 
പുനലൂർ: ലാളിച്ച് വളർത്തിയ മുടി മുറിച്ച് കാൻസർ രോഗികൾക്ക് നൽകി നാട്ടിന് മാതൃകയായിരിക്കുകയാണ് ഒരു യുവാവ്. വയനാട് ഗവ. എൻജിനിയറിംഗ് കോളേജിലെ ബി.ടെക് വിദ്യാർത്ഥിയായ പുനലൂർ ശാസ്താംകോണം തേങ്ങുംകോട്ട് വീട്ടിൽ റിട്ട.ബി.എസ്.എൻ.എൽ. ഉദ്യോഗസ്ഥനായ വിജയകുമാർ - ലത ദമ്പതികളുടെ ഇളയ മകൻ രജിത്ത് വിജയനാണ് മൂന്ന് വർഷമായി ലാളിച്ച് വളർത്തിയ തന്റെ മുടി മുറിച്ച് ജീവനം കാൻസർ സെന്ററിന് നൽകിയത്. മുടി നീട്ടി വളർത്തുന്നതിന് രക്ഷിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നുമടക്കം എതിർപ്പുണ്ടായിരുന്നു. എന്നാൽ ഇതൊന്നും വക വയ്ക്കാതെ രജിത്ത് മുടിയെ ലാളിച്ചു വളർത്തുകയായിരുന്നു.
മൂന്ന് വർഷം ലാളിച്ച് വളർത്തിയ മുടി
വയനാട് ഗവ: എൻജിനീയറിംഗ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകനും എൻ. എസ്. എസ് യൂണിറ്റ് പ്രവർത്തകനുമായിരുന്നു രജിത്ത്. പഠനത്തിനിടെ കോളേജിലെ എൻ. എസ്.എസ് പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന ഒരു വെബിനാറിലാണ് കാൻസർ രോഗത്തെ കുറിച്ചും കീമോ ചെയ്യുമ്പോൾ രോഗികൾക്കുണ്ടാകുന്ന ശാരീരിക വിഷമങ്ങളെ കുറിച്ചും മുടി മുറിച്ച് രോഗികൾക്ക് നൽകുന്നതിനുള്ള പ്രാധാന്യത്തെക്കുറിച്ചും രജിത്ത് തരിച്ചറിഞ്ഞത്. പിന്നെ ഒന്നും ആലോചിച്ചില്ല. മൂന്നു വർഷത്തെ എതിർപ്പുകളെ മറികടന്ന് താൻ ലാളിച്ച് വളർത്തിയ 43 സെന്റീമീറ്റർ നീള്ളുള്ള മുടി മുറിച്ചു രോഗികൾക്ക് നൽകാൻ തീരുമാനിച്ചത്. ജീവനം കാൻസർ സെന്ററിന് വേണ്ടി കഴിഞ്ഞ ദിവസം പുനലൂരിലെ ഒരു ബാർബർ ഷോപ്പിൽ എത്തിയ ഡി.വൈ.എഫ്.ഐ പുനലൂർ ബ്ലോക്ക് സെക്രട്ടറി എസ്. എൻ. രാജേഷിന്റെ നേതൃത്വത്തിലെത്തിയവർക്ക് മുടി മുറിച്ചുനൽകിയത്. ഏരിയ സെക്രട്ടറി, ജോജോ വർഗീസ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോയിൻ സെക്രട്ടറി ശ്യാം എന്നിവരും ഒപ്പമുണ്ടായിരുന്നു.