
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിക്കുകയും രാജ്യാന്തര തലത്തിൽ വരെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത സിസ്റ്റർ അഭയകൊലക്കേസിൽ തിരുവനന്തപുരം സി.ബി.ഐ കോടതി ഈ മാസം 22ന് വിധി പറയും. അഭയയെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത് മുതൽ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ഒടുവിൽ സി.ബി.ഐയും അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയും വിചാരണ നടപടികൾ പൂർത്തിയാക്കുകയും ചെയ്തെങ്കിലും അഭയക്കേസുണ്ടാക്കിയ കോളിളക്കങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല.
പുലർച്ചെ കിണറ്റിൽ മരിച്ച നിലയിൽ
1992 മാർച്ച് 27ന് പുലർച്ചെയാണ് സിസ്റ്റർ അഭയയെ പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം അരീക്കര അയ്ക്കരക്കുന്നേൽ വീട്ടിൽ എം. തോമസിന്റെ മകളായിരുന്ന അഭയ, മരിക്കുന്ന സമയത്ത് കോട്ടയം ബി.സി.എം കലാലയത്തിൽ രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു. രാവിലെ പ്രാർത്ഥനയ്‌ക്ക് മണിയടിച്ചിട്ടും അഭയയെ കാണാതിരുന്നപ്പോൾ നടത്തിയ അന്വേഷണത്തിൽ കിണറിന് സമീപത്ത് ചെരുപ്പ് കിടക്കുന്നത് കണ്ടതാണ് സംശയത്തിന് ഇടവരുത്തിയത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പതിനേഴ് ദിവസം ലോക്കൽ പൊലീസും പത്തുമാസത്തോളം ക്രൈം ബ്രാഞ്ചും അന്വേഷിച്ചെങ്കിലും ആത്മഹത്യയെന്നായിരുന്നു കണ്ടെത്തൽ.
കേസ് സി.ബി.ഐ ഏറ്റെടുത്തു
1993 മാർച്ച് 29ന് കേസ് സിബിഐയ്ക്ക് വിട്ടു. മരണം കൊലപാതകമാണെന്ന് 1995 വരെ സി.ബി.ഐ സമ്മതിച്ചിരുന്നില്ല.
1995 ഏപ്രിൽ ഏഴിനു നടത്തിയ ഡമ്മി പരീക്ഷണത്തിലൂടെയാണ് അഭയയുടെ മരണം കൊലപാതകമെന്ന് സി.ബി.ഐ കണ്ടെത്തുന്നത്. എന്നാൽ, കൊലപാതകമെങ്കിലും തെളിവുകൾ നശിപ്പിക്കപ്പെട്ടതിനാൽ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി 97ലും 2000ലും. 2006ലും സി.ജെ.എം കോടതിയിൽ സി.ബി.ഐ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും മൂന്നു തവണയും തുടരന്വേഷണത്തിന് കോടതി ഉത്തരവിടുകയായിരുന്നു. തുടർന്ന് സിസ്റ്റർ അഭയയുടെ മരണത്തിന് ഉത്തരവാദികളെന്ന് സി.ബി.ഐ കണ്ടെത്തിയ ഫാദർ തോമസ് എം. കോട്ടൂർ, ഫാദർ ജോസ് പൂത്തൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരുടെ അറസ്റ്റ് 2008 നവംബർ 18ന് രേഖപ്പെടുത്തി.
