 
3500 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു
കരുനാഗപ്പള്ളി: സുനാമി ദുരന്തത്തെ തുടർന്ന് ആലപ്പാട്ട് ഗ്രാമപഞ്ചായത്തിൽ നിന്നും പുനരധിവസിപ്പിച്ച സുനാമി കോളനി നിവാസികൾക്ക് സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായി. 16 വർഷങ്ങൾക്ക് മുമ്പാണ് സുനാമി തിരമാലകൾ ആലപ്പാട് ഗ്രാമപഞ്ചായത്തിനെ നിലംപരിശാക്കിയത്. അതോടെ സമുദ്ര തീരത്ത് താമസിച്ചിരുന്നതും വീടുകൾ തകർന്ന് പോയതുമായ 3500 ഓളം കുടുംബങ്ങളെയാണ് കരുനാഗപ്പള്ളി, കുലശേഖരപുരം, ക്ലാപ്പന എന്നിവിടങ്ങളിലായി മാറ്റി പാർപ്പിച്ചത്.
കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ മാത്രമായി 2000 ത്തോളം കുടുംബങ്ങൾ വിവിധ കോളനികളിലായി താമസിക്കുന്നു.
വീടുകൾ തകർച്ചയുടെ വക്കിൽ
സർക്കാർ നൽകിയ 4 സെന്റ് ഭൂമിയിൽ സന്നദ്ധ സംഘടനകളാണ് വീട് നിർമ്മിച്ച് നൽകിയത്. വെള്ളക്കെട്ടായ പ്രദേശങ്ങളിൽ നിർമ്മിച്ച വീടുകൾ തകർച്ചയുടെ വക്കിലാണ്. ഗുണനിലവാരം ഇല്ലാത്ത സാധനങ്ങൾ ഉപയോഗിച്ചാണ് വീടുകൾ നിർമ്മിച്ച് നൽകിയതെന്ന ആക്ഷേപം അന്നേ ഉയർത്തിരുന്നു. നിലവിൽ വീടുകളുടെ കതകുകളും ജനലുകളും ദ്രവിച്ച് തുടങ്ങി. കോൺക്രീറ്റ് പൊടിഞ്ഞ് വീണു തുടങ്ങി. കോളനി നിവാസികൾ താമസം തുടങ്ങി 16 വർഷങ്ങൾ പിന്നിടുമ്പോഴും വീടുകളുടെ അറ്റകുറ്റപ്പണികൾക്കായി സർക്കാർ സാമ്പത്തിക സഹായം അനുവദിച്ചിട്ടില്ലെന്ന് കോളനി നിവാസികൾ പറയുന്നു. മത്സ്യത്തൊഴിലാളികളായ ഇവർക്ക് വീടുകൾ സ്വന്തമായി നവീകരിക്കാനുള്ള സാമ്പത്തിക ശേഷിയും ഇല്ല.
സർക്കാർ പരിഗണിക്കുന്നില്ല
കോളനികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി മത്സ്യഫെഡ് ഉൾപ്പടെയുള്ള ഏജൻസികൾ യാതൊരു വിധ സാഹായങ്ങളും ചെയ്യുന്നില്ലെന്നും പരാതിയുണ്ട്. സുനാമി കോളനികളുടെ നവീകരണത്തിന് സർക്കാർ സ്പെഷ്യൽ പാക്കോജ് പ്രഖ്യാപിക്കണമെന്നത് ഇവരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. മാറി മാറി അധികാരത്തിൽ വരുന്ന സർക്കാരുകൾ കോളനി നിവാസികളുടെ ആവശ്യത്തിന് വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നും കോളനിക്കാർ പറയുന്നു. സർക്കാരിൽ നിന്നും സാമ്പത്തിക സഹായം ലഭിച്ചിങ്കിൽ വളരെ താമസിക്കാതെ പുനരധിവാസ കോളനികളിലെ വീടുകൾ നിലം പൊത്തുമെന്നാണ് നാട്ടുകാർ പറയുന്നത്.