 
പുനലൂർ: പട്ടണത്തിലെ നടപ്പാതകളിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നു.അതോടെ കാൽനട യാത്രക്കാർക്ക് നടക്കാനിടമില്ല.പുനലൂർ-അഞ്ചൽ പാതയിലെ പവർ ഹൗസ് ജംഗ്ഷൻ മുതൽ ചെമ്മന്തൂർ വരെയുള്ള ഭാഗങ്ങൾക്ക് പുറമെ ചൗക്ക, മാർക്കറ്റ് റോഡുകളിലെ നടപ്പാതകളിലുമാണ് ഇരു ചക്ര വാഹനങ്ങൾ അടക്കമുള്ളവ പാർക്ക് ചെയ്യുന്നത്. പവർ ഹൗസ്, പുതിയിടത്ത് ശ്രീകൃഷ്ണ സ്വമി ക്ഷേത്രത്തിന് സമീപം, വെട്ടിപ്പുഴ, കെ.എസ്.ആർ.ടി.സി ജംഗ്ഷൻ, എസ്.ബി.ഐ, ഗവ.ഹയർ സെക്കൻഡറി സ്കൂൾ, പോസ്റ്റ് ഓഫീസ്, രാംരാജ് , ചൗക്ക റോഡ്, മാർക്കറ്റ് തുടങ്ങിയ പ്രധാന ജംഗ്ഷനുകളിലെയും മറ്റും നടപ്പാതയിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.ഇതിൽ ഏറെയും ഇരുചക്രവാഹനങ്ങളാണ്.
നടപടിയെടുക്കുന്നില്ല
നടപ്പാതയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ നടപടികൾ സ്വീകരിക്കാൻ പൊലീസോ, നഗരസഭ അധികൃതരോ തയ്യാറാകുന്നില്ലെന്ന പരാതിയും ഉണ്ട് .എട്ട് മാസം മുമ്പ് റോഡ് നവീകരിച്ചതിനൊപ്പം നടപ്പാതയും നവീകരിച്ചിരുന്നു. ഇന്റർ ലോക്ക് കട്ടകൾ പാകിയ ശേഷം ഇരുമ്പ് കൈവരികളും സ്ഥാപിച്ച നടപ്പാതയിൽ ആളുകൾക്ക് നടക്കാൻ കഴിയാത്ത വിധം വാഹനങ്ങൾ കയ്യടക്കിയിരിക്കുകയാണ്.
കാൽനടയാത്രക്കാർ ദുരിതത്തിൽ
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൽ നിന്നും അനുവദിച്ച 2.25കോടി രൂപ ചെലവഴിച്ചാണ് ടൗണിലൂടെ കടന്ന് പോകുന്ന റോഡും ഓടയും നടപ്പാതയും നവീകരിച്ചത്.ടൗണിൽ അനുഭവപ്പെട്ടിരുന്ന ഗതാഗത കുരുക്കിനെ തുടർന്ന് സ്കൂൾ വിദ്യാർത്ഥികൾ അടക്കമുളള കാൽ നടയാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനായിരുന്നു പാതയോരതത്ത് പുതിയ നടപ്പാത പണിതത്. എട്ട് മാസം മുമ്പ് വരെ പാതയോരത്തെ നടപ്പാതകൾ കുണ്ടും കുഴിയും രൂപപ്പെട്ട് ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു.എന്നാൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പുറമെ വ്യാപാരികൾ നടപ്പാതയിലേക്ക് ഇറക്കി സാധനങ്ങൾ വയ്ക്കുന്നതും പതിവ് സംഭവമായി മാറുകയാണ്.