 
കൊല്ലം: എഴുകോൺ കുമാർബാങ്ക്- മുക്കണ്ടം റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് മാറ്റമില്ല. ഗതാഗതം തീർത്തും ബുദ്ധിമുട്ടിലായി. റോഡ് നിറയെ കുണ്ടും കുഴിയും രൂപപ്പെട്ടിട്ട് നാളേറെയായി. പഞ്ചായത്ത് ഓഫീസിന് വിളിപ്പാടകലെയുള്ള റോഡിന്റെ ഈ ദയനീയസ്ഥിതി കാണാനും പരിഹാരം കാണാനും ഇന്നുവരെ ആരും മുൻകൈയെടുത്തിട്ടുമില്ല. കുഴികളിൽ മഴവെള്ളം കെട്ടി നിൽക്കുന്നതിനാൽ അപകടവും പതിവാണ്. കൊല്ലം- തിരുമംഗലം ദേശീയപാതയിൽ നിന്നും തുടങ്ങി എഴുകോൺ - കരീപ്ര റോഡിലെത്തുന്ന റോഡിനാണ് ഈ ദയനീയാവസ്ഥ. മുക്കാൽ കിലോമീറ്റർ ദൂരം മാത്രമേ ഇതിനുണ്ടാവുകയുള്ളൂ. ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കിയാൽ നെടുമൺകാവ്, കരീപ്ര ഭാഗങ്ങളിൽ നിന്നും വരുന്നവർക്ക് എഴുകോൺ കവലയിലെ തിരക്കിൽപ്പെടാതെ ദേശീയപാതയിലെത്താൻ കഴിയും.
പുതിയ ഭരണസമിതിയിൽ പ്രതീക്ഷ
സ്ഥല പരിമിതി ഏറെയുള്ള എഴുകോൺ കവലയിൽ എപ്പോഴും തിരക്ക് അനുഭവപ്പെടാറുണ്ട്. അതിന് ആശ്വാസം പകരാൻ കുമാർബാങ്ക്- മുക്കണ്ടം റോഡ് വലിയ അനുഗ്രഹമാകും. കെ.എസ്.ആർ.ടി.സി ബസുകളും കൊവിഡിന് മുൻപ് സ്കൂൾ ബസുകളുമൊക്കെ സഞ്ചരിച്ചിരുന്നത് ഈ പൊട്ടിപ്പൊളിഞ്ഞ റോഡിൽക്കൂടിയാണ്. എപ്പോഴും വാഹനത്തിരക്കുണ്ടാകുമെങ്കിലും അധികൃതർ മാത്രം ഈ റോഡിനെ മറക്കുകയാണ്. റെയിൽവേ ഗേജ് മാറ്റത്തെത്തുടർന്ന് നിലവിലുണ്ടായിരുന്ന പാത സ്ഥിരമായി അടയ്ക്കേണ്ടി വന്നപ്പോഴാണ് ഈ റോഡിന് പ്രാധാന്യം ഏറിയത്. അടിയന്തരമായി അധികൃതർ ഇടപെട്ട് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് പൊതു ആവശ്യം. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ ഭരണസമിതി എത്തുമ്പോൾ ഇവിടുത്തെ യാത്രാദുരിതത്തിന് അറുതിയുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
കുണ്ടുംകുഴിയുമായി നശിച്ചുകിടക്കുന്ന കുമാർബാങ്ക്- മുക്കണ്ടം റോഡ് അടിയന്തരമായി ടാറിംഗ് നടത്തണം. ഞങ്ങളൊക്കെ കൊട്ടാരക്കര ഭാഗത്തേക്ക് പോകണമെങ്കിൽ എഴുകോൺ കവലയിലെ തിരക്കിലേക്ക് കടക്കാതെ ഇതുവഴിയാണ് പോകാറുള്ളത്. റോഡ് മോശമായതിനാൽ ഇപ്പോൾ യാത്രയും ബുദ്ധിമുട്ടാണ്.
(എച്ച്. വിനോദ്, അദ്ധ്യാപകൻ, കെ.എസ്.ടി.എ ജില്ലാ കൗൺസിൽ അംഗം)