
ശാസ്താംകോട്ട: പോരുവഴി ഗ്രാമപഞ്ചായത്തിന്റെ ഭരണം പിടിക്കുമെന്ന കണക്കുകൂട്ടലിലാണ് മൂന്ന് മുന്നണികളും. ശക്തമായ ത്രികോണ മത്സരത്തിന് വേദിയായ പോരുവഴി പഞ്ചായത്തിൽ ഇടത് ഭരണം അട്ടിമറിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫും ബി.ജെ പിയും. ഇടത് വിമതരുടെ കൂട്ടായ്മയായ ട്വന്റി-25 ചില വാർഡുകളിൽ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് വിലയിരുത്തലുകൾ.കഴിഞ്ഞ തവണ ആകെയുള്ള 18 സീറ്റിൽ ഒമ്പത് സീറ്റു നേടി എൽ.ഡി.എഫ് ഭരണം നേടിയ പഞ്ചായത്തിൽ നാലു സീറ്റ് നേടി ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി എൻ.ഡി.എ ആയിരുന്നു. രണ്ട് വീതം സീറ്റുകൾ നേടിയ എസ്.ഡി.പി.ഐയും സ്വതന്ത്രരുടെയും പിന്നിലായിരുന്നു ഒരംഗം മാത്രമുള്ള കോൺ ഗ്രസ്. കഴിഞ്ഞ തവണ കോൺഗ്രസ് പാർട്ടിയിലുണ്ടായിരുന്ന ഗ്രൂപ്പുപോരുകൾ ഇത്തവണ ഇല്ലെങ്കിലും ചില വാർഡുകളിലെ കോൺഗ്രസ് വിമതരുടെ സാന്നിദ്ധ്യം യു.ഡി.എഫിന് തലവേദനയാകും.കഴിഞ്ഞ അഞ്ചുവർഷക്കാലം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും സംസ്ഥാന സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളും ഭരണം നിലനിറുത്താൻ തുണയാകുമെന്ന പ്രതീക്ഷയിലാണ് ഇടത് ക്യാമ്പ്. കഴിഞ്ഞ തവണ നാല് സീറ്റുകൾ നേടിയ ബി.ജെ.പി ഇത്തവണ ഭരണം പിടിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ്.കഴിഞ്ഞ തവണ രണ്ട് സീറ്റുണ്ടായിരുന്ന എസ്.ഡി.പി.ഐ ഇത്തവണ സീറ്റ് വർദ്ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ്
" വലിയ ഭൂരിപക്ഷത്തോടെ ഇടതു മുന്നണി പോരുവഴി പഞ്ചായത്തിൽ ഭരണം നിലനിറുത്തും " ആർ.സുരാജ്
പ്രസിഡന്റ് എൽ.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി പോരുവഴി
" പോരുവഴി പഞ്ചായത്തിൽ ഇത്തവണ എൻ.ഡി.എ അധികാരത്തിലെത്തും " ബിജുകുമാർ പ്രസിഡന്റ്,
ബി.ജെ.പി പോരുവഴി പഞ്ചായത്ത് സമിതി
"കേന്ദ്ര കേരള സർക്കാരുകൾക്കെതിരെയുള്ള വിധിയെഴുത്താവും ഇത്തവണ ഉണ്ടാവുക.യു.ഡി എഫ് വലിയ ഭൂരിപക്ഷത്തോടെ ഭരണം പിടിക്കും" സുഹൈൽ അൻസാരി കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി