 
പത്തനാപുരം: ചെമ്പനരുവി ,മുള്ളുമല ഫോറസ്റ്റ് സ്റ്റേഷന് സമീപം പുലിയിറങ്ങി വളർത്തു നായയെ കടിച്ചു കൊന്നു. ബിജു വിലാസത്തിൽ രാജപ്പന്റെ വീടിന്റെ ചായ്പ്പിൽ കെട്ടിയിരുന്ന വളർത്തു നായയെയാണ് പുലി പിടിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. പട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഉണർന്നപ്പോൾ പുലി ഓടിപ്പോകുന്നതാണ് കണ്ടത്. അടുത്തിടെ ചെമ്പനരുവി സുധാ ഭവനിൽ പുഷ്ക്കരന്റെ വീടിനോട് ചേർന്നുളള തൊഴുത്തിൽ കെട്ടിയിരുന്ന ഗർഭിണിയായ ആടിനെയും പുലി കടിച്ചു കൊന്നിരുന്നു .
കാട്ടാനയും പുലിയും ജനവാസമേഖലയിൽ ഇറങ്ങുന്നത് പതിവായതോടെ പ്രദേശവാസികൾ ഭയാശങ്കയിലാണ് . മുള്ളുമല ആദിവാസി കോളനിയിലും പുലിയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.
പുലിയെ കാണുന്നത് നിത്യസംഭവമായതോടെ പകൽ സമയങ്ങളിൽ പോലും പ്രദേശവാസികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. പുലിയുടെ സാന്നിദ്ധ്യമുറപ്പിച്ചതോടെ പ്രദേശവാസികൾ ജാഗ്രത കാട്ടണമെന്ന് വനംവകുപ്പധികൃതർ അറിയിച്ചു.