health

കൊല്ലം: സാമൂഹ്യഅകലം ഉറപ്പാക്കാതെ ആൾക്കൂട്ട ആഘോഷമായി നടന്ന തിരഞ്ഞെടുപ്പ് പ്രചാരണം കൊവിഡ് കാലത്ത് ആരോഗ്യ വകുപ്പിന് ആശങ്കയാകുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെയാകണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനും ആരോഗ്യവകുപ്പും കൃത്യമായ നിർദേശം നൽകിയിരുന്നെങ്കിലും ജില്ലയിൽ ഒരിടത്ത് പോലും പാലിക്കപ്പെട്ടില്ല.

സ്ഥാനാർത്ഥി ഉൾപ്പെടെ പരമാവധി അഞ്ചുപേർ മാത്രമേ വീടുകളിൽ വോട്ടഭ്യർത്ഥനയുമായി എത്താവൂ എന്ന നിർദേശം അട്ടിമറിച്ച് പരമാവധി പ്രവർത്തകരെ ഒപ്പം കൂട്ടി ശക്തിപ്രകടനമായാണ് മുന്നണികളും സ്ഥാനാർത്ഥികളും വീട് കയറിയത്.

കുട്ടികളെ ഒപ്പം കൂട്ടി ഹൗസ് സ്ക്വാഡ് പ്രവർത്തനം നടത്തിയ മേഖലകളും ജില്ലയിലുണ്ട്. മൂക്കും വായും മറയുന്ന തരത്തിൽ മാസ്ക് ധരിക്കണമെന്ന നിർദേശവും അവഗണിച്ചു. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ദിവസങ്ങോളം കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചത് എങ്ങനെ പ്രതിഫലിക്കുമെന്നത് വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാവുകയുള്ളൂ.

വോട്ടെടുപ്പ് ദിനത്തിൽ പോളിംഗ് ബൂത്തുകളിൽ കൊവിഡ് മാനദണ്ഡം ഉറപ്പാക്കാനായി പോളിംഗ് അസിസ്റ്റന്റുമാരെ നിയമിച്ചിരുന്നെങ്കിലും സാമൂഹിക അകലം മിക്കയിടത്തും പാളി. വോട്ടർമാർ കൂട്ടത്തോടെ എത്തിയപ്പോൾ എല്ലാവർക്കും സാനിറ്റൈസർ കൊടുക്കുക എന്നതിനപ്പുറേത്ത് മറ്റൊരു മാനദണ്ഡങ്ങളും പാലിക്കാനായില്ല. നിയന്ത്രണങ്ങൾ അവഗണിച്ചുള്ള ആൾക്കൂട്ടം ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.