
മലപ്പുറം- ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റുചെയ്തിരുന്ന ഡിസ് പ്ളേഫോട്ടോകളിൽ ഇഷ്ടംതോന്നിയ ജാബിറൊരുക്കിയ ചതിക്കുഴിയിൽ വീണ കുട്ടികൾക്ക് നഷ്ടമായത് പണവും മാനവും. സ്പാനിഷ് കമ്പനിയിലെ മുന്തിയ ജോലിക്കാരനെന്ന വ്യാജേന പെൺകുട്ടികളെ വശീകരിച്ച് പീഡനവും നഗ്നവീഡിയോ പ്രചാരണവും പതിവാക്കിയ ജാബിറിന്റെ അറസ്റ്റോടെ
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള നൂറ് കണക്കിന് പെൺകുട്ടികൾ ചതിക്കുഴിയിൽ വീഴാതെ രക്ഷപ്പെട്ടു.
പൊന്നാനി ടി.ബി ആശുപത്രിക്ക് സമീപം മാറാപ്പിന്റകത്ത് ജാബിറാണ് (21) കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വശീകരിച്ച് ലൈംഗിക ചൂഷണം നടത്തുകയും നഗ്ചിത്രങ്ങൾ വാങ്ങി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ ഇഷ്ടവിനോദം.
ഇൻസ്റ്റാഗ്രാം, ടിക് ടോക് തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ് ഫോമുകൾ വഴിയാണ് പ്രധാനമായും ഇയാൾ പെൺകുട്ടികളെ കെണിയിൽ വീഴ്ത്തിയിരുന്നത്.
ഇക്കഴിഞ്ഞ ഡിസംബർ ആറിന് വൈകുന്നേരം 16കാരിയായ അച്ഛനില്ലാത്ത പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ജാബിർ പിടിയിലായത്. ബന്ധുക്കൾ നൽകിയ പെൺകുട്ടിയുടെ ഫോൺ നമ്പരിൽ ബന്ധപ്പെട്ടപ്പോൾ ഫോൺ റിംഗ് ചെയ്തെങ്കിലും കോളെടുത്തില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി കോട്ടക്കൽ ചങ്കുവെട്ടി ജംഗ്ഷനിൽ ഉണ്ടെന്ന് വ്യക്തമായി. കൊണ്ടോട്ടി പൊലീസ് കോട്ടക്കൽ പൊലീസിന്റെ സഹായത്തോടെ പെൺകുട്ടിയെ കണ്ടെത്തി.
വനിതാ പൊലീസുകാരുടെ യുംബന്ധുക്കളുടെയും സാന്നിദ്ധ്യത്തിൽ വിശദമായി ചോദ്യം ചെയ്തതിൽ പെൺകുട്ടി ജാബിറിനൊപ്പം കോട്ടക്കുന്ന്, നിളാതീരം പാർക്ക്, കുറ്റിപ്പുറം പാലം മുതലായ സ്ഥലങ്ങളിൽ കറങ്ങാൻ പോയതായി വെളിപ്പെടുത്തി. കയ്യിലുണ്ടായിരുന്ന പണം തീർന്നപ്പോൾ യുവാവ് തന്നെ ചങ്കുവെട്ടിയിൽ ഉപേക്ഷിച്ചതാണെന്ന് പെൺകുട്ടി പറഞ്ഞു.
തന്റെ വലിയമ്മയുടെ ഫോൺ മുഖേനയാണ് കുട്ടി ഓൺ ലൈൻ ക്ലാസുകൾ ശ്രദ്ധിച്ചിരുന്നത്. ഇൻസ്റ്റാഗ്രാം പരിചയത്തിലൂടെ ജാബിർ തന്റെ ഇൻസ്റ്റഗ്രാമിലെ ഡിസ് പ്ളേ ഫോട്ടോ കണ്ട് അടുത്ത് പരിചയപ്പെട്ടതാണെന്നും പെൺകുട്ടി വ്യക്തമാക്കി.
