരം നായ്‌ക്കൾ കടിച്ചാൽ പേവിഷ പ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടതില്ല.-
ഡോ. ഡി,. ഷൈൻകുമാർ ജില്ലാ എ.ബി.സി കോ ഓർഡിനേറ്റർ
 രണ്ടായിരത്തിലധികം കോളറുകൾ
ആദ്യഘട്ടത്തിൽ 400 കോളറുകൾ കൊല്ലത്തെത്തിച്ചു. റോട്ടറി ക്ലബ് 2000 കോളറുകൾ കൂടി ലഭ്യമാക്കും. വന്ധ്യംകരണ ശസ്ത്രക്രിയകൾ പുരോഗമിക്കുന്നതോടെ കൂടുതൽ കോളർ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
 1 കോടിയുടെ പദ്ധതി
ജില്ലയിൽ ഒരു കോടി രൂപ വിനിയോഗിച്ചാണ് എ.ബി.സി പദ്ധതി നടപ്പാക്കുന്നത്. ഒരു പ്രദേശത്ത് നിന്ന് പിടിക്കുന്ന നായ്ക്കളെ വന്ധീകരിച്ച് പേവിഷ പ്രതിരോധ കുത്തിവയ്‌പ്പെടുത്ത് അതേ സ്ഥലത്ത് തുറന്നുവിടുന്നതാണ് പദ്ധതി.
 ഹൈടെക്കാണ് റേഡിയോ കോളർ
നായ്ക്കളെ ഇരുട്ടിൽ തിരിച്ചറിയുക മാത്രമല്ല ബാറ്ററിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന റേഡിയോ കോളറിന്റെ ഉപയോഗം. വെരി ഹൈ ഫ്രീക്വൻസി കോളറെന്ന ഈ ഉപകരണത്തിൽ നിന്ന് നായ്ക്കളെപ്പറ്റിയുള്ള അത്യാവശ്യ വിവരങ്ങളും മൃഗസംരക്ഷണ വകുപ്പിന് മനസിലാക്കാം.
ഇതിനുള്ളിലുള്ള മൈക്രോ ചിപ്പിൽ നായയുടെ പ്രായം, ഇനം, കണ്ടെത്തിയ സ്ഥലം, ആക്രമണകാരിയാണോ അല്ലയോ, എ.ബി.സിയും വാക്സിനേഷനും ചെയ്ത വിവരങ്ങൾ എല്ലാം സ്റ്റോർ ചെയ്തിരിക്കും. നായയെപ്പറ്റിയുള്ള വിവരങ്ങൾ എത്രകാലം കഴിഞ്ഞാലും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ പക്കലുള്ള ഉപകരണത്തിന്റെ സഹായത്തോടെ മനസിലാക്കാൻ കഴിയുമെന്നതാണ് ഇതിന്റെ നേട്ടം.
വാഹനങ്ങളിൽ ജി.പി.എസ് സേവനം പോലെ നായയെ കാണാതെ പോയാൽ ഹൈ ഫ്രീക്വൻസി തരംഗങ്ങളുടെ സഹായത്തോടെ ലൊക്കേഷൻ തിരിച്ചറിയാനും കഴിയും.
 ജില്ലയിൽ 74,416 തെരുവ് നായ്ക്കൾ (മൃഗസംരക്ഷണ വകുപ്പ്)