അവിഹിതം കണ്ടെത്തിയതിന് കൊലപ്പെടുത്തിയെന്ന് കേസ്
നാലും അഞ്ചും പ്രതികളായി സി.ബി.ഐ കണ്ടെത്തിയിരുന്ന എ.എസ്.ഐ വി.വി അഗ്റ്റിൻ, മുൻ ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥൻ കെ.സാമുവൽ എന്നിവർ അറസ്റ്റിന് മുമ്പെ മരിച്ചു.പ്രതികളുടെ അവിഹിതം കണ്ടതിനെ തുടർന്ന് കൈക്കോടാലിയുടെ പിടികൊണ്ട് നെറുകയിൽ മാരകമായി മർദ്ദിച്ചശേഷം അബോധാവസ്ഥയിലായപ്പോൾ മരിച്ചെന്ന് കരുതി കിണറ്രിൽ ഉപേക്ഷിച്ചുവെന്നാണ് കേസ്.അബോധാവസ്ഥയിലായിരുന്ന അഭയ കിണറ്റിലെ വെളളം കുടിച്ച് മുങ്ങിമരിച്ചതായാണ് സി.ബി.ഐ കണ്ടെത്തിയത്.2009 ജൂലൈ പതിനേഴിന് കുറ്റപത്രം സമർപ്പിച്ചു.ഒരുവർഷം മുമ്പാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 49 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. സഭയുമായി ബന്ധമുള്ള പത്തോളം സാക്ഷികൾ കൂറുമാറി.
അഭയയുടെ മരണവുമായി ബന്ധപ്പെട്ട് 2008 നവംബർ 28, ഒക്‌ടോബർ 18, 19 തീയതികളിലായി ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പൂത്തൃക്കയിൽ, സിസ്റ്റർ സെഫി എന്നീ മൂന്നു പേരെ സി.ബി.ഐ പ്രത്യേക സംഘം അറസ്‌റ്റു ചെയ്‌തു. അഭയ താമസിച്ചിരുന്ന പയസ് ടെൻത് കോൺവെന്റിനു സമീപത്തുനിന്ന് സി.ബി.ഐ സംഘം കസ്‌റ്റഡിയിൽ എടുത്ത സഞ്‌ജു പി. മാത്യു എന്നയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്‌റ്റ്. അറസ്റ്റ് ചെയ്ത മൂന്നു പ്രതികളെയും 2008 നവംബർ 19ന് കോടതിയിൽ ഹാജരാക്കിയെങ്കിലും കോടതി ജാമ്യം നിഷേധിച്ച് കൂടുതൽ ചോദ്യം ചെയ്യലിനായി സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു കൊടുക്കുകയായിരുന്നു. സി.ബി.ഐ ഇവരെ നുണപരിശോധനയ്ക്ക് വിധേയരാക്കി. പ്രതികൾക്കെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചശേഷം ഫാ. ജോസ് പൂത്തൃക്കയിൽ സമർപ്പിച്ച വിടുതൽ ഹർജി പ്രകാരം ഫാ. ജോസിനെതിരെ പര്യാപ്തമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന കാരണത്താൽ പ്രത്യേക സി.ബി.ഐ കോടതി ഇദ്ദേഹത്തെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി.
സിസ്റ്റർ അഭയയെ കൊല്ലാൻ മുഖ്യ പങ്ക് വഹിച്ച പ്രതി തോമസ് കോട്ടൂർ ആണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. കൊലപാതകം, കൊല ചെയ്യാൻ പൊതുവായ ഉദ്ദേശ്യം എന്നീ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റങ്ങളാണ് സി.ബി.ഐ. ഇദ്ദേഹത്തിന്റെ മേൽ ചുമത്തിയിട്ടുള്ളത്. സിസ്റ്റർ അഭയയെ തലയ്‌ക്ക് ആദ്യം അടിക്കുന്നത് ഫാ. കോട്ടൂരാണെന്ന് സി.ബി.ഐ ആരോപിക്കുന്നു. ബി.സി.എം കോളജിൽ സൈക്കോളജി വിഭാഗം അദ്ധ്യാപകനായിരുന്നു ഫാ. തോമസ് കോട്ടൂർ. അതിനുശേഷം അമേരിക്കയ്ക്ക് പോയി. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഫാ. തോമസ് കോട്ടൂർ കോട്ടയം അതിരൂപതാ ചാൻസലറായിരുന്നു.
സിസ്റ്റർ സെഫി
സിസ്റ്റർ അഭയ കേസിൽ ഒന്നും രണ്ടും പ്രതികൾക്കൊപ്പം കുറ്റകൃത്യങ്ങളിൽ പങ്കുചേർന്ന വ്യക്തിയാണ് സിസ്റ്റർ സെഫിയെന്ന് സി.ബി.ഐ. ആരോപിക്കുന്നു. ഫാ. കോട്ടൂർ അഭയയുടെ തലയ്ക്കടിച്ചപ്പോൾ, രണ്ടാം പ്രതി ഫാ. പൂത്തൃക്കയിലിനോടൊപ്പം കുറ്റകൃത്യത്തിന് സിസ്റ്റർ പ്രേരണ നൽകി. ഒന്നും രണ്ടും പ്രതികളെ ചോദ്യം ചെയ്‌തതിൽ നിന്നാണ് സിസ്റ്റർ സെഫിക്ക് കൊലയുമായി ബന്ധമുള്ള കാര്യം സി.ബി.ഐക്ക് കണ്ടെത്താൻ കഴിഞ്ഞത്. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ സിസ്റ്റർ സെഫി തിരുവല്ല സെന്റ് ജോസഫ് കോൺവെന്റിലെ അന്തേവാസിയായിരുന്നു.
നാൾവഴികൾ
#1992മാർച്ച് 27- കോട്ടയം ബി.സി.എം കോളേജ് രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥിനിയായ സിസ്റ്റർ അഭയയെ കോട്ടയം പയസ്ടെൻത് കോൺവെന്റ് വളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
#ഏപ്രിൽ 14- അഭയക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
#1993 ജനുവരി 30: സിസ്റ്റർ അഭയയുടെ മരണം ആത്മഹത്യയാണെന്നു ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി.
#1993: ഫെബ്രുവരി- ക്രൈം ബ്രാഞ്ച് റിപ്പോർട്ട് ചോദ്യംചെയ്ത് അഭയ ആക്ഷൻ കൗൺസിൽ ഹൈക്കോടതിയിൽ.
#1993 മാർച്ച് 29: ഹൈക്കോടതി നിർദ്ദേശപ്രകാരം കേസ് സിബിഐ ഏറ്റെടുക്കുന്നു. സി.ബി.ഐ ഡിവൈ.എസ്.പി വർഗീസ് പി. തോമസിന് അന്വേഷണച്ചുമതല.
#1993: ആത്മഹത്യയാണെന്ന ക്രൈം ബ്രാഞ്ചിന്റെ വാദം ശരിയല്ലെന്നു സി.ബി.ഐയുടെ കണ്ടെത്തൽ.
#1994ജനുവരി 19: അഭയ ആത്മഹത്യ ചെയ്തുവെന്നു റിപ്പോർട്ട് നൽകാൻ സി.ബി.ഐ എസ്.പി വി. ത്യാഗരാജൻ ആവശ്യപ്പെട്ടതായി പത്രസമ്മേളനത്തിൽ വർഗീസ് പി. തോമസ്. സർവീസ് ഏഴുവർഷം ബാക്കിയുള്ളപ്പോൾ സി.ബി.ഐ ജോലി രാജിവച്ചായിരുന്നു പത്രസമ്മേളനം. അഭയയുടെ മരണം ആത്മഹത്യയാണെന്നു റിപ്പോർട്ടെഴുതിയ ക്രൈം ബ്രാഞ്ച് അവരുടെ പക്കലുണ്ടായിരുന്ന തെളിവു സാധനങ്ങൾ സി.ബി.ഐയെ ഏൽപ്പിക്കാതെ കത്തിച്ചുകളഞ്ഞതായും വർഗീസിന്റെ വെളിപ്പെടുത്തൽ.
1994 മാർച്ച് 17: ജോയിന്റ് ഡയറക്ടർ എം.എൽ. ശർമയുടെ നേതൃത്വത്തിലുള്ള പ്രത്യേക സിബിഐ സംഘത്തിന് അന്വേഷണച്ചുമതല. വിശദമായ ഫോറൻസിക് പരിശോധനകളും ഡമ്മി പരീക്ഷണവും. കൊലപാതകമെന്ന് ഫോറൻസിക് വിദഗ്ദ്ധർ സിബിഐയ്ക്ക് റിപ്പോർട്ട് നൽകി.
