സാവകാശം അനുവദിക്കണമെന്ന് താമസക്കാർ
സ്ഥലം കോടതി സമുച്ചയത്തിനായി കൈമാറിയിരുന്നു
കൊല്ലം: കോടതി സമുച്ചയം നിർമ്മിക്കാനായി കൈമാറിയ കളക്ടറേറ്റിന് സമീപത്തെ എൻ.ജി.ഒ ക്വാർട്ടേഴ്സിലെ താമസക്കാർ 20ന് മുമ്പ് ഒഴിയണമെന്ന് നോട്ടീസ്. പൊതുമരാമത്ത് കെട്ടിട വിഭാഗം നൽകിയ നോട്ടീസ് ഇന്നലെയാണ് താമസക്കാരിൽ മിക്കവർക്കും ലഭിച്ചത്. പത്ത് ദിവസത്തിനുള്ളിൽ ഒഴിയണമെന്ന നിർദ്ദേശം ലഭിച്ചതോടെ എങ്ങോട്ട് പോകണമെന്ന ആശങ്കയിലാണ് പലരും.
ജില്ലാ ആസ്ഥാനത്തെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി നോക്കുന്ന വിദൂര സ്ഥലങ്ങളിൽ നിന്നുള്ളവരാണ് താമസക്കാരിൽ അധികവും. ക്വാർട്ടേഴ്സ് ഒഴിയുന്നതിന് പൊതുവെ പാലിക്കുന്ന മാനദണ്ഡങ്ങളൊന്നും പാലിച്ചില്ലെന്ന് ഇവർ പരാതിപ്പെടുന്നു. അദ്ധ്യയന വർഷത്തിന്റെ പകുതിയിൽ താമസ സ്ഥലം മാറണമെന്ന നിർദ്ദേശം അംഗീകരിക്കാവുന്നതല്ല. സർക്കാർ ഭൂമിയിലെ അനധികൃത താമസക്കാരെ കുടിയൊഴിപ്പിക്കുന്നത് പോലെ പെരുമാറുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇവർ പറയുന്നു. ക്വാർട്ടേഴ്സ് മാറുന്നതിന് ആവശ്യമായ സമയം നൽകിയേ മതിയാകൂ എന്ന ആവശ്യവും താമസക്കാർ ഉന്നയിച്ചിട്ടുണ്ട്.
ഈ മാസം രണ്ടിനാണ് എൻ.ജി.ഒ ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്ന കൊല്ലം കളക്ടറേറ്റിന് പടിഞ്ഞാറ് വശത്തുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്തി ജുഡീഷ്യറിക്ക് കൈമാറിയത്. കോടതി സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതിനൊപ്പം ക്വാർട്ടേഴ്സുകൾക്ക് പകരം ജീവനക്കാർക്ക് താമസിക്കാൻ ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കുമെന്നാണ് സർക്കാർ നൽകിയ ഉറപ്പ്.