college

കൊല്ലം: നീണ്ട ഇടവേളയ്ക്ക് ശേഷം കോളേജുകൾ ജനുവരി ഒന്നിന് തുറന്നേക്കും. ഇതുസംബന്ധിച്ച തീരുമാനമെടുക്കാൻ അടുത്തയാഴ്ച ആരോഗ്യ, ഉന്നതവിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത യോഗം വിളിച്ചിട്ടുണ്ട്.

രണ്ട് ഷിഫ്ടുകളായി ക്ലാസുകൾ നടത്താനാണ് ആലോചന. ആദ്യ ഷിഫ്ട് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1 വരെയും രണ്ടാമത്തേത് ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 5 വരെയും. ആരോഗ്യവകുപ്പ് അനുകൂല നിലപാടെടുത്താൽ ജനുവരി 1ന് തന്നെ ക്ലാസുകൾ ആരംഭിക്കും. സാമൂഹ്യ അകലം പാലിക്കാൻ കഴിയുന്ന തരത്തിൽ പ്രത്യേക ക്രമീകരണങ്ങളോടെയാകും ക്ലാസ്. ഈ അക്കാദമിക് വർഷം നീണ്ടുപോകാതെ പരീക്ഷകൾ നടത്തി തീർക്കാനുള്ള ആലോചനകളും തുടങ്ങിയിട്ടുണ്ട്.

നിലവിൽ ഗൂഗിൾ മീറ്റ് അടക്കമുള്ള ആപ്ലിക്ഷേനുകൾ വഴി ഓൺലൈനായാണ് ക്ലാസ്. രാവിലെ 8.30 മുതൽ തന്നെ ചില കോളേജുകളിൽ ക്ലാസ് ആരംഭിക്കുന്നുണ്ട്. 9.30ക്ക് തുടങ്ങുന്നവരുമുണ്ട്. അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സൗകര്യാർത്ഥം വൈകിട്ട് അഞ്ച് മണിക്ക് ശേഷവും ക്ലാസുകൾ നടത്തുന്നുണ്ട്. അസൈൻമെന്റുകളും ടെസ്റ്റ് പേപ്പറുകളും ഗൂഗിൾ ക്ലാസ് റൂം അപ്ലിക്കേഷനുകൾ വഴിയാണ്. സ്വന്തമായി തയ്യാറാക്കിയ അപ്ലിക്കേഷനുകലും ചില കോളേജുകൾ ഉപയോഗിക്കുന്നുണ്ട്. ലക്ചർ ക്ലാസുകൾ കൃത്യമായി നടക്കുന്നുണ്ടെങ്കിലും സയൻസ്, എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് ലാബുകൾ വളരെ കുറച്ചേ ലഭിക്കുന്നുള്ളു. സാമൂഹ്യ അകലം പാലിക്കേണ്ടതിനാൽ വളരെ കുറച്ച് വിദ്യാർത്ഥികളെ മാത്രം ഉൾപ്പെടുത്തിയാണ് ലാബുകൾ നടത്തുന്നത്.

''

കോളേജുകൾ തുറക്കുന്നത് ആലോചിക്കാൻ അടുത്തയാഴ്ച യോഗം വിളിച്ചിട്ടുണ്ട്. ജനുവരി 1ന് തുറക്കാനാണ് ആലോചന.

കെ.ടി. ജലീൽ

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി