 
പുനലൂർ: എഗ്രിമെന്റിൽ ഒപ്പ് വയ്ക്കാത്തത് കാരണം പുനലൂർ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയുടെ പ്രവേശന കവാടത്തിന്റെ നിർമ്മാണം അനിശ്ചിതത്വത്തിൽ. പുനലൂർ-അഞ്ചൽ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ബസ് ഡിപ്പോയുടെ മുന്നിൽ 40ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം ആരംഭിച്ച പ്രവേശന കവാടത്തിന്റെ പണികളാണ് നിലച്ചത്. സർക്കാർ ഏജൻസിയായ ഹാബിറ്റാറ്റിനാണ് നിർമ്മാണ ചുമതല. 20 ലക്ഷം രൂപയുടെ പണികൾ പൂർത്തിയാക്കിയെങ്കിലും കെ.എസ്.ആർ.ടി.സി നിർമ്മാണ വിഭാഗം വനിതാ ചീഫ് എൻജിനീയർ എഗ്രിമെന്റിൽ ഒപ്പ് വയ്ക്കാൻ തയ്യറാകാത്തതാണ് നിർമ്മാണ ജോലികൾ നിലയ്ക്കാൻ മുഖ്യകാരണമെന്ന് കരാറുകാരൻ ആരോപിക്കുന്നു.
മന്ത്രി പറഞ്ഞിട്ടും ഒപ്പ് വച്ചില്ല
കഴിഞ്ഞ എട്ട് മാസമായി ചീഫ് എൻജിനീയറുടെ ഓഫീസിൽ കയറി ഇറങ്ങി നടന്നിട്ടും എഗ്രിമെന്റിൽ ഒപ്പ് വയ്ക്കാൻ ചീഫ് എൻജിനീയർ തയ്യാറായില്ലെന്നും കാരാറുകാരൻ പറയുന്നു. മന്ത്രി കെ.രാജുവിന്റെ നിർദ്ദേശത്തെ തുടർന്നാണ് എഗ്രിമെന്റ് വയ്ക്കാതെ കൊവിഡ് കാലത്ത് നിർമ്മാണ ജോലികൾ ആരംഭിച്ചതെന്ന് കരാറുകാരൻ പറഞ്ഞു .മന്ത്രി അടക്കമുളള ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടും എഗ്രിമെന്റിൽ ഒപ്പ് വയ്ക്കാൻ ചീഫ് എൻജിനീയർ വൈമനസ്യം കാണിക്കുകയാണെന്ന് ആരോപണവും ഉയർന്നിട്ടുണ്ട് .
2 കോടി ചെലവിൽ
രണ്ട് കോടിയോളം രൂപ ചെലവഴിച്ചാണ് പുനലൂർ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയുടെ മുന്നിൽ പുതിയ യാർഡിന്റെയും വനിതകൾക്ക് വിശ്രമിക്കാനുള്ള പുതിയ കെട്ടിട സമുച്ചയത്തിന്റെയും പണികൾ പൂർത്തിയാക്കിയത് .ഡിപ്പോയിലേക്ക് ബസുകൾ കയറുന്നതിനും തിരിച്ച് ഇറങ്ങി പോകുന്നതിനും സൗകര്യം ഒരുക്കാനാണ് പ്രവേശന കവാടത്തിന്റെ നിർമ്മാണ ജോലികൾ ആരംഭിച്ചത്. യാത്രക്കാർക്ക് കാത്തിരിപ്പ് കേന്ദ്രവും സെക്യൂരിറ്റി മുറിയും അടങ്ങുന്ന ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ പ്രവേശന കവാടം നിർമ്മിക്കാനുദ്ദേശിച്ചിരുന്നത്.
നിർമ്മാണ ജോലികൾ നിറുത്തി
എഗ്രിമെന്റിൽ ഒപ്പ് വയ്ക്കാത്തതിനെ തുടർന്ന് പ്രധാന പണികൾ പൂർത്തിയാക്കി പാർട്ട് ബില്ല് മാറാൻ കഴിയാതെ വലയുകയാണ് കരാറുകാരൻ. ഇതാണ് നിർമ്മാണ ജോലികൾ നിറുത്തി വയ്ക്കാൻ മുഖ്യകാരണം.ജില്ലയിലെ ഏറ്റവും മികച്ച ബസ് ഡിപ്പോയാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ചില ഉദ്യോഗസ്ഥർ വേലി തന്നെ വിളവ് തിന്നുന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്.