 
കൊല്ലം: തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കിടക്കുമ്പോൾ പത്തുവയസുകാരൻ അമൃതേഷിന് ഒരു മോഹം. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിയെപ്പോലെ (മോഹൻലാൽ) വില്ലീസ് ജീപ്പിലൊന്ന് ഞെളിഞ്ഞിരിക്കണം. ആ മോഹം ഇന്നലെയാണ് പൂവണിഞ്ഞത്. കൊല്ലം നെടുമൺകാവ് സ്വദേശി അമൃതേഷിന് നെടുമ്പള്ളി ജീപ്പ് സ്വന്തം!.
ഏയ് ഓട്ടോ സിനിമയിലെ 'സുന്ദരി' ഓട്ടോയുടെ മാതൃക നിർമ്മിച്ച് നവമാദ്ധ്യമങ്ങളിലെ താരമായ ഇടുക്കി ജില്ലാ ആശുപത്രിയിലെ മെയിൽ നഴ്സ് തൊടുപുഴ വെള്ളിയാമറ്റം മൂത്തേടത്തുപറമ്പിൽ അരുൺകുമാർ പുരുഷോത്തമനാണ് അമൃതേഷിന് നെടുമ്പള്ളി ജീപ്പിന്റെ ചെറുപതിപ്പ് നിർമ്മിച്ച് സമ്മാനിച്ചത്. ഇന്നലെ ഉച്ചയോടെ അരുൺകുമാറും ഭാര്യ ആര്യയും മക്കളായ കേശിനിയും മാധവും ചേർന്ന് നെടുമൺകാവിലെത്തിയാണ് ജീപ്പ് കൈമാറിയത്.
മുൻപ് ആശുപത്രിയിലേക്കുള്ള ഉപകരണങ്ങൾ നിർമ്മിച്ച് നൽകിയും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. ഓട്ടോയും ബൈക്കുമടക്കം ഒട്ടേറെ കൗതുകങ്ങൾ ഇതിനകം നിർമ്മിച്ചു. യുട്യൂബിലൂടെയാണ് അമൃതേഷ് അരുൺകുമാറിന്റെ സുന്ദരി ഓട്ടോ കണ്ടത്. പിന്നെ നമ്പർ തപ്പിയെടുത്ത് വിളിച്ചു. തന്റെ ആഗ്രഹം അറിയിച്ചപ്പോൾ സന്തോഷത്തോടെ അരുൺകുമാർ സംഗതിയേറ്റു. എട്ടുമാസത്തെ പരിശ്രമത്തിന്റെ ഫലമായി സിനിമയിൽ കണ്ട അതേ ജീപ്പിന്റെ മിനി പതിപ്പ് നിർമ്മിച്ചെടുത്തു. വെറും വെറും കളിപ്പാട്ടമല്ല, ചാർജ് ചെയ്താൽ മൂന്നുമണിക്കൂർവരെ ഓടുന്ന ഒന്നാന്തരം ജീപ്പ്. അമൃതേഷ് വലിയ ത്രില്ലിൽ ജീപ്പോടിക്കുകയാണ്.
 കളിപ്പാട്ടമല്ല, ശരിക്കും വില്ലീസ്
നവമാദ്ധ്യമ സുഹൃത്തുക്കളാണ് ജീപ്പ് നിർമ്മിക്കാനുള്ള സാമ്പത്തിക സഹായം അരുൺകുമാറിന് നൽകിയത്. കാൽ ലക്ഷം രൂപയാണ് ചെലവ്. ബലമുള്ള തകിടുകൊണ്ടാണ് ബോഡി നിർമ്മിച്ചത്. ജി.ഐ ആംഗ്ളയർ പൈപ്പ് വെൽഡ് ചെയ്ത് പ്ളാറ്റ്ഫോം ഒരുക്കി. സാധാരണ ജീപ്പുകളുടെ പ്ളേറ്റ് നാലായി മുറിച്ച് അതിൽ സ്‌പ്രിംഗ് നൽകി ഷോക് അബ്സോർബേഴ്സ് തയ്യാറാക്കി. മുന്നിൽ ഡ്രൈവർക്കായി ഒരു സീറ്റ്, പിന്നിൽ നീളത്തിലുള്ള സീറ്റുകൾ. ജീപ്പിന്റെ ഭാരം എഴുപത്തഞ്ച് കിലോയാണ്. റഗുലർ- ഫോഗ് ലാംപുകൾ, ഇൻഡിക്കേറ്ററുകൾ, പ്രത്യേകമായി രൂപകല്പന ചെയ്ത ടയറുകൾ, ടൂൾ കിറ്റ്, യു.എസ്.ബി ചാർജർ, ഫസ്റ്റ് എയ്ഡ് ബോക്സ് എന്നിവയുമുണ്ട്. സ്റ്റിയറിംഗ് സംവിധാനം പ്രത്യേകതരത്തിൽ തയ്യാറാക്കിയതാണ്. ന്യൂട്രൽ, റിവേഴ്സ് ഗിയറുകളാണുള്ളത്. 150 കിലോവരെ ജീപ്പിൽ കൊണ്ടുപോകാനുമാകും. 24 വോൾട്ട് ബാറ്ററി ചാർജിലൂടെയാണ് ജീപ്പ് ഓടുന്നത്. ഇതിന് ചാർജറും സജ്ജീകരിച്ചു.