covid

കൊല്ലം: നഗരസഭാ ജീവനക്കാർക്കായി ഇന്നലെ നടത്തിയ പരിശോധനയിൽ ആറുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുറത്തുനിന്ന് പരിശോധനയ്ക്കെത്തിയ ഒരാളിലും രോഗം കണ്ടെത്തി.

പോളിംഗ് സാമഗ്രികളുടെ കമ്മിഷനിംഗിന് പോയ നാല് ജീവനക്കാർക്ക് നാല് ദിവസം മുൻപ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നലെ പ്രത്യേക പരിശോധന നടത്തിയത്. 118 പേരാണ് പരിശോധനയ്ക്ക് വിധേയരായത്. എൻജിനിയറിംഗ് വിഭാഗത്തിലെ ഓവർസിയർ, ക്ലാർക്ക്, രണ്ട് ഡ്രൈവർമാർ, രണ്ട് ശുചീകരണ തൊഴിലാളികൾ എന്നിവർക്കാണ് രോഗം കണ്ടെത്തിയത്.

കൊവിഡ് ബാധിച്ചവർ ഉപയോഗിച്ചിരുന്ന ഓഫീസ് മുറികൾ അണുവിമുക്തമാക്കി അടച്ചിട്ടു. ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർ നിരീക്ഷണത്തിൽ പ്രവേശിക്കാനും നിർദ്ദേശിച്ചു.