x
പ്രിയ ഫാമിലെ ജോലിക്കിടെ

പത്തനാപുരം: ഭർത്താവിന്റെ അകാല വേർപാടിൽ മനം പിടയുമ്പോഴും കുടുംബം പോറ്റാൻ മിണ്ടാപ്രാണികളോട് കൂട്ടുകൂടുകയാണ് മുപ്പത്തിയഞ്ചുകാരിയായ പ്രിയ. പനംപറ്റയിൽ സജീവിന്റെ

എസ്.ആർ ഫാമിലെ തൊഴിലാളിയാണ് കോട്ടവട്ടം ചരുവിള വീട്ടിൽ പ്രിയ.

കോട്ടവട്ടത്ത് ഓട്ടോ തൊഴിലാളിയായിരുന്ന ഭർത്താവ് സുരേഷ് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചു. വാർദ്ധക്യ അവശതകളുള്ള അച്ഛനും അമ്മയും പ്ളസ് ടു വിദ്യാർത്ഥിനിയായ അഞ്ജലി സുരേഷും എട്ടാം ക്ളാസ് വിദ്യാർത്ഥിയായ അക്ഷയ് സുരേഷും അടങ്ങുന്ന കുടുംബം പോറ്റാനാണ് പ്രിയ പെടാപ്പാട് പെടുന്നത്.

കുടുംബത്തിന്റെ അത്താണി ഇല്ലാതായതോടെ റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ ശെൽവന്റെ ശുപാർശയിലാണ് ഫാമിൽ ജോലിക്ക് കയറുന്നത്. ആദ്യം പശുക്കളെ മാത്രമായിരുന്നു പരിപാലിച്ചിരുന്നത്. ഇപ്പോൾ എരുമ, പോത്ത്, ആട്, കോഴി, താറാവ്, വളർത്ത് മീൻ എന്നിവയ്ക്കും തീറ്റ നൽകണം. കന്നുകാലികൾ മാത്രം നൂറിലധികമുണ്ട്. രാവിലെ ആറിന് തുടങ്ങുന്ന ജോലി സന്ധ്യയോടെയാണ് അവസാനിക്കുക.

ഫാമിന് സമീപത്തുള്ള എസ്റ്റേറ്റിലാണ് മൃഗങ്ങളെ മേയാൻ വിടുന്നത്. ഫാമിലെ മൃഗങ്ങൾക്ക് ചെറിയ രോഗങ്ങൾ വന്നാൽ പ്രിയ തന്നെ മരുന്നുകൾ തയ്യാറാക്കി നൽകും. ഗർഭിണി പശുക്കളുടെ പരിപാലനവും പ്രസവ ശുശ്രൂഷയുമെല്ലാം പ്രിയ തനിച്ചാണ് ചെയ്യുന്നത്. പ്രിയ തന്നെ തീറ്റ നൽകണമെന്നും പാൽ കറക്കണമെന്നും ശാഠ്യം പിടിക്കുന്നവരും കൂട്ടത്തിലുണ്ട്. പ്രിയ കൂടാതെ രണ്ട് ഇതര സംസ്ഥാനക്കാർ കൂടി ഇവിടെ ജോലിക്കുണ്ട്.

ഭർത്താവിന്റെ പേരിൽ ക്ഷേമ നിധിയിൽ നിന്നുള്ള 1,200 രൂപ മാത്രമാണ് സർക്കാരിൽ നിന്നുള്ള സഹായം. ഇല്ലായ്മകളിൽ പരിതപിക്കാതെ അദ്ധ്വാനം കൊണ്ട് ജീവിക്കാനുള്ള ഓട്ടമാണ് പ്രിയയുടെ ഓരോ ദിനങ്ങളും.

 ഫാമിലുള്ളത്

പശു: 38

എരുമ: 27

കാള: 17

പോത്ത്: 23

ആട്: 40

പ്രതിദിനം ലഭിക്കുന്ന പാൽ: 180 ലിറ്റർ

താറാവ്: 200

കോഴി: 200 (നാടൻ അടക്കം )

''

ചില രാഷ്ട്രീയ കക്ഷികൾ സ്ഥാനാർത്ഥിയാക്കാൻ സമീപിച്ചെങ്കിലും സ്നേഹത്തോടെ നിരസിച്ചു. ഫാമും അവിടെയുള്ള ജീവികളെയും വിട്ട് എവിടേയ്ക്കുമില്ല. ഇവിടമാണെന്റെ സ്വർഗം.

പ്രിയ