
 വ്യാപനം തടയാൻ കർമ്മ പദ്ധതി
കൊല്ലം: മടത്തറയിലെ രണ്ട് സ്ഥാനാർത്ഥികൾക്കും അഞ്ചലിൽ പാർട്ടി പ്രവർത്തകർക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. സാമൂഹ്യഅകലം പാലിക്കാതെയുള്ള തിരഞ്ഞെടുപ്പ് പ്രചരണം കൊവിഡ് വ്യാപനം തീവ്രമാക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് പ്രത്യേക കർമ്മ പദ്ധതിക്ക് ആരോഗ്യ വകുപ്പ് രൂപം നൽകി.
വരും ദിവസങ്ങളിൽ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച പൊലീസുകാർ, പോളിംഗ് ഉദ്യോഗസ്ഥർ, ഇലക്ഷൻ ഏജന്റുമാർ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവരെ വ്യാപകമായി പരിശോധിക്കും. പ്രധാന മാർക്കറ്റുകൾ, ഹാർബറുകൾ എന്നിവിടങ്ങളിൽ പരിശോധന വ്യാപിപ്പിക്കും. അതിഥി തൊഴിലാളികൾ, അഗതി മന്ദിരങ്ങൾ, വൃദ്ധ മന്ദിരങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണം നടത്തും. ഇടവേളകളിൽ തുടർപരിശോധനകൾ നടത്തും. രോഗപകർച്ച സ്ഥിരീകരിക്കുന്നവരുടെ സമ്പർക്കപട്ടിക യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറാക്കി തുടർനടപടി സ്വീകരിക്കും. ജില്ലാതല പരിശോധന ടീം ആശുപത്രികളിലും സ്വകാര്യ ലാബുകളിലും ഇടയ്ക്കിടെ പരിശോധനകൾ നടത്തും. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് ആന്റിജൻ പരിശോധന നെഗറ്റീവാണെങ്കിലും നിശ്ചിത കാലയളവ് ക്വാറന്റൈൻ നിർദേശിക്കും.