
പത്തനാപുരം:ഭാര്യയും മകനും ജ്യേഷ്ഠനും സഹോദരിമാരും പലകാലങ്ങളിൽ മരണമടഞ്ഞതിന്റെ തീരാവേദനയും രോഗവും താങ്ങാനാവാതെ മകന്റെ കല്ലറയ്ക്ക് സമീപം ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് രണ്ടാം ദിവസം മരണത്തിന് കീഴടങ്ങി. പത്തനാപുരം പിടവൂർ അരിവിത്തറ ശ്രീശൈലത്തിൽ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ രാഘവൻ നായരാണ് (72) മരിച്ചത്.ചെവ്വാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു ആത്മഹത്യാശ്രമം.
മസ്തിഷ്ക മുഴ ബാധിച്ച് പതിനഞ്ച് വർഷം മുൻപ് ഏക മകൻ ഹരികുമാറും അർബുദത്തെ തുടർന്ന് പത്തുവർഷം മുൻപ് ഭാര്യ സുധയും മരിച്ചിരുന്നു. കൂടാതെ മൂന്ന് സഹോദരിമാരുടെയും അനന്തരവന്റെയും മരണം രാഘവൻ നായരെ മാനസികമായി തകർത്തു. സുഹൃത്തിനെ പോലെ സ്നേഹിച്ചിരുന്ന ജ്യേഷ്ഠൻ പ്രഭാകരൻ നായരും കഴിഞ്ഞ വർഷം മരിച്ചതോടെ രാഘവൻ നായർ അതീവ ദുഃഖിതനും നിരാശനുമായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനിടെ വിട്ടുമാറാത്ത തലവേദനയെ തുടർന്ന് കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിൽ മസ്തിഷ്ക മുഴ കണ്ടെത്തി. തുടർന്നാണ് മകന്റെ സ്മൃതികുടീരത്തിന് സമീപം സ്വയം ചിതയൊരുക്കിയത്. വിറകും മറ്റും സ്വയം നിരത്തി തീകൊളുത്തിയശേഷം അതിലേക്ക് ചാടുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളും ബന്ധുക്കളും ചേർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ രാവിലെ ഒൻപതോടെ മരിച്ചു.
ആത്മഹത്യയ്ക്ക് ഒരുങ്ങുന്നതിന് മുൻപായി പാൽ, പത്രം, ചലചരക്ക് - സ്റ്റേഷനറി കടകളിലെ പറ്റും മറ്റും തീർത്തിരുന്നു. മറ്റ് ഇടപാടുകൾ അടുത്ത ബന്ധുവിനെ ബോധിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. സംസ്കാരം ഇന്ന് വൈകിട്ട് നാലോടെ വീട്ടുവളപ്പിൽ നടക്കും. പത്തനാപുരം പൊലീസ് കേസെടുത്തു.