
തിരുവനന്തപുരം: കോടികളുടെ സ്വത്ത് തട്ടിപ്പ് നടന്നതായി ആരോപണമുയർന്ന കരമന കൂടത്തിൽ കേസിൽ മുഖ്യപ്രതിയായ കാര്യസ്ഥൻ രവീന്ദ്രൻ നായർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ കേസ് അന്വേഷണവും പ്രോസിക്യൂഷൻ നടപടികളും സംശയനിഴലിലായി. കേസിൽ കൂടത്തിൽ തറവാട്ടിലെ സഹായിയായിരുന്ന സഹദേവന് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് രവീന്ദ്രൻ നായരും ജാമ്യം നേടിയത്.
തലസ്ഥാന നഗരിയുടെ കണ്ണായ ഭാഗങ്ങളിൽ കൂടത്തിൽ തറവാട്ട് വകയായുണ്ടായിരുന്ന കോടികൾ വിലമതിക്കുന്ന വസ്തുവകകൾ കൈക്കലാക്കുകയും മറിച്ചുവിൽക്കുകയും ചെയ്ത കേസിലാണ് കൂടത്തിൽ തറവാട്ടിലെ കാര്യസ്ഥനും കോടതി ജീവനക്കാരനുമായ രവീന്ദ്രൻനായർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കൂടത്തിൽ തറവാട്ട് വകയായ വസ്തുക്കൾ ഭാഗം ചെയ്ത ഡിക്രിയിൽ കേസിലെ വാദിയായ പ്രസന്നകുമാരിയും ഉൾപ്പെട്ടിരുന്നുവെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചത്. കേസ് അന്വേഷണം തുടരുന്ന സാഹചര്യം പരിഗണിച്ചും അന്വേഷണവുമായി സഹകരിക്കുമെന്നും നാട് വിട്ടുപോകില്ലെന്നും കോടതിമുമ്പാകെ കോടതി ജീവനക്കാരൻ കൂടിയായ രവീന്ദ്രൻനായർ നൽകിയ ഉറപ്പ് കൂടി പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.
പ്രോസിക്യൂഷന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന്
എന്നാൽ, സ്വത്ത് തട്ടിയെടുക്കാനിടയാക്കിയ വിൽപത്രം തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് പൊലീസ് തന്നെ കണ്ടെത്തിയ പല തെളിവുകളും സാക്ഷിമൊഴികളും രേഖകളും കോടതി മുമ്പാകെ ഹാജരാക്കുന്നതിലും വ്യാജരേഖചമയ്ക്കലും കൃത്രിമങ്ങളും കോടതിയെ ബോദ്ധ്യപ്പെടുത്തുന്നതിലും പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ് കേസിൽ രവീന്ദ്രൻനായർക്ക് ജാമ്യം അനുവദിക്കാൻ ഇടയാക്കിയതെന്നാണ് കൂടത്തിൽ കേസിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതിയുമായി ആദ്യം പൊലീസിനെ സമീപിച്ച കരമന സ്വദേശി അനിൽകുമാറിന്റെ ആക്ഷേപം.
തെളിവുകൾ ഹാജരാക്കിയില്ല
കൂടത്തിൽ തറവാട്ടിൽ അവസാനമായി മരണമടഞ്ഞ ജയമാധവൻനായർ ജീവിച്ചിരിക്കെ തയ്യാറാക്കിയ വിൽപത്രപ്രകാരമാണ് വസ്തുക്കൾ ഭാഗം ചെയ്തതെന്നായിരുന്നു കാര്യസ്ഥന്റെ വെളിപ്പെടുത്തൽ. എന്നാൽ, വിൽപ്പത്രത്തിൽ സാക്ഷി രവീന്ദ്രൻനായർ ഇത് തന്റെ വീട്ടിൽ കൊണ്ടുവന്ന് ഒപ്പിടുവിച്ചതാണെന്നും അതിന് ലക്ഷങ്ങൾ പ്രതിഫലമായി നൽകിയിരുന്നുവെന്നും വെളിപ്പെടുത്തിയതോടെ വിൽപത്രം തയ്യാറാക്കിയത് കൂടത്തിൽ തറവാട്ടിൽ വച്ചല്ലെന്ന് വ്യക്തമായി. ഇക്കാര്യം പൊലീസ് അന്വേഷണത്തിലും സ്ഥിരീകരിക്കപ്പെട്ടെങ്കിലും ജാമ്യഹർജി പരിഗണിച്ചപ്പോൾ ഇത്തരം തെളിവുകൾ കോടതിയെ ബോദ്ധ്യപ്പെടുത്താൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് ഇപ്പോഴുയരുന്ന ആക്ഷേപം.