1996-നവം-26. ഒരുവർഷം നീണ്ട അന്വേഷണത്തിന് ശേഷം കേസ് എഴുതിത്തളളണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ യുടെ റിപ്പോർട്ട് എറണാകുളം ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ. സത്യസന്ധമായി വീണ്ടും കേസന്വേഷിക്കാൻ സി.ബി.ഐയ്ക്ക് കോടതി നിർദ്ദേശം.
1999 ജൂലൈ 12: കൊലപാതകമെന്ന് സി.ജെ.എം കോടതിയിൽ സി.ബി.ഐ റിപ്പോർട്ട്. നിർണായക തെളിവുകളെല്ലാം പൊലീസ് നശിപ്പിച്ചതിനാൽ പ്രതികളെ പിടിക്കാനായില്ലെന്നും വാദം.
2001ജൂൺ 23: പുനരന്വേഷണത്തിന് പുതിയ ടീമിനെ നിയമിക്കാൻ സി.ബി.ഐയ്ക്ക് കോടതി നിർദ്ദേശം. ബ്രെയ്ൻ ഫിംഗർ പ്രിന്റിംഗ് അടക്കം നൂതന കുറ്റാന്വേഷണ മാർഗങ്ങൾ ഉപയോഗിക്കണമെന്നും ഉത്തരവ്.
2001മേയ് 18: കേസിൽ കൂടുതൽ അന്വേഷണം നടത്താൻ സി.ബി.ഐയോട് ഹൈക്കോടതി.
2001 ആഗസ്റ്റ് 16: സി.ബി.ഐ ഡി.ഐ.ജി നന്ദകിഷോറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം പുനരന്വേഷണത്തിന് കോട്ടയത്ത്
2007 ഏപ്രിൽ-മേയ്: അഭയയുടെ ആന്തരികാവയവ പരിശോധനാ റിപ്പോർട്ടിൽ തിരുത്തൽ നടന്നുവെന്ന വെളിപ്പെടുത്തലോടെ കേസ് വീണ്ടും സജീവമാകുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന രജിസ്റ്ററിൽ നിന്ന് അഭയയുടെ റിപ്പോർട്ട് കാണാതായെന്ന് കോടതിയിൽ പൊലീസ് സർജന്റെ റിപ്പോർട്ട്.
2007മേയ് 22- ഫോറൻസിക് റിപ്പോർട്ടിൽ തിരുത്തൽ നടന്നതായി തുരുവനന്തപുരം സി.ജെ.എം കോടതി
2008 ഒക്‌ടോബർ 23: അഭയക്കേസ് സി.ബി.ഐയുടെ കേരള ഘടകം അന്വേഷിക്കണമെന്ന് ഹൈക്കോടതി
2008 നവംബർ 18: സഞ്ജു മാത്യു വിശദമായ മൊഴി നൽകി.
2008 നവം. 18: കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരും രണ്ടാം പ്രതി ഫാ. ജോസ് പൂത്തൃക്കയിലും കസ്റ്റഡിയിൽ
2008 നവംബർ 19: കേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫി കസ്റ്റഡിയിൽ..
2008 നവംബർ 19: അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കുന്നു. കൂടുതൽ ചോദ്യം ചെയ്യലിനായി സി.ബി.ഐ കസ്റ്റഡിയിൽ.
2008 നവംബർ 24: അഭയക്കേസ് അന്വേഷിച്ച മുൻ എ.എസ്.ഐ വി.വി. അഗസ്‌റ്റിൻ ആത്മഹത്യ ചെയ്‌തു. ആത്മഹത്യാക്കുറിപ്പിൽ സി.ബി.ഐ. മർദ്ദിച്ചതായി ആരോപണം.
2008 ഡിസംബർ 29: പ്രതികളുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് തള്ളിക്കളയുന്നു.
2008 ഡിസംബർ 2: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വയ്ക്കാൻ മുഖ്യജുഡിഷ്യൽ മജിസ്ട്രേറ്റ് തീരുമാനിക്കുന്നു.
തർക്കം കോടതിയിലും