തനിക്ക് സ്പാനിഷ് കമ്പനിയിലാണ് ജോലിയെന്നും ഇൻറർനെറ്റിൽ നഗ്ന വീഡിയോസ് അപ്ലോഡ് ചെയ്താൽ കമ്മിഷനായി തനിക്ക് ലക്ഷങ്ങൾ ലഭിക്കാറുണ്ടെന്നും യുവാവ് കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചു.
പെൺകുട്ടിയുടെ ശരീര ഭാഗങ്ങളുടെ നഗ്ന ഫോട്ടോ തനിക്ക് അയച്ചു തന്നാൽ തന്റെ കമ്പനിയുടെ വിദേശ സൈറ്റുകളിൽ ആരും അറിയാതെ അപ്ലോഡ് ചെയ്യാമെന്നും ബാങ്ക് അക്കൗണ്ടിൽ ക്യാഷ് ഇട്ട് തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച ജാബിർ കുട്ടിയെ കബളിപ്പിച്ച് ചിത്രങ്ങൾ വാങ്ങി. പെൺകുട്ടി പലതവണയായി തന്റെ നഗ്‌നഫോട്ടോ ജാബിറിന് അയച്ചിരുന്നു. പുറമെ ബന്ധുക്കളുടെയും കൂട്ടുകാരികളുടെയും ഫോൺ നമ്പറുകളും ഭീഷണിക്ക് വഴങ്ങി പെൺകുട്ടി ഇയാൾക്ക് അയച്ചു കൊടുത്തിരുന്നു.
കുട്ടിയുടെ ദൃശ്യങ്ങൾ കണ്ടുമടുത്ത പ്രതി പഠനം പൂർത്തിയായാൽ തന്റെ കമ്പനിയിൽ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് പെൺകുട്ടിയുടെ ആഭരണങ്ങളും സ്വന്തമാക്കി. പ്രതിയുടെ ഫോൺ പരിശോധിച്ചതിൽ 12നും 17നും ഇടയിൽ പ്രായമുള്ള നിരവധി പെൺകുട്ടികളുടെ വിലാസവും നഗ്നഫോട്ടോസും വീഡിയോസും പൊലീസ് കണ്ടെത്തി. മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച സൂചന ആധാരമാക്കി നടത്തിയ ചോദ്യം ചെയ്യലിൽ കൊണ്ടോട്ടി സ്വദേശിനിയായ 14 കാരിയെ അർദ്ധരാത്രി വീടിന്റെ സമീപമുള്ള ഒഴിഞ്ഞ പറമ്പിലേക്ക് കൂട്ടിക്കൊണ്ടുപോയി മാനഭംഗം ചെയ്തതായും പ്രതി സമ്മതിച്ചിട്ടുണ്ട്.
ടിക്ടോക്കിൽ പെൺകുട്ടി പാടിയ പാട്ടിന് ഡ്യൂയറ്റ് ആയി ജാബിറും പാടിയിരുന്നു. ഈ സൗഹൃദം മുതലെടുത്താണ് പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിക്കാനും പീഡിപ്പിക്കാനും ഇയാളെ പ്രേരിപ്പിച്ചത്. തന്നെ ഭീഷണിപ്പെടുത്തി നിരവധി നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ അയപ്പിച്ച് വിവിധ സൈറ്റുകളിലേക്ക് അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും കുട്ടി മൊഴി നൽകി.
തെക്കൻ ജില്ലകളിലെ 12 മുതൽ 18 വയസ്സുള്ള നിരവധി പെൺകുട്ടികളെ ഇയാൾ വലവീശി സൗഹൃദത്തിലാക്കിയിട്ടുണ്ട്. വിവിധ സോഷ്യൽ മീഡിയയിലെ ഗ്രൂപ്പുകളിൽ തിരഞ്ഞ് ഡിസ് പ്ളേഫോട്ടോ നോക്കിയാണ് ഇയാൾ പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നത്. ഇൻസ്‌പെക്ടർ കെ എം ബിജു, എസ്.ഐ വിനോദ് വലിയാറ്റൂർ എന്നിവരുടെ നേതൃത്വത്തിൽ പൊന്നാനി ബീച്ചിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ജാബിറിനെ റിമാന്റ് ചെയ്തു.