jail

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിൽ യു.എ.ഇയിൽ ഒളിവിൽ കഴിയുന്ന നാല് പ്രതികളെ എൻ.ഐ.എ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. സിദ്ദിഖുൽ അക്ബർ, അഹമ്മദ് കുട്ടി ,രതീഷ്, മുഹമ്മദ് ഷമീർ എന്നിവർക്കെതിരെയാണ് നടപടി. സ്വർണക്കള്ളക്കടത്തിലെയും ഹവാല ഇടപാടുകളിലെയും വിദേശത്തെ പ്രധാന കണ്ണികളായ നാലുപേരും യു.എ.ഇയിൽ ഉണ്ടെന്ന് വിവരം ലഭിച്ചതോടെ

ഇവരെ പിടികൂടാൻ എൻ.ഐ.എ ഇന്റർപോളിന്റെ സഹായം തേടി. പ്രതികൾക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും നിലവിലുണ്ട്. ഇവരെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യുന്നതോടെ കള്ളക്കടത്ത്- ഹവാല സംഘങ്ങളുടെ രാജ്യാന്തര ഇടപാടുകളെപ്പറ്റി നിർണായക വിവരങ്ങൾ ലഭ്യമാകുമെന്നാണ് കരുതുന്നത്.

അതേസമയം, സ്വർണക്കടത്ത് കേസിൽ ഹവാല ഓപ്പറേറ്ററെ കൂടി കസ്റ്റംസ് കഴിഞ്ഞദിവസം പ്രതിചേർത്തു. മംഗലാപുരം സ്വദേശിയായ രാജേന്ദ്ര പ്രകാശ് പവാറിനെയാണ് പ്രതിചേർത്തത്. ശിവശങ്കർ, സരിത്ത്, സ്വപ്ന എന്നിവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാജേന്ദ്ര പ്രകാശ് പവാറിനെ പ്രതിയാക്കിയത്.

സ്വർണ്ണക്കടത്ത് റാക്കറ്റിന് പിന്നാലെ പ്രധാന ഹവാലാ ഇടപാടുകാരിൽ ഒരാളാണ് രാജേന്ദ്ര പ്രകാശ് പവാറെന്ന് കസ്റ്റംസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പല തവണ നോട്ടീസ് നൽകിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്നാണ് കഴിഞ്ഞദിവസം ഇയാളെ പ്രതി ചേർത്തത്. ഇതോടെ രാജേന്ദ്ര പ്രകാശ് പവാറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിച്ചു. കഴിഞ്ഞദിവസം എൻ.ഐ.എ യുടെ പിടിയിലായ റാക്കറ്റിലെ വിദേശത്തെ സുപ്രധാന കണ്ണിയും കസ്റ്റംസ് കേസിലെ പത്താം പ്രതിയുമായ റബിൻസിനെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്. നിലവിൽ എൻ.ഐ.എയുടെ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് റബിൻസ്. ജയിലിലെത്തിയാണ് അന്വേഷണസംഘം റബിൻസിനെ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിന് ശേഷം റബിൻസിനെ കസ്റ്റംസ് അറസ്റ്റ് ചെയ്യാനും സാദ്ധ്യതയുണ്ട്. റബിൻസിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യംചെയ്യാൻ കഴിഞ്ഞദിവസമാണ് കസ്റ്രംസിന് കോടതി അനുമതി നൽകിയത്.