
കൊല്ലം: തദ്ദശ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നഗരത്തിലെ പ്രധാന ചർച്ചാവിഷയം 'ആരാകും അടുത്ത മേയർ' എന്നതാണ്. പാർട്ടി ഓഫീസുകളിൽ മാത്രമല്ല, ചായക്കടകൾ, തട്ടുകടകൾ, സർക്കാർ ഓഫീസുകൾ തുടങ്ങി നാലാളു കൂടുന്നിടത്തെല്ലാം മേയർചർച്ച കൊഴുക്കുകയാണ്.
എൽ.ഡി.എഫ്
മുൻ മേയറും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ പ്രസന്ന ഏണസ്റ്റ്, മുൻ ഡെപ്യൂട്ടി മേയറും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റുമായ എസ്. ഗീതാകുമാരി എന്നിവരുടെ പേരുകളാണ് സി.പി.എം വൃത്തങ്ങളിൽ ഉയർന്നുകേൾക്കുന്നത്. തിരുമുല്ലവാരത്ത് മത്സരിച്ച എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം യു. പവിത്രയുടെ പേരും ഉയരുന്നുണ്ട്. പവിത്ര പാർട്ടി അംഗം മാത്രമാണ്. പാർട്ടി അംഗം മാത്രമായിരിക്കുമ്പോഴാണ് സബിദാ ബീഗത്തെ സി.പി.എം കൊല്ലത്തിന്റെ ആദ്യ മേയറാക്കിയതെന്നാണ് പവിത്രയുടെ പേരുയർത്തുന്നവർ പറയുന്ന ന്യായം. എൽ.ഡി.എഫിന് ഭൂരിപക്ഷം ലഭിക്കുകയും ഇവർ മൂന്നുപേരും ജയിക്കുകയും ചെയ്താൽ മേയർ സ്ഥാനത്തിനായി ശക്തമായ വടംവലിക്ക് സാദ്ധ്യതയുണ്ട്. സി.പി.ഐക്ക് അവകാശപ്പെട്ട ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മങ്ങാട് മത്സരിച്ച സിറ്റി കമ്മിറ്റി സെക്രട്ടറി ബിജു അരവിന്ദിന്റെ പേരാണ് ഉയരുന്നത്.
യു.ഡി.എഫ്
തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ നഗരസഭയിലെ 20 വർഷമായുള്ള ഇടതുഭരണത്തിന് തിരശീല വീഴുമെന്ന ഉറച്ച വിശ്വാസത്തിലാണ് കൊല്ലത്തെ യു.ഡി.എഫ് നേതൃത്വം. ഭൂരിപക്ഷം ലഭിച്ചാൽ മേയർ സ്ഥാനം കോൺഗ്രസിന് തന്നെയാകും. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ കോൺഗ്രസ് ആരെയും മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നില്ല. വോട്ടെണ്ണുമ്പോൾ യു.ഡി.എഫിന്റെ സ്വപ്നം സഫലമായാൽ മുളങ്കാടകത്ത് മത്സരിച്ച കരുമാലിൽ ഡോ. ഉദയ സുകുമാരനാണ് മേയറാവാനുള്ള സാദ്ധ്യത. എന്നാൽ മുളങ്കാടകത്ത് നടന്നത് ശക്തമായ മത്സരമാണ്. യു.ഡി.എഫിന് അധികാരം ലഭിക്കുകയും ഇരവിപുരത്ത് മത്സരിച്ച ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗം സജി ഡി. ആനന്ദ് വിജയിക്കുകയും ചെയ്താൽ അദ്ദേഹം ഡെപ്യൂട്ടി മേയറാകുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ തന്നെ സംസാരമുണ്ടായിരുന്നു.
എൻ.ഡി.എ
കഴിഞ്ഞ തവണ രണ്ട് സീറ്റ് മാത്രമാണ് കോർപ്പറേഷനിൽ ബി.ജെ.പിക്ക് ലഭിച്ചത്. എന്നാൽ ഇത്തവണ കേവല ഭൂരിപക്ഷം നേടി നഗരഭരണം പിടിച്ചെടുക്കുമെന്നാണ് എൻ.ഡി.എയ്ക്ക് നേതൃത്വം നൽകുന്ന ബി.ജെ.പിയുടെ പ്രധാന അവകാശവാദം. 
അങ്ങനെ സംഭവിച്ചാൽ തേവള്ളിയിൽ മത്സരിച്ച ബി.ജെ.പി ജില്ലാ സെക്രട്ടറി ബി. ഷൈലജ മേയറാകാനാണ് സാദ്ധ്യത. 2015, 2017 വർഷങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളേക്കാൾ വാശിയേറിയ മത്സരമാണ് ഇത്തവണ തേവള്ളിയിൽ നടന്നത്. 
നഗരസഭയിലെ 20 വർഷമായുള്ള ഇടതുഭരണം ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ ബി.ജെ.പി നേതൃത്വം.  കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കുമെന്നും ചരിത്രത്തിലാദ്യമായി ബി.ജെ.പിക്കാരിയായ മേയർ കൊല്ലത്തിനുണ്ടാവുമെന്നും മുതിർന്ന നേതാക്കൾ പറയുന്നു.