thulaseedharakurup

കൊട്ടാരക്കര: സമൂഹ മാദ്ധ്യമങ്ങൾ വഴിതെളിച്ചതോടെ വർഷങ്ങൾക്ക് മുൻപ് കാണാതായ ആളെ കുടുംബാംഗങ്ങൾക്ക് തിരികെ കിട്ടി.പാരിപ്പള്ളി വേളമാന്നൂർ സ്വദേശിയായ തുളസീധര കുറുപ്പിനെയാണ് വീട്ടുകാർക്ക് തിരികെ ലഭിച്ചത്. മൂന്ന് വർഷം മുൻപ് പട്ടാഴി ജംഗ്ഷനിൽ നിന്നും നാട്ടുകാരാണ് ഇയാളെ ആശ്രയ സങ്കേതത്തിലെത്തിച്ചത്. മാനസികനില തകർന്ന് മുഷിഞ്ഞ അൽപ്പ വേഷധാരിയായി തെരുവിലൂടെ അലഞ്ഞു നടക്കുകയായിരുന്നു തുളസീധര കുറുപ്പ്.

ആശ്രയ സങ്കേതത്തിലെ മനോരോഗ വിദഗ്ധരുടെ ചികിത്സയെ തുടർന്ന് മനോനില വീണ്ടെടുത്ത തുളസീധരകുറുപ്പ് പഴയകാലങ്ങളൊക്കെ ഓർത്തെടുത്തു.

ചുവർചിത്രമെഴുത്തിൽ പ്രതിഭ

ചിത്രകാരനായിരുന്ന കുറുപ്പ് ചുവർചിത്രമെഴുത്തിലായിരുന്നു കൂടുതൽ ശ്രദ്ധിച്ചത്.നഗരത്തിലെ പ്രമുഖ ജ്വല്ലറികളുടെയും വസ്ത്രശാലകളുടെയും ചുവർ പരസ്യങ്ങൾ ഒരുക്കിയിരുന്നത് തുളസീധരകുറുപ്പായിരുന്നു. തിരഞ്ഞെടുപ്പു കാലമായാൽ സ്ഥാനാർത്ഥികളുടെ ചുവരെഴുത്തും എല്ലാം തുളസീധരകുറുപ്പിനായിരുന്നു. അങ്ങനെ തരക്കേടില്ലാത്ത വരുമാനം കൊണ്ട് ജീവിതം മെച്ചപ്പെട്ടതോടെ വന്നുകൂടിയ സൗഹൃദങ്ങൾ തുളസീധര കുറുപ്പ് എന്ന മനുഷ്യനെ ലഹരിയുടെ അടിമയാക്കി. ഇതിനിടെ കൂടെനിന്ന ചില സുഹൃത്തുക്കൾ ചതിച്ചതായും കുറുപ്പ് ഓർക്കുന്നു.തുടർന്നാണ് മനോനില തകരാറിലായ തുളസീധര കുറുപ്പ് നാടും വീടും വിട്ട് അലയാൻ തുടങ്ങിയത്. അങ്ങനെയാണ് ഇയാൾ പട്ടാഴിയിലും തുടർന്ന് കലയപുരം ആശ്രയ സങ്കേതത്തിലുമെത്തിയത്.

ഒടുവിൽ വീട്ടുകാരെത്തി

മനോനില വീണ്ടെടുത്ത തുളസീധരകുറുപ്പ് വീട്ടിലേക്കു മടങ്ങണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു.കിട്ടിയ വിവരങ്ങൾ ശേഖരിച്ച് സമൂഹ മാദ്ധ്യമങ്ങൾ വാർത്തയൊരുക്കി.വാർത്ത തുളസീധരകുറുപ്പിൻറെ കുടുംബത്തിൻറെ ശ്രദ്ധയിലും പെട്ടു.സഹോദരൻ മുരളീധര കുറുപ്പും സുഹൃത്ത് ബാബുവും കലയപുരം ആശ്രയയിലെത്തി തുളസീധര കുറുപ്പിനെ ആശ്രയ അധികൃതരിൽ നിന്നും ഏറ്റുവാങ്ങുകയായിരുന്നു.