 
ചാത്തന്നൂർ: പോളച്ചിറ പള്ളിക്കുടംവിള ജംഗ്ഷനിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വയോധികർക്ക് പരിക്ക്. പോളച്ചിറ കുന്നുവിള വീട്ടിൽ രവീന്ദ്രൻ (72), നെടുങ്ങോലം സഞ്ജയ് ഭവനിൽ വിജയൻ (70) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു അപകടം. ചിറക്കര പി.എച്ച്.സിയിൽ നിന്ന് മരുന്ന് വാങ്ങാൻ പോയ ഇരുവരും അവിടെ വച്ചാണ് കണ്ടുമുട്ടി തിരികെ ഒരു വണ്ടിയിൽ വന്നത്. ചിറക്കരത്താഴത്ത് നിന്ന് കുഴുപ്പിൽ വഴി പോളച്ചിറ റോഡിലേക്ക് കയറിയ സ്‌കൂട്ടർ യാത്രക്കാരെ പോളച്ചിറ നിന്ന് കൂനംകുളം ഭാഗത്തേക്ക് പോയ കാർ ഇടിക്കുകയായിരുന്നു.
അപകടത്തിൽ രവീന്ദ്രന്റെ കാൽപ്പാദം അറ്റുപോയി. സ്കൂട്ടർ ഓടിച്ചിരുന്ന വിജയന് കാലിന് ഓടിവ് പറ്റി. ഇരുവരെയും കാർ യാത്രക്കാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രവീന്ദ്രനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പൊലീസ് കേസെടുത്തു.