ക്രൈംനമ്പർ 2201/19
മുൻ കളക്ടറുൾപ്പെടെ 13 പ്രതികൾ
കൂടത്തിൽ കുടുംബത്തിന്റെ കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ തട്ടിയെടുത്ത കേസിൽ കരമന പൊലീസ് രജിസ്റ്റർ ചെയ്ത 220/19 ൽ കാര്യസ്ഥൻ രവീന്ദ്രൻ നായരും മുൻ കളക്ടർ മോഹൻദാസും ഭാര്യയുമുൾപ്പെടെ 13പേരായിരുന്നു പ്രതികൾ. ഐ.പി.സി 120 ബി., 406, 420, 506 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിരിക്കുന്ന പേരുകൾ:
1. രവീന്ദ്രൻനായർ- കാര്യസ്ഥൻ (51)
2.സഹദേവൻ(58) സഹായി
3.മായാദേവി (75)
4.ലതാദേവി (67)
5.ശ്യാംകുമാർ (63)
6.സരസാദേവി (57)
7.സുലോചനാദേവി (56)
8.വി.ടി നായർ (55)
9.ശങ്കരമേനോൻ (54)
10.മോഹൻദാസ് (കളക്ടർ)
11.ലീല (73)
12. അനിൽകുമാർ
13. പ്രതിയുടെ പേരില്ല, മണക്കാട് സ്വദേശി
#ദുരൂഹമരണങ്ങൾ സംബന്ധിച്ച കേസിലും അട്ടിമറി നീക്കം സജീവം
കൂടത്തിൽ തറവാട്ടിൽ അവസാനമായി മരിച്ച ജയമാധവൻനായരുടേതുൾപ്പെടെയുള്ള മരണങ്ങൾ സംബന്ധിച്ച അന്വേഷണവും അട്ടിമറിക്കാൻ അണിയറനീക്കങ്ങൾ സജീവമാണെന്നാണ് സൂചന. വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച മരണങ്ങളുടെ കാരണങ്ങൾ കണ്ടെത്താനും സംശയങ്ങൾ ദുരീകരിക്കാനും ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനമാക്കി അതിസൂക്ഷ്മമായ വിധത്തിലുളള അന്വേഷണമാണ് ആവശ്യം. ഇതിന് മേൽനോട്ടം വഹിക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും വിദേശവനിതയുടെ കൊലപാതകം അന്വേഷിച്ച എസ്.പി അജിത്തിനെ നിയോഗിക്കണമെന്ന് പരാതിക്കാരായ പ്രസന്ന കുമാരിയും കരമന അനിൽകുമാറും മുഖ്യമന്ത്രിക്കും ഡി.ജി.പിയ്ക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുകയും അജിത് കുമാറിന് ചുമതല നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തെങ്കിലും മാസങ്ങൾക്ക് ശേഷവും യാതൊരു നടപടിയുമുണ്ടായില്ല.
അട്ടിമറിക്കാൻ പൊലീസിലെ ഉന്നതൻ ഉൾപ്പെടെ
കേസ് അന്വേഷിക്കുന്ന ക്രൈംഡിറ്റാച്ച് മെന്റ് അസി.കമ്മിഷണർ സുൾഫിക്കർ തുടക്കത്തിൽ കാര്യമായ നിലയിൽ അന്വേഷണം നടത്തിയെങ്കിലും കൊവിഡും തിരഞ്ഞെടുപ്പും മറ്ര് ചുമതലകളും വന്നതോടെ കേസ് അന്വേഷണം ഒച്ചിഴയും വേഗത്തിലാണ്. ഫോറൻസിക് ഫലമുൾപ്പെടെ പലതെളിവുകളും വൈകുന്നതും അന്വേഷണത്തിന് തടസമാകുന്നുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും റവന്യൂ ജീവനക്കാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും അവരുടെ ബിനാമികളും ഉൾപ്പെട്ടിട്ടുണ്ടെന്നിരിക്കെ സർക്കാർ തലത്തിൽ ശക്തമായ നീക്കം നടത്തിയാൽ മാത്രമേ ഈ കേസ് തെളിയിക്കാനാകൂ.