road

കൊല്ലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി ആലപ്പുഴയിലെ കൊച്ചുകുളങ്ങരയിൽ നിന്ന് കൊല്ലം ബൈപ്പാസ് ആരംഭിക്കുന്ന കാവനാട് ആൽത്തറമുക്ക് വരെയുള്ള ഭാഗം ആറുവരിയാക്കുന്നതിനുള്ള ടെണ്ടർ നടപടികൾ തുടങ്ങി. ഭാരത് പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി 31.5 കിലോ മീറ്റർ ഭാഗത്തിന്റെ വികസനത്തിനുള്ള ടെണ്ടറാണ് ദേശീയപാത അതോറിറ്റി ക്ഷണിച്ചത്.

1185.27 കോടിയാണ് ടെണ്ടർ തുക. ഇപ്പോൾ ടെണ്ടർ ചെയ്തിരിക്കുന്ന 31.5 കിലോ മീറ്റർ ദൂരത്തിൽ ഏകദേശം 21 കിലോ മീറ്റർ ജില്ലയിൽ ഉൾപ്പെടുന്നതാണ്. വലിയ പാലങ്ങളായ കന്നേറ്റി, നീണ്ടകര എന്നിവയും കായംകുളം, കൃഷ്ണപുരം, ചവറ എന്നിവിടങ്ങളിലെ ചെറിയ പാലങ്ങളും ഈ മേഖലയിൽ ഉൾപ്പെടുന്നു. 30 മാസമാണ് നിർമ്മാണ കാലാവധി. മേവറം മുതൽ ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണം വരെയാണ് ദേശീപാത വികസനത്തിന്റെ ജില്ലയിലെ രണ്ടാമത്തെ ഘട്ടം.

 ആകെ ദൂരം ദൂരം: 31.5 കി. മീറ്റർ

 എസ്റ്റിമേറ്റ് തുക : 1185.27 കോടി

ഒരുതുണ്ട് ഭൂമി പോലും ഏറ്റെടുത്തിട്ടില്ല

ഇപ്പോൾ ടെണ്ടർ ക്ഷണിച്ചിരിക്കുന്ന പ്രദേശത്ത് ദേശീയപാത വികനത്തിന് ഒരു തുണ്ട് ഭൂമി പോലും ഏറ്റെടുത്തിട്ടില്ല. ജില്ലയിലാകെ 59 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഇതിൽ 50 ഹെക്ടർ സ്ഥലം ഏറ്റെടുത്തുള്ള ത്രി ഡി വിജ്ഞാപനം നിലവിൽ വന്നിട്ടുണ്ട്. ബാക്കിയുള്ള 9 ഹെക്ടറിൽ നാല് ഇപ്പോൾ ടെണ്ടർ ക്ഷണിച്ചിരിക്കുന്ന മേഖലയിലാണ്. ത്രീ ഡി വിജ്ഞാപനം വന്ന സ്ഥലങ്ങളിൽ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ രേഖകൾ ഉടമകളിൽ നിന്ന് ശേഖരിക്കുന്ന നടപടി കൊവിഡിൽ കുടുങ്ങി നിൽക്കുകയാണ്. ഭൂമിയുടെ വിലനിർണയം പ്രാഥമിക ഘട്ടത്തിൽ മാത്രമാണ്. കെട്ടിടങ്ങളുടെ വില നിർണയം ആരംഭിച്ചിട്ടില്ല.