കെൽട്രോണിന്റെ നേതൃത്വത്തിലാണ് കാമറകൾ സ്ഥാപിക്കുന്നത്

കൊല്ലം ജില്ലയിൽ 50 കാമറകൾ

കൊല്ലം: വാഹന പരിശോധനയ്ക്കായി ജില്ലയിലെ പ്രധാന കവലകളിലുൾപ്പടെ മോട്ടോർ വാഹന വകുപ്പ് കാമറകൾ സ്ഥാപിക്കുന്നു. ഇതിന്റെ സർവേ നടപടികൾ പൂർത്തിയാക്കി. കാമറകൾ സ്ഥാപിക്കേണ്ട സ്ഥലം നിശ്ചയിച്ച് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. കെൽട്രോണിന്റെ നേതൃത്വത്തിലാണ് കാമറകൾ സ്ഥാപിക്കുന്നതും തുടർ പ്രവർത്തനങ്ങളും. മോട്ടോർ വാഹന വകുപ്പിൽ എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒയുടെ പൂർണ നിയന്ത്രണത്തിലാകും ഇതിന്റെ പ്രവർത്തനങ്ങൾ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കാമറകൾ സ്ഥാപിക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ കൊല്ലം ജില്ലയിൽ 50 കാമറകളാണ് ഉടൻ സ്ഥാപിക്കുക.

കാമറ പിടിക്കും

ഹെൽമറ്റ് ധരിക്കാതെയും സീറ്റ് ബെൽറ്ര് ഇല്ലാതെയുമുള്ള യാത്ര, അമിത ലോഡ്, നമ്പർ പ്ളേറ്റുകളിലെ കൃത്രിമം, ഇരുചക്ര വാഹനങ്ങളിൽ രണ്ടുപേരിൽ കൂടുതൽ യാത്ര തുടങ്ങി ക്രമക്കേടുകളൊക്കെ കാമറകൾ ഒപ്പിയെടുക്കും. ഓട്ടോമാറ്റിക് സംവിധാനമാണ് ഇതിനായി ഏർപ്പെടുത്തുക. സർവേ നടപടികൾ പൂർത്തിയായതിനാൽ ഇനി കാമറ സ്ഥാപിക്കുന്നതിന്റെ നടപടികൾ തുടങ്ങും. ജനുവരി അവസാനത്തോടെ പ്രവർത്തനം തുടങ്ങാമെന്നാണ് കണക്കുകൂട്ടുന്നത്.

കൺട്രോൾ റൂം കൊട്ടാരക്കരയിൽ

കൊട്ടാരക്കരയിലാണ് നിലവിൽ എൻഫോഴ്സ്മെന്റ് ആർ.ടി.ഓഫീസ് പ്രവർത്തിക്കുന്നത്. കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനിൽ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുള്ളതിനാൽ വിപുലമായ ഓഫീസ് സംവിധാനം ഇവിടെ ഉടൻ ഒരുക്കിയെടുക്കും. കെട്ടിടത്തിന്റെ രണ്ടായിരത്തി അൻപത് ചതുരശ്ര അടി വിസ്തീർണമുള്ള ഭാഗം എൻഫോഴ്സ്മെന്റ് ആർ.ടി.ഓഫീസ് സംവിധാനങ്ങൾക്കായി അനുവദിച്ചിട്ടുണ്ട്. ഇവിടെയാണ് കാമറകളുടെ കൺട്രോൾ മുറിയും പ്രവർത്തിക്കുക. കെൽട്രോണിന്റെ ഉദ്യോഗസ്ഥ സംഘമാണ് കാമറകളുടെ പ്രവർത്തനം ക്രോഡീകരിക്കുക. കാമറക്കണ്ണുകൾ ഒപ്പിയെടുക്കുന്ന ചിത്രങ്ങൾ സഹിതം പിഴ ഈടാക്കേണ്ട തുക കണക്കാക്കി കെൽട്രോണിന്റെ ചുമതലക്കാർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒയ്ക്ക് നൽകി ഒപ്പ് രേഖപ്പെടുത്തിയാണ് ബന്ധപ്പെട്ട വാഹന ഉടമകൾക്ക് അയക്കുക.

നിരത്തിലെ ക്രമക്കേടുകൾ പരിഹരിക്കാം

ആദ്യഘട്ടത്തിൽ 50 കാമറകളാണ് സ്ഥാപിക്കുന്നത്. സർവേ നടപടികൾ പൂർത്തിയായിട്ടുണ്ട്. കെൽട്രോണിന്റെ ചുമതലയിൽത്തന്നെ അതിന്റെ സജ്ജീകരണങ്ങളും അനുബന്ധ പ്രവർത്തനങ്ങളും നടത്തും. ക്രമക്കേടുകൾ കണ്ടെത്തുന്നതിന് പിഴ ഈടാക്കുന്ന ജോലികൾ മോട്ടോർ വാഹന വകുപ്പിന്റെ നിയന്ത്രണത്തിലാണ്. കാമറകൾ സ്ഥാപിച്ചാലും നിരത്തുകളിലെ വാഹന പരിശോധനാ സംവിധാനം പഴയ നിലയിൽ തുടരുകയും ചെയ്യും.

(ഡി.മഹേഷ്, ആർ.ടി.ഒ, എൻഫോഴ്സ്മെന്റ്, കൊല്ലം)

---