
തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് - റിവേഴ്സ് ഹവാല ഇടപാടുകളിൽ വ്യത്യസ്ത നിലകളിലുള്ള അന്വേഷണം മുറുകവേ ഡി.ജി.പി കസ്റ്റംസ് കമ്മിഷണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ദുരൂഹത.
കള്ളക്കടത്ത് ഹവാല ഇടപാടുകളിൽ മന്ത്രിമാരും സ്പീക്കറും ആരോപണ വിധേയരായ സാഹചര്യത്തിൽ ഇരുവരും തമ്മിൽ നടത്തിയ രഹസ്യകൂടിക്കാഴ്ചയാണ് സംശയങ്ങൾക്ക് ഇടയാക്കുന്നത്.
ഇന്നലെ ഉച്ചയോടെയാണ് കൊച്ചി കസ്റ്റംസ് ഹൗസ് കമ്മിഷണർ മുഹമ്മദ് യൂസഫുമായി സംസ്ഥാന പൊലീസ് മേധാവിയായ ലോക്‌നാഥ് ബെഹ്‌റ രഹസ്യ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയുടെ വിവരം പുറത്തായതോടെ കേരളത്തിൽ അന്വേഷണത്തിന് നേതൃത്വം നൽകുന്ന കസ്റ്റംസ്, ഇ.ഡി ഉദ്യോഗസ്ഥർ കേന്ദ്ര ധനകാര്യ മന്ത്രാലയത്തെ അതൃപ്തി അറിയിച്ചതായാണ് വിവരം. മുഖ്യമന്ത്രിയും സ്പീക്കറും നാല് മന്ത്രിമാരും ഉൾപ്പെടെ അന്വേഷണ പരിധിയിലായിരിക്കെ ബെഹ്റയുടെ കൂടിക്കാഴ്ചയെ കേരളത്തിലെ അന്വേഷണ ഉദ്യോഗസ്ഥർ അത്ര നിസ്സാരമായി കാണുന്നില്ല.
അന്വേഷണ വിവരങ്ങളും തെളിവുകളും ചോർന്നോയെന്ന സംശയവും അന്വേഷണ ഉദ്യോഗസ്ഥരിൽ പലരും രഹസ്യമായി പ്രകടിപ്പിക്കുന്നുണ്ട്. സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴികൾ രേഖപ്പെടുത്തുകയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കരനെ ആവർത്തിച്ച് ചോദ്യം ചെയ്യുകയും കുറ്റപത്രങ്ങൾ സമർപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബെഹ്റ കൊച്ചിയിലെത്തി കസ്റ്റംസ് കമ്മിഷണറെ കാണാൻ ഒരുമ്പെട്ടത്. ഹൈക്കോടതി ആവശ്യത്തിനെന്ന പേരിലാണ് സംസ്ഥാന പൊലീസ് മേധാവി ഇന്നലെ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് നിന്ന് കൊച്ചിയിലേക്ക് തിരിച്ചത്. ഹൈക്കോടതി സന്ദർശനത്തിനിടയ്ക്കാണ് ഉച്ചയോടെ കസ്റ്റംസ് കമ്മിഷണറുമായുള്ള കൂടിക്കാഴ്ച നടന്നത്.
കൂടിക്കാഴ്ച വിവാദമായെങ്കിലും സംഭവം നിഷേധിക്കാനോ അതിൽ വിശദീകരണം നൽകാനോ ഡി.ജി.പിയോ കൊച്ചിയിലെ കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണറോ തയ്യാറായിട്ടില്ല. അന്വേഷണത്തെ സ്വാധീനിക്കാനോ അന്വേഷണ പുരോഗതിയും തെളിവുകളും മനസിലാക്കുന്നതിനോ ഉള്ള തന്ത്രമാകാം പൊടുന്നനെയുള്ള സന്ദർശനത്തിന് പിന്നിലെന്നാണ് ഇപ്പോഴുയർന്നിട്ടുളള ആരോപണം.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ മൊഴി നൽകിയതുമായി ബന്ധപ്പെട്ട്
ജയിലിൽ വധഭീഷണിയുണ്ടെന്ന് കോടതിയെയും കസ്റ്റംസിനെയും സ്വപ്ന അറിയിച്ചിരിക്കെ ഇക്കാര്യത്തിൽ അന്വേഷണത്തിന് യാതൊരു നിർദേശവും നൽകാൻ കൂട്ടാക്കാതിരിക്കെയാണ് ഡി.ജി.പി കസ്റ്റംസ് കമ്മിഷണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുതിർന്നത്.
കേസിന്റെ മുന്നോട്ടുളള പോക്ക് മനസിലാക്കി സംശയനിഴലിലുള്ളവർക്ക് രക്ഷപ്പെടാനുള്ള പഴുതൊരുക്കുകയോ അല്ലെങ്കിൽ ശരിയായ വിധത്തിൽ മുന്നേറുന്ന അന്വേഷണം അട്ടിമറിക്കാനുളള കരുക്കൾ നീക്കുകയോ ആകാം കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.ഡി.ജി.പിയുമായി കൂടിക്കാഴ്ചയ്ക്ക് തുനിഞ്ഞ കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ഉയർന്നുകഴിഞ്ഞു. റിവേഴ്സ് ഹവാല ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെയും സരിത്തിനെയും ജയിലിൽ കൂടുതൽ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അനുമതി തേടിയിരുന്നു. മൂന്ന് ദിവസം ചോദ്യം ചെയ്യാനാണ് അനുമതി തേടിയത്. ചോദ്യം ചെയ്യുമ്പോൾ ജയിൽ ഉദ്യോഗസ്ഥർ സമീപത്തുണ്ടാകരുതെന്നും ഇ.ഡി ആവശ്യപ്പെട്ടു. കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കാനിരിക്കെ കസ്റ്റംസിന് കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ നടപടി.