
ഫെബ്രുവരി ആദ്യവാരം പ്രവർത്തനം
കൊല്ലം: കടൽ കാറ്റേറ്റ്, കടൽ വിഭവങ്ങളുടെ രുചിയറിയാൻ കൊല്ലത്തിന്റെ തീരമേഖലയിൽ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ആറ് സീ ഫുഡ് റെസ്റ്റോറന്റുകൾ ഫെബ്രുവരി ആദ്യവാരം ആരംഭിക്കും. മത്സ്യത്തൊഴിലാളി സ്ത്രീകളാണ് നടത്തിപ്പുകാർ.
നീണ്ടകര ഹാർബർ, ചവറ നല്ലേഴത്ത് മുക്ക്, കൊറ്റംകുളങ്ങര, അഴീക്കൽ ഭദ്രൻമുക്ക്, കരുനാഗപ്പള്ളി കല്ലുംമൂട്ടിൽ കടവ്, കുരീപ്പുഴ ബൈപ്പാസ് എന്നിവിടങ്ങളിലാണ് ജില്ലയിൽ സീ ഫുഡ് റെസ്റ്റോറന്റുകൾ തുടങ്ങുന്നത്.
തീരമൈത്രി എന്നാകും ഹോട്ടലുകളുടെ പേര്. മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ജീവിത നിലവാരം ഉയർത്താൻ ഫിഷറീസ് വകുപ്പും സാഫും (സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൺ) സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് 46 ഹോട്ടലുകളാണ് ആരംഭിക്കുന്നത്.
അഞ്ച് പേരടങ്ങുന്ന മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ഗ്രൂപ്പിനാണ് ഹോട്ടലുകളുടെ നടത്തിപ്പ് ചുമതല. 6.67 ലക്ഷം രൂപയാണ് ഓരോ ഹോട്ടൽ ആരംഭിക്കുന്നതിനുള്ള ചെലവ് കണക്കാക്കിയിരിക്കുന്നത്. ഇതിൽ അഞ്ച് ലക്ഷം രൂപ സർക്കാർ ഗ്രാൻഡായി നൽകും. ആകെ തുകയുടെ അഞ്ച് ശതമാനം ഗുണഭോക്തൃവിഹിതമായി നൽകണം. ബാക്കി തുക ബാങ്ക് വായ്പയായി തരപ്പെടുത്തണം. ഫിഷറീസ് വകുപ്പ് തന്നെ നേരിട്ട് ബാങ്ക് വായ്പ തരപ്പെടുത്തി നൽകാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഈമാസം അവസാനത്തോടെ വായ്പയുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാകുമെന്നാണ് കണക്കുകൂട്ടൽ.
ഗുണനിലവാരവും വിലക്കുറവും
കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമുള്ള ഭക്ഷണം ലഭ്യമാക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്. കടൽവിഭവങ്ങൾക്ക് പുറമേ മറ്റ് ഭക്ഷണപദാർത്ഥങ്ങളും തയ്യാറാക്കി വിൽക്കാം. പദ്ധതി വിജയമായാൽ കൂടുതൽ ഹോട്ടലുകൾ തീരമേഖല കേന്ദ്രീകരിച്ച് ആരംഭിക്കും.
സംസ്ഥാനത്ത് സീ ഫുഡ് റെസ്റ്റോറന്റുകൾ: 46
ജില്ലയിൽ: 6
ഒരു ഗ്രൂപ്പിൽ: 5 പേർ
ചെലവ്: 6.67 ലക്ഷം
''
46 തീരമൈത്രി ഹോട്ടലുകൾ വഴി സംസ്ഥാനത്ത് 230 മത്സ്യത്തൊഴിലാളി സ്ത്രീകൾക്കാണ് പുതുതായി തൊഴിൽ ലഭിക്കുന്നത്. ഇവർക്കുള്ള പരിശീലനം പൂർത്തിയായി. ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണ്.
ശ്രീലു, ജോ. ഡയറക്ടർ
ഫിഷറീസ് വകുപ്പ്